പതഞ്ജലി യോഗസൂത്രം: ശ്രീ ശ്രീ യുടെ വ്യാഖ്യാനം

നമുക്ക് ഒരു കഥയില്‍ നിന്ന് തുടങ്ങാം. ഇതാണ് മഹത്തരവും ഏറ്റവും ഫലപ്രദവുമായ രീതിയില്‍ ജ്ഞാനം എത്തിക്കാനുള്ള മാര്‍ഗ്ഗം.


പണ്ട് പണ്ട് ഒരിക്കല്‍ മുനിമാരും ഋഷിമാരുമെല്ലാം മഹാവിഷ്ണുവിനെ സമീപിച്ചു. ധന്വന്തരിയായി അവതരിച്ച അദ്ദേഹം ആയുര്‍വ്വേദം വഴി രോഗം മാറ്റാനുള്ള വഴികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആളുകള്‍ രോഗികളായി തീരുന്നു എന്ന പരാതി പറയാനാണ് അവര്‍ എത്തിയത്.

ചില സമയത്ത് ശാരീരിക രോഗങ്ങളെ മാത്രമല്ല, മാനസികവും വൈകാരികവുമായ രോഗങ്ങളെയും നേരിടേണ്ടി വരും. കോപം, കാമാസക്തി, അത്യാര്‍ത്ഥി, അസൂയ- എങ്ങനെയാണ് ഈ മാലിന്യങ്ങളില്‍ നിന്ന് മുക്തരാകുക..
എന്താണതിനുള്ള പ്രമാണ സൂത്രം?

വിഷ്ണു സര്‍പ്പമെത്തയില്‍ ശയിക്കുകയായിരുന്നു. ആയിരം തലയുള്ള ആദിശേഷനാണ് ആ സര്‍പ്പം. തന്നെ സമീപിച്ച ഋഷിമാര്‍ക്ക് അദ്ദേഹം, അവബോധത്തിന്റെ പ്രതീകമായ ആദിശേഷനെ നല്‍കി. അദ്ദേഹമാണ് ഭൂമിയില്‍ പതഞ്ജലിയായി ജന്മമെടുത്തത്.

അങ്ങനെ പതഞ്ജലി [1565:യോഗയുടെ ഈ ജ്ഞാനം നല്‍കാന്‍വേണ്ടി ഈ ഭൂമിയിലെത്തി. ഈ ജ്ഞാനമാണ് പതഞ്ജലി യോഗസൂത്രം.

ആയിരം പേര്‍ ഒന്നിച്ചുകൂടിയാല്‍ മാത്രമേ യോഗസൂത്രങ്ങളെക്കുറിച്ച് താന്‍ സംസാരിക്കുകയുള്ളൂവെന്ന് പതഞ്ജലി പറഞ്ഞു. അങ്ങനെ വിന്ധ്യപര്‍വ്വതത്തിന്റെ തെക്കുഭാഗത്ത് അദ്ദേഹത്തിന്റെ ജ്ഞാനം കേള്‍ക്കാന്‍ 1000 പേര്‍ ഒത്തുകൂടി.

മറ്റൊരു വ്യവസ്ഥയും പതഞ്ജലി മുന്നോട്ടു വച്ചു. തന്റെയും വിദ്യാര്‍ത്ഥികളുടെയും ഇടയ്‌ക്ക്‌ ഒരു തിരശ്ശീല കെട്ടി മറയ്‌ക്കണമെന്ന് അദ്ദേഹം പറഞ്ഞു. തിരശ്ശീല ഉയര്‍ത്താനോ, പുറത്തുപോകാനോ വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദവുമില്ലായിരുന്നു. അദ്ദേഹം പറഞ്ഞുതീരുന്നതുവരെ എല്ലാവരും അവിടെത്തന്നെ ഇരിക്കണമെന്നതും നിര്‍ബന്ധമായിരുന്നു.

തിരശ്ശീലയ്‌ക്ക്‌ പിന്നില്‍ ഇരുന്നുകൊണ്ട് 1000 പേര്‍ക്കു പതഞ്ജലി ജ്ഞാനം പകര്‍ന്നു, ഓരോരുത്തരും ജ്ഞാനം ഉള്‍ക്കൊള്ളുകയും ചെയ്തു. ഒരത്ഭുത പ്രതിഭാസം തന്നെയായിരുന്നു അത്! എങ്ങനെയാണ് തങ്ങള്‍ക്ക് ജ്ഞാനം ലഭിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ക്കു പോലും മനസ്സിലായില്ല. തിരശ്ശീലയ്‌ക്ക്‌ പിന്നില്‍ ഒരക്ഷരം പോലും ഉരിയാടാതെ ഇരുന്നുകൊണ്ട് എങ്ങനെയാണ് അവര്‍ക്കോരോരുത്തര്‍ക്കും ഗുരു ജ്ഞാനം മനസ്സിലാക്കിക്കൊടുത്തതെന്ന് അവര്‍ക്ക് വിശ്വസിക്കാനായില്ല.

എല്ലാവരും വിസ്മയഭരിതരായി. അവര്‍ക്കോരോരുത്തര്‍ക്കും താങ്ങാനാവാത്ത വിധത്തില്‍ അവരില്‍ ഊര്‍ജ്ജത്തിന്റെയും ഉത്സാഹത്തിന്റെയും സ്‌ഫോടനമാണ് ഉണ്ടായത്. എന്നിട്ടും അവര്‍ അച്ചടക്കം പാലിച്ചു.

ഒരു കുട്ടിക്ക് പ്രകൃതിയുടെ വിളി കാരണം പുറത്തേക്കു പോകേണ്ടി വന്നു. അവന്‍ പുറത്തേക്കു പോയി. പതുക്കെപോയി, പതുക്കെവരാമെന്നായിരുന്നു അവന്റെ വിചാരം. മറ്റൊരാള്‍ക്ക് കൗതുകം തോന്നി. ഗുരു എന്താണാവോ തിരശ്ശീലയ്‌ക്ക്‌ പിന്നില്‍ ചെയ്യുന്നത്. എനിക്കൊന്നു കാണണം. അവന്‍ വിചാരിച്ചു.


അവന്‍ തിരശ്ശീല പൊക്കിനോക്കിയോ? അടുത്ത ബുധനാഴ്ച, അടുത്ത പതഞ്ജലി ജ്ഞാനശലകത്തില്‍ നിന്ന് അറിയുക.

ഈ കഥയില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച അര്‍ത്ഥം എന്താണ്?

ഈ കഥയ്‌ക്ക്‌ ഒരുപാട് ആഴമുണ്ട്. പുരാണങ്ങള്‍ ഒരു വിശദീകരണവും നല്‍കാറില്ല. അവ ഒരു കഥ തരുന്നു. നമ്മളാണ് അര്‍ത്ഥം, പൂട്ട് തുറന്ന് കണ്ടെത്തേണ്ടത്. അതുകൊണ്ട് എന്താണ് നിങ്ങള്‍ക്ക് കണ്ടുപിടിക്കാനുള്ളത്?

  • ഒരക്ഷരം പോലും ഉരിയാടാതെ എങ്ങനെയാണ് ഗുരു ജ്ഞാനം എല്ലാവരിലേക്കും എത്തിച്ചത്?
  • തിരശ്ശീലയുടെ പ്രസക്തി എന്താണ്?

Story of Patanjali Part 1>>