മലബന്ധത്തില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ യോഗ

ഇനിയും മറ്റൊരു ദിവസം! അതിനു കുറച്ചു വ്യത്യാസമുണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. ഇടയ്‌ക്കിടെ ഉണ്ടാകുന്ന വയറുവേദന ഇല്ല, മലവിസ്സര്‍ജ്ജനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നില്ല, ദിവസം മുഴുവന്‍ തലവേദനയും ഇല്ല – അങ്ങനെ ഒരു ദിവസം സാധ്യമാണോ? മലബന്ധത്തിന്റെ അനുഭവം തന്നെ ദിവസം മുഴുവന്‍ അസ്വസ്ഥത ഉണ്ടാക്കുന്നു. അതില്‍ നിന്ന് എങ്ങനെയെങ്കിലും മോചനം ലഭിക്കണേ എന്ന് ഞാന്‍ ശരിക്കും ആഗ്രഹിക്കുകയാണ്. 

നമ്മളില്‍ ചിലര്‍ ഇങ്ങനെ നമ്മളോട് തന്നെ സംസാരിക്കുന്നു; കാരണം മലബന്ധം എല്ലാ ദിവസത്തേയും അവസ്ഥയാണ്. നമ്മള്‍ പൊതുവായി അതിനെ ഒരു രോഗമായി കരുതുന്നു. എന്നാല്‍ ഇതൊരു രോഗലക്ഷണമാണ്; വസ്തി പ്രദേശത്തും വയറ്റിലും ഉണ്ടാകുന്ന രോഗലക്ഷണം. ശരിയായ സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ രോഗമായിത്തീരാം. എന്നാല്‍ പലപ്പോഴും നമ്മള്‍ മലബന്ധത്തെ നിസ്സാരമായി കരുതുന്നു. 

സാധാരണ പറയാറുള്ളതു പോലെ, രോഗത്തെ തടയുകയാണ് അത് ചികിത്സിച്ചു മാറ്റുന്നതിനേക്കാള്‍ നല്ലത്. അതുകൊണ്ട്, ഇത് തടയാനുള്ള ഏറ്റവും മികച്ച വഴി, ജീവിതത്തില്‍ യോഗയെ ഉള്‍പ്പെടുത്തുക എന്നതാണ്. എല്ലാ ദിവസവും കുറച്ചു നേരത്തെ യോഗ പരിശീലനം, അപൂര്‍വ്വമായുണ്ടാകുന്ന മലശോധന എന്നാ പ്രശ്നത്തെ കൈകാര്യം ചെയ്യാനും, വയറിന്റെ സ്തംഭനം ഒഴിവാക്കാനും, ദിവസം മുഴുവന്‍നിങ്ങളെ സന്തോഷവാന്മാരാക്കാനും സഹായിക്കുന്നു. 

എന്തുകൊണ്ട് മലബന്ധം?

വ്യത്യസ്ത ആളുകള്‍, മലബന്ധത്തിന് വ്യത്യസ്ത അര്‍ത്ഥങ്ങളാണ് കൊടുക്കുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം സമയം തെറ്റിയുള്ള മലവിസ്സര്‍ജ്ജനമാണ് മലബന്ധം. ചിലര്‍ക്കാകട്ടെ, അത് മലവിസ്സര്‍ജനത്തിന്റെ മുറുക്കമാണ്. എന്തുതന്നെയായാലും, നമ്മുടെ അനാരോഗ്യകരമായ ജീവിതചര്യയാണ് ഈ പ്രശ്നത്തിനു കാരണമെന്നതാണ് ഏറ്റവും സാധാരണയായി നമ്മള്‍ നൽകുന്ന വിശദീകരണം. 

ശരിയല്ലാത്ത പ്രവൃത്തി സമയം, വിശ്രമത്തിനുള്ള സമയക്കുറവ്, ആരോഗ്യത്തിനു ഹാനികരമായ പോഷകാംശം കുറഞ്ഞ ആഹാരം (ജങ്ക് ഫുഡ്‌), എന്നിവ നമ്മള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളാണ്.  മാത്രമല്ല, പഴങ്ങള്‍, ഇലക്കറികള്‍, എനിവ കഴിക്കാതിരിക്കുകയും, വളരെ കുറച്ചു നാരുകള്‍ ഉള്ള ആഹാരം കഴിക്കുകയും ചെയ്താലും മലബന്ധം ഉണ്ടാകും. വെള്ളം കുറച്ചു മാത്രം കുടിച്ചാലും ഇതുണ്ടാകാം. 

സഹായത്തിനു യോഗ

എന്നാല്‍ പേടിക്കേണ്ട ആവശ്യമില്ല. മലബന്ധം വര്‍ദ്ധിച്ച്, ഗൌരവതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതിന് മുൻപ്, സ്ഥിരമായ യോഗ പരിശീലനത്തിലൂടെ നമുക്കതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും. മലബന്ധം വയറിന് അതിയായ സമ്മര്‍ദ്ധവും സ്തംഭനവും ഉണ്ടാക്കുന്നു. വേണ്ട സമയത്ത് ശ്രദ്ധച്ചില്ലെങ്കില്‍ ഇത് അരക്കെട്ടിന് മാരകമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം. മലബന്ധം പലര്‍ക്കും ചികിത്സയിലൂടെ പരിഹരിക്കപ്പെടാറുണ്ട്. എന്നാലും പ്രതിരോധമാണ് ചികിത്സയേക്കാള്‍ നല്ലത് എന്ന് നമ്മള്‍ പറയാറുണ്ടല്ലോ. അതുകൊണ്ട് യോഗാഭ്യാസത്തിലൂടെ നമ്മുടെ മലബന്ധപ്രശ്നങ്ങള്‍പരിഹരിക്കാന്‍സാധിക്കും. 

സ്ഥിരമായ പരിശീലനത്തിലൂടെ മലബന്ധം പരിഹരിക്കാനുള്ള ആസനങ്ങള്‍:

1.    മയൂരാസനം

ഈ ആസനം ദഹനം മെച്ചപ്പെടുത്തി, ശരിയല്ലാത്ത ആഹാരം കൊണ്ടുണ്ടാകുന്ന ദോഷത്തെ ഇല്ലാതാക്കുന്നു. ഇത് വയറിനകത്തെ മര്‍ദ്ദം വര്‍ദ്ധിപ്പിച്ച്, അത് വഴി പ്ലീഹ വീക്കവും കരള്‍ വീക്കവും കുറയ്‌ക്കുന്നു. മലവിസ്സര്‍ജ്ജന വ്യവസ്ഥയെ ക്രമീകരിക്കാനും മലബന്ധം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. 

2.    അര്‍ദ്ധമത്സ്യേന്ദ്ര്യാസനം

ഈ അസുഖം, പാന്‍ക്രിയാസ്, കരള്‍, പ്ലീഹ, മൂത്രാശയം, വയര്‍, വന്‍കുടലിന്റെ ഭാഗങ്ങള്‍ എന്നിവയെ ഉത്തേജിപ്പിക്കുന്നു. അതുവഴി മലവിസ്സര്‍ജ്ജനം മെച്ചപ്പെടുകയും മലബന്ധത്തില്‍ നിന്ന് ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. 

3.    ഹലാസനം

ഈ ആസനം കരളിനും കുടലിനും ആശ്വാസമേകുന്നു. ശരിയായ ദിശയില്‍നിന്ന് വിപരീത ദിശയിലേക്കാണ് ഈ ആസനം എന്നതുകൊണ്ട്‌, ഇത് രക്തയോട്ടം മെച്ചപ്പെടുത്തി ദഹനം മെച്ചപ്പെടുത്തുന്നു. 

4.    പവനമുക്താസനം

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഈ ആസനം, സ്ഥിരമായി മലബന്ധം അനുഭവിക്കുന്നവരുടെ ശരീരത്തില്‍നിന്നും വായുവിനെ പുറത്തേക്ക് കളയുന്നു. ഈ ആസനത്തിന് ദഹനസംബന്ധമായ പല രോഗങ്ങള്‍ക്കും ശമനമുണ്ടാക്കാന്‍ സാധിക്കും. ദഹനക്കുറവു കൊണ്ടുണ്ടാകുന്ന പുളിച്ചു തികട്ടലില്‍ നിന്ന് മോചനം ലഭിക്കാനും ഈ ആസനം സഹായിക്കുന്നു. 

5.    ബദ്ധകോണാസനം

മുൻപോട്ട് കുനിഞ്ഞുകൊണ്ട് ചെയ്യുന്ന ഈ ആസനം നമ്മുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുകയും വായു ക്ഷോഭം ഇല്ലാതാക്കുകയും സ്തംഭനം കുറക്കുകയും ചെയ്യും. ഈ ആസനം പിരിമുറുക്കം കുറക്കാന്‍ സഹായിക്കുന്നു. അതുവഴി ദഹനം മെച്ചപ്പെടുകയും ചെയ്യുന്നു. 

അതുകൊണ്ട് വേവലാതിപ്പെടുന്നത് നിര്‍ത്തി, ദിവസവും കുറച്ചു സമയം ഇത് പരിശീലിക്കുക. അങ്ങനെയായാല്‍, കുറേക്കൂടി ആരോഗ്യകരമായ ദഹനവ്യവസ്ഥയ്‌ക്കും കുറേക്കൂടി സന്തോഷമുള്ള അവസ്ഥയ്‌ക്കും വേണ്ടി നിങ്ങള്‍ക്ക് കാത്തിരിക്കാം. അതോടൊപ്പം നിങ്ങളുടെ ആഹാരരീതികള്‍ മെച്ചപ്പെടുത്താന്‍ മറക്കരുത് – നാരുകള്‍ കൊണ്ട് സന്പന്നമായ ആഹാരം, പഴങ്ങള്‍, പച്ചക്കറികള്‍, വേണ്ടത്ര വെള്ളം കുടിക്കുക, ഇതെല്ലാം മലബന്ധദുഃഖമകറ്റും. 

നിരവധി ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കി യോഗ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് മരുന്നിനു പകരമാകുകയില്ല. പരിശീലനം നേടിയ ഒരു ആര്‍ട്ട്‌ ഓഫ് ലിവിംഗ് ടീച്ചറുടെ കീഴില്‍ വേണം യോഗ പഠിക്കാനും അഭ്യസിക്കാനും എന്നത് പ്രധാനമാണ്. എന്തെങ്കിലും ആരോഗ്യപ്രശ്നം ഉണ്ടെങ്കില്‍ ഡോക്ടറോടും ടീച്ചറോടും ചര്‍ച്ച ചെയ്യുക. നിങ്ങളുടെ അടുത്തുള്ള ആര്‍ട്ട്‌ ഓഫ് ലിവിംഗ് സെന്‍റ്ററില്‍ യോഗ പ്രോഗ്രാം കണ്ടെത്തൂ. പ്രോഗ്രാമുകളേക്കുറിച്ചുള്ള വിവരമറിയാനോ അനുഭവങ്ങള്‍ പങ്കിടാനോ ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് info@artoflivingyoga.org എന്ന ഇമെയില്‍അഡ്രസ്സില്‍എഴുതുക.