ചിലർ വളരെ അധികം കഠിനാധ്വാനം ചെയ്യുന്നു എന്നിട്ടും ജീവിതത്തിൽ വിജയിക്കുകയില്ല.. നിങ്ങൾക്ക് ചുറ്റും ഇത് സംഭവിക്കുന്നത് കണ്ടിട്ടുണ്ടോ? അവരിൽ ഒരു ഘടകത്തിന്റെ അഭാവമാണ് ഇതിന്റെ കാരണം.നമ്മുടെ ഉള്ളിൽ ദുർബലമായ ഒരു സ്‌പന്ദനം ഉണ്ട്; ഒരു നിഷേധാത്മക സ്‌പന്ദനം. ഈ നിഷേധാത്മക സ്‌പന്ദനം ഇല്ലാതാക്കാൻ ധ്യാനം ആവശ്യമാണ്.
പ്രചോദനം
ശരീരത്തിലെ ഊർജ്ജം വർദ്ധിപ്പിക്കാൻ ധ്യാനം സഹായിക്കുന്നു. ജീവശക്തി വർദ്ധിക്കുന്നു, ബുദ്ധിശക്തിക്ക് മൂർച്ച കൂടുന്നു, മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകൾ കൂടുതൽ സുഖകരമാകുന്നു. നമ്മൾ എങ്ങനെ സംസാരിക്കുന്നു എന്നതിൽ നമുക്ക് കൂടുതൽ നിയന്ത്രണം ലഭിക്കും. മനസ്സിന്റെ സങ്കൽപ ശക്തി ദൃഢമാകുന്നു . ധ്യാനം നിങ്ങളുടെ വിധി തന്നെ മാറ്റുന്നു!
നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാൻ ധ്യാനം സഹായിക്കുന്നു, അതിലൂടെ നിങ്ങളുടെ വ്യക്തിത്വവും. നിങ്ങൾ കൂടുതൽ ശാന്തനായും, ശക്തനും, എന്നാൽ കൂടുതൽ ദയയുള്ളവനും, അനുകമ്പയുള്ളവനുമായി മാറുന്നു. നിങ്ങൾ കാര്യങ്ങൾ കാണുന്ന രീതി ഇത് മെച്ചപ്പെടുത്തുന്നു. ഇത് മനസ്സിൽ വ്യക്തത കൊണ്ടുവരുന്നു. ചുറ്റുമുള്ള ആളുകളുമായുള്ള നിങ്ങളുടെ ഇടപെടലുകൾ – നിങ്ങൾ എന്താണ് പറയുന്നത്, വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെ.
പ്രവർത്തിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നിവ ഇത് മെച്ചപ്പെടുത്തുന്നു. ദിവസവും ഏതാനും നിമിഷങ്ങൾ ധ്യാനിച്ചാൽ, ദൈവികമായ സ്നേഹം നമ്മളിൽ ചൊരിയുന്നത് നമുക്ക് അനുഭവിക്കാൻ കഴിയും. ജ്ഞാനം, തിരിച്ചറിവ്, സ്നേഹം – ഈ മൂന്ന് ഘടകങ്ങൾ ജീവിതത്തിൽ അത്യാവശ്യമാണ്. ആരും വിരസവും നിർജീവവും ആയ ജീവിതം ആഗ്രഹിക്കുന്നില്ല. എല്ലാവരും ആഗ്രഹിക്കുന്നത് അല്പം രസം നിറഞ്ഞ ഒരു ജീവിതമാണ്, ആ രസം(സത്ത്) സ്നേഹമാണ്.
ധ്യാനം , ചുറ്റുമുള്ള ആളുകളുമായുള്ള നിങ്ങളുടെ ഇടപെടലുകളെ മെച്ചപ്പെടുത്തുന്നു – നിങ്ങൾ എന്താണ് പറയുന്നത്, വ്യത്യസ്ത സാഹചര്യങ്ങളിൽ നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു, പ്രതികരിക്കുന്നു, എന്നീ കാര്യങ്ങൾ.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
വിജയത്തിലെ ഒരു വഴിത്തിരിവ് (നാഴികക്കല്ല്)
നമ്മളിൽ സകാരാത്മക ഊർജം ഉണ്ടാകുന്നതുവരെ, അല്ലെങ്കിൽ നിഷേധാത്മകത നിറഞ്ഞിരിക്കുമ്പോൾ, നമുക്ക് സ്നേഹത്തെ അതിന്റെ യഥാർത്ഥ രൂപത്തിൽ അനുഭവിക്കാൻ കഴിയില്ല. നമുക്ക് സ്നേഹത്തെ അതിന്റെ വികലമായ രൂപങ്ങളിൽ, അതായത് കോപം, വെറുപ്പ്, അസ്വസ്ഥത എന്നിവയിൽ മാത്രമേ അനുഭവിക്കാൻ കഴിയൂ. അതുവരെ സ്നേഹം ഈ വികലമായ രൂപങ്ങളിൽ പ്രകടമാകും.
അതുകൊണ്ട് മനസ്സിനെ ഈ വൈകല്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കുന്ന രീതി നമ്മൾ പഠിക്കണം. മനസ്സ് ഈ വികലതകളിൽ നിന്ന് മുക്തമായാൽ, ജീവിതത്തിലെ എല്ലാം ശരിയായ സ്ഥാനത്ത് വരാൻ തുടങ്ങും. ഇത് വ്യക്തിഗത തലത്തിലാണ്.
രാവിലെ ഉണർന്നതിനുശേഷം, ജോലി ആരംഭിക്കുന്നതിന് മുമ്പ്, പത്തു നിമിഷം ഇരിക്കുക. വൈകുന്നേരം എല്ലാ ജോലികളും പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയ ശേഷം നാമെല്ലാവരും ഭക്ഷണം കഴിക്കുന്നു. എന്നാൽ അത്താഴത്തിന് മുമ്പ്, അൽപ്പനേരം ഇരുന്ന് ഉള്ളിലേക്ക് ആഴത്തിൽ പോയി സ്വയം വിശ്രമിക്കുക. അപ്പോൾ കാര്യങ്ങൾ മാറാൻ തുടങ്ങും.
മനസ്സിലൂടെ മെച്ചപ്പെട്ട ശാരീരിക ആരോഗ്യം
ഇന്നത്തെ സാഹചര്യങ്ങളിലും ജീവിതശൈലിയിലും ധ്യാനം വളരെ ഉപയോഗപ്രദമാണ്. ഇന്ന് നമുക്ക് സംതൃപ്തി നൽകുന്നതും നമ്മുടെ ജോലിയിൽ നമ്മെ സഹായിക്കുന്നതുമായ എന്തെങ്കിലും ഉണ്ടെങ്കിൽ അത് ധ്യാനവും വിശ്വാസവുമാണ്.
ഈ നാല് സൂത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് എളുപ്പത്തിൽ ആഴത്തിലുള്ള ധ്യാനത്തിലേക്ക്, സമാധിയിലേക്ക് വഴുതിവീഴാൻ കഴിയും. അത് ഇവയാണ്: ദിവ്യത്വം സർവ്വത്ര ഉള്ളതാണ് (സർവ്വവ്യാപി); സർവ്വദാ (ശാശ്വതം) ഉള്ളതാണ്; എല്ലാവർക്കും അവകാശപ്പെട്ടതാണ്; സർവ്വശക്തവുമാണ്. ദിവ്യത്വം എനിക്ക് വേണ്ടിയാണ്.
ഈ അവബോധത്തോടെ രാവിലെയും വൈകുന്നേരവും ഏതാനും മിനിറ്റ് വിശ്രമിക്കാനും ധ്യാനിക്കാനും നാം ശീലിച്ചാൽ, അത്ഭുതങ്ങൾ സംഭവിക്കാൻ തുടങ്ങുന്നതും സംഭവിച്ചുകൊണ്ടിരിക്കുന്നതും നമുക്ക് കാണാൻ കഴിയും. ഇതാണ് വിശ്വാസം. കാണാൻ കഴിയാത്തതും എന്നാൽ നിലനിൽക്കുന്നതുമായതിലുള്ള വിശ്വാസം.
നമുക്ക് സംതൃപ്തി നൽകുന്ന, നമ്മുടെ ജോലിയിൽ നമ്മെ സഹായിക്കുന്ന എന്തെങ്കിലും ഇന്ന് ഉണ്ടെങ്കിൽ, അത് ധ്യാനവും വിശ്വാസവുമാണ്.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഗവേഷണങ്ങൾ കാണിക്കുന്നത്, നമ്മൾ എട്ട് ആഴ്ചത്തേക്ക് ഒരു ദിവസം രണ്ടുതവണ 20 മിനിറ്റ് ധ്യാനിച്ചാൽ നമ്മുടെ തലച്ചോറിലെ ഗ്രേ മാറ്റർ വർദ്ധിക്കുകയും തലച്ചോറിന്റെ ഘടന മാറുകയും ചെയ്യുന്നു എന്നാണ്. ഇന്ന്, ഓരോ രണ്ട് സെക്കൻഡിലും, സമ്മർദ്ദം കാരണം നമുക്ക് ഈ ഈ ഭൂമിയിൽ ഏഴ് ജീവൻ നഷ്ടപ്പെടുന്നു. അത് ഒഴിവാക്കാനാകും. സമ്മർദ്ദം ഒഴിവാക്കാനുള്ള മാർഗം ധ്യാനമാണ്.
ഹൃദയംഗമമായ ആശയവിനിമയത്തിന്
ആളുകൾക്കിടയിൽ വിശ്വാസമുള്ളപ്പോൾ ആശയവിനിമയം നടക്കുന്നു. വിശ്വാസം തകരുമ്പോൾ ആശയവിനിമയം തകരുകയും അത് ദുരന്തങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. ഒരു കുടുംബത്തിലായാലും, ബന്ധത്തിലായാലും, ബിസിനസ്സിലായാലും, രാജ്യങ്ങൾക്കിടയിലായാലും, മൂന്ന് കാര്യങ്ങൾ പ്രധാനമാണ്: ആശയവിനിമയം, ആശയവിനിമയം, ആശയവിനിമയം. മൂന്നു തലങ്ങളിലുള്ള ആശയവിനിമയങ്ങൾ ഉണ്ട്: ബുദ്ധിയുടെ തലത്തിൽ, ഹൃദയത്തിന്റെ തലത്തിൽ, പിന്നെ ആത്മാവിന്റെ തലത്തിൽ നിന്നും ഉള്ള ആശയവിനിമയം. ആത്മാവ് ആത്മാവിനോട് നടത്തുന്ന ആശയ വിനിമയമാണ് ധ്യാനം.
നമുക്ക് എങ്ങനെ സമാധാനം സൃഷ്ടിക്കുന്നവരാകാം?
ഉള്ളിൽ സമാധാനമില്ലെങ്കിൽ ബാഹ്യ സമാധാനം ഉണ്ടാകില്ല. ധ്യാനം ആന്തരിക സമാധാനം ഉറപ്പാക്കുന്നു. ആന്തരിക സമാധാനമുണ്ടെങ്കിൽ, നിങ്ങൾക്ക് പുറത്തും സമാധാനം കൈവരിക്കാൻ കഴിയും. നിങ്ങൾ അസ്വസ്ഥനും നിരാശനുമാണെങ്കിൽ, നിങ്ങൾക്ക് പുറത്തും സമാധാനം സൃഷ്ടിക്കാൻ കഴിയില്ല.
വാക്കുകൾ കൊണ്ട് മാത്രമല്ല സമാധാനം ഉണ്ടാകുന്നത്. സമാധാനം ഒരു സ്പന്ദനമാണ്. ഉള്ളിൽ ശാന്തതയും പ്രസന്നതയും ഉണ്ടാകുമ്പോൾ, നിങ്ങളുടെ ശക്തി പലമടങ്ങ് വർദ്ധിക്കും. നിങ്ങൾ ശക്തനാകുമ്പോൾ, നിങ്ങൾക്ക് എവിടെയും കയറിച്ചെന്നു സമാധാനത്തെക്കുറിച്ച് സംസാരിക്കാം. ധ്യാനം നിങ്ങൾക്ക് ആന്തരിക ശക്തി നൽകുന്നു, അത് നിങ്ങൾക്ക് ചുറ്റും ശാന്തമായ സ്പന്ദനങ്ങൾ പരത്തുന്നു. അതുകൊണ്ടാണ് സമാധാനത്തിന് ധ്യാനം അത്യാവശ്യമായിരിക്കുന്നത്.
ധ്യാനം വ്യക്തിയിലും അവന്റെ അല്ലെങ്കിൽ അവളുടെ പെരുമാറ്റത്തിലും നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നു. അത് സമാധാനത്തിന്റെ സ്പന്ദനങ്ങൾ പരത്തുന്നു. നിങ്ങൾ ധ്യാനം പരിശീലിക്കുന്ന ആളാകുമ്പോൾ, മറ്റുള്ളവരുടെ മനസ്സിനെ സ്വാധീനിക്കുന്ന സകാരാത്മകതയുടെയും സമാധാനത്തിന്റെയും സ്പന്ദനങ്ങൾ നിങ്ങൾ ചുറ്റും അയയ്ക്കുന്നു.
ശപിക്കാനുള്ള ശക്തിയെക്കുറിച്ച് സൂക്ഷിക്കുക
ധ്യാനം പരിശീലിക്കുന്ന ഒരാൾ വളരെ ശ്രദ്ധാലുവായിരിക്കണം. അവർ ആരെയും ഒരു സമയത്തും ശപിക്കരുത്. അവരുടെ സംസാരം കഴിയുന്നിടത്തോളം നിഷേധാത്മക വാക്കുകളിൽ നിന്ന് മുക്തമായിരിക്കണം.
ധ്യാനിക്കുമ്പോൾ, അനുഗ്രഹിക്കാനും ശപിക്കാനും ഉള്ള കഴിവ് നിങ്ങൾക്ക് ലഭിക്കും. ആദ്യം ശപിക്കാനുള്ള കഴിവ് വരുന്നു, പിന്നീട് അനുഗ്രഹിക്കാനുള്ള കഴിവ് വരുന്നു. എന്നാൽ ധ്യാനത്തിൽ നിന്ന് ലഭിക്കുന്ന നല്ല ഊർജ്ജത്തിന്റെ വലിയൊരു ഭാഗം ചില മോശം വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ പാഴായിപ്പോകും. ഇത് ചെയ്യുന്നത് വിവേകമുള്ള ഒരു കാര്യമല്ല. ധ്യാനം വളരെയധികം (ആത്മ)ശക്തി നൽകുന്നു.
യുദ്ധം ഒരു വ്യക്തിയുടെ മനസ്സിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ആരുടെയെങ്കിലും ഹൃദയത്തിൽ ക്ഷോഭം കൊണ്ടുയരുന്ന ഒരു ചോദ്യം ഉണ്ടാകുമ്പോൾ, അത് അക്രമമായും ആക്രമണമായും പുറത്തുവരുന്നു. ഈ ആക്രമണവും അക്രമവും വായുവിൽ നിന്ന് ഉത്ഭവിക്കുന്നില്ല. അത് മനുഷ്യരുടെ ഹൃദയങ്ങളിലും മനസ്സുകളിലുമാണ് ഉത്ഭവിക്കുന്നത്. അത് ആദ്യം വ്യക്തിയിൽ നിന്നാണ് ആരംഭിക്കുന്നത്, പിന്നീട് കുടുംബത്തിലേക്കും സമൂഹങ്ങളിലേക്കും വ്യാപിക്കുന്നു. പിന്നെ അത് കാട്ടുതീ പോലെ പ്രകാശിക്കുന്നു.
ഈ പ്രശ്നത്തിന്റെ മൂലകാരണം നാം പരിശോധിക്കേണ്ടതുണ്ട്. രോഗം പടരുമ്പോൾ അത് ജനങ്ങളില്ലാത്ത രാജ്യത്ത് പടരുന്നില്ല. രോഗം ജനങ്ങളിലാണ് ഉത്ഭവിക്കുന്നത്. അതുപോലെ, യുദ്ധം ആളുകളുടെ മനസ്സിലാണ് ഉത്ഭവിക്കുന്നത്.
ആൾക്കൂട്ട മനഃശാസ്ത്രം എന്നൊന്നുണ്ടെങ്കിൽ, അതായത്, ഒരു മനുഷ്യന്റെ കോപം നിരവധി ആളുകളെ ബാധിക്കുകയോ പിടികൂടുകയോ ചെയ്താൽ, ആൾക്കൂട്ട അക്രമം സംഭവിക്കാമെങ്കിൽ, ആൾക്കൂട്ട സമാധാനവും സംഭവിക്കാം. ആൾക്കൂട്ട അക്രമം ഒരാളുടെയോ രണ്ട് ആളുകളുടെയോ മനസ്സിൽ നിന്നാണ് ഉത്ഭവിക്കുന്നത്. പിന്നീട് അത് മുഴുവൻ സംഘത്തെയും ബാധിക്കും. സമാധാനത്തിന്റെ കാര്യത്തിലും ഇതുതന്നെ സംഭവിക്കാം.
ലോകം രണ്ട് വലിയ വെല്ലുവിളികളെ നേരിടുന്നു: ആക്രമണവും വിഷാദവും. ഒന്നുകിൽ ഒരാൾ ആക്രമണകാരിയായി സമൂഹത്തിൽ അക്രമം സൃഷ്ടിക്കുന്നു അല്ലെങ്കിൽ വിഷാദരോഗിയായി സ്വയം അക്രമം സൃഷ്ടിച്ച് ആത്മഹത്യയിലേക്ക് എത്തുന്നു. ഈ വെല്ലുവിളികൾക്കുള്ള ഉത്തരമാണ് ധ്യാനം.











