ധ്യാനത്തെക്കുറിച്ച് മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ഏഴു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

'നിസ്സാര കാര്യങ്ങള്‍ക്കു ഞാന്‍ ക്ഷോഭിക്കാറുണ്ടായിരുന്നു' - ഇതു പറഞ്ഞതിനു ശേഷം ഇരുപത്തഞ്ചു വയസ്സുള്ള സുനീത് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, 'ക്രമേണ ഞാന്‍ എന്നെത്തന്നെ കൂടുതൽ  ക്ഷമയുള്ളവനായിത്തീരുന്നതായി കണ്ടെത്തി. എനിക്കിപ്പോള്‍ അത്രവേഗം സംയമനം നഷ്ടപ്പെടുന്നില്ല.'

കുറച്ചു മാസങ്ങളായി പതിവായി ചെയ്യുന്ന ധ്യാനപരിശീലനമാണ് ഈ മാറ്റത്തിനുള്ള കാരണമായി അദ്ദേഹം കാണുന്നത്. 'എനിക്കിത്രയേറെ മാറ്റമുണ്ടായതെങ്ങനെ എന്നു ഞാനത്ഭുതപ്പെടുന്നു. ഞാനിപ്പോള്‍ എന്‍റെ ധ്യാനം മികവുറ്റതാക്കിയെടുക്കാനുള്ള വഴികള്‍ തേടുകയാണ്', അദ്ദേഹം പറഞ്ഞു.

പതിവായി പരിശീലിക്കുന്നവര്‍ക്ക് ചില സംശയങ്ങളുമുണ്ടാകാറുണ്ട്. ദിവസേനയുള്ള ധ്യാനത്തിന്‍റെ അനുകൂലഫലങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെന്നിരിക്കിലും, ധ്യാനത്തെക്കുറിച്ചു പലപ്പോഴും ഉന്നയിക്കപ്പെടുന്ന പൊതുവായ ചില ചോദ്യങ്ങളുണ്ട്. നിങ്ങളുടെ പരിശീലനം മെച്ചപ്പെടുത്തുന്നതിനായി ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഇവിടെ നൽകുന്നു.

1. ചില നേരങ്ങളിൽ  എനിക്ക് അലസത തോന്നാറുണ്ട്, ചിലപ്പോഴെനിക്ക് ധ്യാനിക്കുന്നതിനിടയിൽ  ഞാനുറങ്ങിപ്പോകുമെന്നു തോന്നുന്നു. ഞാനെന്തു ചെയ്യണം?

മിതമായ തോതിൽ  ചില വ്യായാമങ്ങള്‍ ചെയ്തുകൊണ്ട് നിങ്ങള്‍ക്കു തുടങ്ങാം. ഈ വ്യായാമം നിങ്ങള്‍ക്ക് ഊര്‍ജം പകരുകയും ശരീരത്തിന്‍റെ അയവില്ലായ്മ ദൂരീകരിക്കുകയും ചെയ്യുന്നു. അതു നിങ്ങളെ അലസത അഥവാ ഉദാസീനത ഇല്ലാതാക്കുവാന്‍ സഹായിക്കും. നേരെ മറിച്ചുള്ള സ്ഥിതിയിൽ , അസ്വസ്ഥത കാരണം നിങ്ങള്‍ക്ക് അനങ്ങാതെ ഇരിക്കുവാന്‍ സാധിക്കാതെ വരികയാണെങ്കിൽ , ആ അസ്വസ്ഥതയെയും ശമിപ്പിക്കുവാന്‍ ലഘുവ്യായാമങ്ങള്‍ നിങ്ങളെ സഹായിക്കും.

2. പുറത്ത് ഒച്ചപ്പാടും ബഹളവുമുള്ളയിടത്ത് എന്‍റെ മനസ്സിനെ ശാന്തമാക്കിയെടുക്കുന്നതെങ്ങനെ?

സ്വീകാരമാണ് പോംവഴി, കാരണം, നിങ്ങള്‍ എതിര്‍ക്കുന്ന ഏതൊരു കാര്യവും വിടാതെ പിടിച്ചുനിൽക്കുന്നു. പുറത്തെ ബഹളത്തിനെതിരെ നിങ്ങള്‍ എത്രയധികം പോരാടുന്നുവോ, അത്രയും അധികതരത്തിൽ  നിങ്ങള്‍ക്കതിനെ ഒഴിവാക്കുവാനുള്ള ആഗ്രഹമുണ്ടാകുന്നു - അത്രയേറെ അതു നിങ്ങളെ ശല്യപ്പെടുത്തുന്നു. ഒരിക്കൽ സ്വീകരിച്ചുകഴിഞ്ഞാൽപ്പിന്നെ അതു നിങ്ങളെ ബുദ്ധിമുട്ടിക്കുന്നതു നിര്‍ത്തും. ആയതിനാൽ  നിങ്ങള്‍ക്കു ചുറ്റും നടക്കുന്ന ശബ്ദകോലാഹലങ്ങളെക്കുറിച്ചു ബോധവാനായിരുന്നുകൊണ്ട് അവയെ സ്വീകരിക്കുക.

3. എനിക്ക് അനായാസമായി ധ്യാനത്തിൽ  മുഴുകാന്‍ കഴിയുമോ?

ധ്യാനത്തിനായുള്ള മൂന്നു സുവര്‍ണനിയമങ്ങള്‍ ഗുരുദേവ് പറഞ്ഞുതരുന്നുണ്ട്.

ഞാന്‍ യാതൊന്നുമല്ല: നമ്മള്‍ നമ്മെത്തന്നെ പ്രധാനിയോ അപ്രധാനിയോ സമ്പന്നനോ ദരിദ്രനോ ബുദ്ധിശാലിയോ ആയി കരുതുകയാണെങ്കിൽപ്പിന്നെ, നമുക്കു ധ്യാനം ചെയ്യുവാനാവില്ല. ധ്യാനമെന്നത് ഈ സാരൂപ്യങ്ങളെയെല്ലാം കവിഞ്ഞുനിൽക്കുന്ന ഒന്നാണ്. ധ്യാനത്തിലിരിക്കുമ്പോള്‍ യാതൊന്നുമല്ലാതിരിക്കുന്നതിന്‍റെ സ്വാതന്ത്ര്യം നമുക്കനുഭവപ്പെടുന്നു.

ഞാന്‍ യാതൊന്നും ചെയ്യുന്നില്ല: അടുത്ത ഇരുപതു മിനിറ്റു നേരത്തേക്ക് യാതൊന്നും ചെയ്യാതിരിക്കുക. യാതൊന്നിനുമേലും ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുക, മനസ്സിനെ യാതൊരുവിധ ചിന്തകളിലും കേന്ദ്രീകരിക്കാതിരിക്കുക - നല്ലതായാലും ചീത്തയായാലും. അവ വരികയും പോവുകയും ചെയ്തുകൊള്ളട്ടെ. ചിന്തകളെ സ്വാഗതം ചെയ്യുകയോ പ്രതിരോധിക്കുകയോ ചെയ്യാതിരിക്കുക.

എനിക്കു യാതൊന്നും ആവശ്യമില്ല: അടുത്ത ഇരുപതു മിനിറ്റു നേരത്തേക്ക് 'എനിക്കു യാതൊന്നും ആവശ്യമില്ല' എന്നു പറയുക. നിങ്ങളുടെ മോഹങ്ങളെ ദൂരെ മാറ്റിനിര്‍ത്തുക.

4. ആഹാരം ധ്യാനത്തെ സ്വാധീനിക്കുന്നുണ്ടോ?

'നിങ്ങളെന്താണോ ഭക്ഷിക്കുന്നത്, അതാണു നിങ്ങള്‍' എന്നാണു പൊതുവെ പറയപ്പെടുന്നത്. ആഹാരശീലങ്ങളിൽ  ശ്രദ്ധ വെക്കുന്നതും കൂടുതൽ  നല്ല ധ്യാനാനുഭവമുണ്ടാകുവാനുള്ള ഒരു മാര്‍ഗമാക്കാം. നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്‍റെ ഇനത്തിന് നമ്മുടെ മനസ്സിന്മേ  ആഴമേറിയ സ്വാധീനമുണ്ട്. പൊരിച്ചതും എണ്ണമയമുള്ളതും മസാലകള്‍ നിറഞ്ഞതുമായ ഭക്ഷണം അധികമായി കഴിച്ചാൽ  ധ്യാനസമയത്തു നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നിയെന്നു വരാം. പഴകിയതും പുളിച്ചതും ടിന്നുകളിൽ  അടക്കംചെയ്തതും സസ്യേതരവുമായ ആഹാരം കഴിച്ചാൽ  നിങ്ങള്‍ക്ക് മുഷിപ്പും ബുദ്ധിമാന്ദ്യതയും തോന്നിയേക്കാം. അപ്പപ്പോള്‍ പാകം ചെയ്ത ആഹാരം കഴിക്കുകയും വയറിനെ ഭാരം കുറഞ്ഞതാക്കി വെക്കുകയും ചെയ്യുന്നതാണ് ഏറ്റവും നല്ലത്.

5. കൂടുതൽ  ആഴ്ന്നിറങ്ങിച്ചെല്ലുന്നതിനായി എനിക്ക് എന്‍റെ മന്ത്രമുപയോഗിക്കാമോ?

ഉപയോഗിക്കാം. നിങ്ങളുടെ മന്ത്രത്തിന്‍റെ സഹായത്തോടെ ധ്യാനമഭ്യസിക്കുന്നത് നിങ്ങളെ കൂടുതൽ  ആഴ്ന്നിറങ്ങിച്ചെല്ലുവാന്‍ സഹായിക്കുന്നതു കൂടാതെ അനായാസമായി നിങ്ങളെ ധ്യാനത്തിൽ  ആമഗ്നമാക്കുകയും ചെയ്യുന്നു. മന്ത്രത്തിന് മനസ്സിലെ സകല മുദ്രണങ്ങളെയും തുടച്ചുനീക്കുവാനുള്ള പ്രാപ്തിയുണ്ട്. അതു നിങ്ങളെ ശുദ്ധവും ഊര്‍ജസ്വലവും സചേതനവുമാക്കുന്നു. നിങ്ങളുടെ അടുത്ത് ഇനി തുടങ്ങാന്‍ പോകുന്ന സഹജ് സമാധി ധ്യാന കോഴ്സിനെപ്പറ്റി അനേഷിച്ചറിഞ്ഞ് അവിടെ വെച്ചു നിങ്ങള്‍ക്ക് നിങ്ങളുടെ മന്ത്രം സ്വീകരിക്കാം.

6. ഞാന്‍ എല്ലായ്പ്പോഴും ഒറ്റയ്ക്കാണോ ധ്യാനം ചെയ്യേണ്ടത്?

അതിനു നേര്‍വിപരീതമായി, ധ്യാനം ചെയ്യുന്നവരുടെ ഒരു സംഘം രൂപീകരിക്കുക എന്നത് നല്ലൊരാശയമാണ്. സാധാരണയായി നമ്മള്‍ ഒരുപാടു സംഘങ്ങളുടെയും സമിതികളുടെയും ഭാഗമാണല്ലോ. അപ്പോള്‍പ്പിന്നെ എന്തുകൊണ്ടു ധ്യാനം ചെയ്യുന്നവരുടെ ഒരു സംഘമുണ്ടാക്കിക്കൂടാ? ഒന്നിച്ചിരുന്നു ധ്യാനിക്കുകയും ധ്യാനത്തിന്‍റെ സദ്ഫലങ്ങള്‍ അന്യോന്യം പങ്കുവെക്കുകയും ചെയ്യുന്നവരുടെ ഒരു സംഘം. ഒരു സംഘമായിരുന്നു നിങ്ങള്‍ ധ്യാനം ചെയ്താൽ  അതിന്‍റെ ഫലപ്രാപ്തി ബഹുവിധമാണ്. സംഘം നിങ്ങളെ ധ്യാനപരിശീലനം തുടര്‍ന്നുകൊണ്ടിരിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമെന്നു മാത്രമല്ല, നിങ്ങളുടെ ധ്യാനത്തിന്‍റെ പതിവ് ഊഴം വിട്ടുപോകാനുള്ള സാധ്യതയും കുറയുന്നു.

7. ആഴത്തിലിറങ്ങിച്ചെല്ലുന്നതിനായി എനിക്കു മറ്റെന്തൊക്കെ ചെയ്യാന്‍ കഴിയും?

പരിശീലനത്തെ മാനിക്കുക എന്നത് പ്രധാനമാകുന്നു. ഇതിനര്‍ത്ഥം ധ്യാനാചാര്യനിലും അനുഷ്ഠാനരീതിയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട് പതിവായി പരിശീലിക്കുക എന്നാണ്. അനുഷ്ഠാനരീതി നിങ്ങള്‍ക്ക് ഫലവത്താകുന്നുണ്ടെന്നു വിശ്വസിക്കുക, കൂടാതെ അവനവനിൽ  വിശ്വാസമുണ്ടായിരിക്കുക. 

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറിന്‍റെ ജ്ഞാനപ്രഭാഷണങ്ങളാ  പ്രചോദിതം.