എങ്ങനെയാണ് ധ്യാനിക്കേണ്ടത് എന്നു നിങ്ങൾക്കറിയേണ്ടേ? തുടക്കക്കാർ ധ്യാനിക്കേണ്ടത് എങ്ങനെയാണ് എന്ന് നിങ്ങൾ അന്വേഷിക്കുകയാണോ?
നിങ്ങൾ ധ്യാനം തുടങ്ങിയിട്ട് അധികം നാളായിട്ടില്ല എങ്കിൽ, ധ്യാനത്തിൽ ആഴത്തിലുള്ള അനുഭവം അന്വേഷിക്കുന്നത് സ്വാഭാവികമാണ്. മാനസിക സമ്മർദ്ദം കുറയ്ക്കുക,, ശ്രദ്ധ വർദ്ധിപ്പിക്കുക , പരിപൂർണ്ണമായ സ്വാസ്ഥ്യം മെച്ചപ്പെടുത്തുക, എന്നിവയ്ക്കെല്ലാം ഒരു നല്ല മാർഗ്ഗമാണ് ധ്യാനം. ധ്യാനിക്കുന്നതിനു മുമ്പ് ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ കൂടുതൽ നല്ല രീതിയിൽ ധ്യാനം അനുഭവിക്കാൻ സാധിക്കും. സാധാരണയായി തുടക്കക്കാർക്ക് ഉണ്ടാകാറുള്ള രണ്ടു ചോദ്യങ്ങളാണ് എങ്ങനെ ധ്യാനിക്കാം എന്നതും എങ്ങനെ വീട്ടിലിരുന്നു കൊണ്ട് ധ്യാനിക്കാം എന്നതും.
തുടക്കക്കാർക്ക് ധ്യാനം തുടങ്ങാൻ സഹായിക്കുന്ന 8 നുറുങ്ങുവിദ്യകൾ
-
സൗകര്യപ്രദമായ ഒരു സമയം തിരഞ്ഞെടുക്കുക
ധ്യാനം വിശ്രമമാണ്. എങ്ങനെയാണ് നന്നായി ധ്യാനിക്കേണ്ടത് എന്നതിനെപ്പറ്റിയാണ് നിങ്ങളുടെ ചിന്ത എങ്കിൽ , നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായി സമയത്ത് ധ്യാനിക്കുക എന്നാണ് അതിനുള്ള ഉത്തരവും. സാധാരണരീതിയിൽ നിങ്ങൾക്ക് മറ്റു ശല്യങ്ങളൊന്നും ഇല്ലാത്ത, നിങ്ങൾക്ക് വിശ്രമിക്കാനും അത് ആസ്വദിക്കാനും സാധിക്കുന്ന ഒരു സമയം തിരഞ്ഞെടുക്കുക. സൂര്യോദയത്തിൻ്റെയും സൂര്യാസ്തമയത്തിൻ്റെയും സമയങ്ങൾ ധ്യാനത്തിന് ഏറ്റവും അനുയോജ്യമാണ്. ഈ സമയങ്ങളിൽ വീട് പ്രശാന്തമായിരിക്കും, അത് എളുപ്പത്തിൽ ധ്യാനാവസ്ഥയിൽ എത്താൻ സഹായിക്കുന്നു.
-
ശാന്തമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക
സൗകര്യപ്രദമായ സമയം പോലെ , മറ്റു അലോസരപ്പെടുത്തലുകൾ ഒന്നും ഇല്ലാതെ നിങ്ങൾക്ക് ധ്യാനിക്കാൻ പാകത്തിനായി ശാന്തമായ അന്തരീക്ഷത്തോടു കൂടിയ ഒരു സ്ഥലം തിരഞ്ഞെടുക്കുക . അതൊരു പക്ഷേ നിങ്ങളുടെ വീട്ടിലെ ബഹളങ്ങളില്ലാത്ത ഒരു മുറിയാവാം, അല്ലെങ്കിൽ പുറത്ത് പ്രകൃതിയിലെ ഒരു സ്ഥലമാവാം അതുമല്ലെങ്കിൽ ഏതെങ്കിലും ധ്യാനകേന്ദ്രമാകാം. അത്തരത്തിലുള്ള ഒരു സ്ഥലം തുടക്കക്കാരന് ധ്യാനം കൂടുതൽ ആസ്വാദ്യകരമാകാനും , കൂടുതൽ വിശ്രമം ലഭിക്കാനും സഹായകമാകുന്നു.
-
സൗകര്യപ്രദ്യമായ രീതിയിൽ ഇരിക്കുക
നിങ്ങൾ ഇരിക്കുന്നതിൻ്റെ രീതിയ്ക്കും ധ്യാനത്തിൻ്റെ അനുഭവത്തിന് മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. ഏറ്റവും സൗകര്യപ്രദമായി എങ്ങനെ ഇരിക്കാമെന്ന് കണ്ടുപിടിക്കുക. നിങ്ങൾക്ക് കസേരയിലിരിക്കാം അല്ലെങ്കിൽ നിലത്ത് തലയിണയോ , മെത്തയോ പോലുള്ള ഒന്നിൻ്റെ മുകളിലോ ഇരിപ്പുറപ്പിക്കാം. നിങ്ങളുടെ നടു നിവർത്തി , പിരിമുറുക്കങ്ങൾ ഉപേക്ഷിച്ച് , കൈകൾ മടിയിൽ വച്ചിരിക്കുക. കഴിയുന്നത്ര അനങ്ങാതെ ഇരിക്കാൻ ശ്രമിക്കുക. തോളുകൾ , കഴുത്ത് എന്നിവ അയച്ചിടുക. ധ്യാനിക്കുന്ന സമയം മുഴുവനും കണ്ണുകളെ അടച്ചുവയ്ക്കുക.
ഓർക്കുക, പത്മാസനത്തിലിരുന്നേ ധ്യാനിക്കാവൂ എന്നത് ഒരു മിഥ്യാധാരണ മാത്രമാണ്.
-
ഏറെക്കുറെ ഒഴിഞ്ഞ വയറുമായി ധ്യാനിക്കാനിരിക്കുക
വീട്ടിലാണെങ്കിലും ഓഫീസിലാണെങ്കിലും ഏറെക്കുറെ ഒഴിഞ്ഞ വയറുമായി ധ്യാനിക്കാനിരിക്കുന്നതാണ് അഭികാമ്യം. ഭക്ഷണം കഴിച്ച ഉടൻ തന്നെ ധ്യാനിക്കാൻ ശ്രമിച്ചാൽ നിങ്ങൾ മയങ്ങിപ്പോകാൻ സാധ്യതയുണ്ട്. അതുപോലെ നിറഞ്ഞ വയറുമായി ധ്യാനിക്കുന്നത് നിങ്ങളെ അലോസരപ്പെടുത്തുകയും ചെയ്യും.
വിശന്നിരിക്കുമ്പോൾ, അതിൻ്റെ പിരിമുറുക്കം നിങ്ങളുടെ ശ്രദ്ധ ധ്യാനത്തിൽ നിന്നും മാറ്റുന്നു. ഒരുവേള നിങ്ങളുടെ മനസ്സ് ധ്യാനിക്കുന്ന സമയം മുഴുവനും ഭക്ഷണത്തെപ്പറ്റി തന്നെ ചിന്തിച്ചു പോകാം. അതുകൊണ്ട് ഭക്ഷണത്തിനു ഏകദേശം രണ്ടു മണിക്കൂർ ശേഷം ധ്യാനിക്കുന്നതാണ് നല്ലത്.
ഓർക്കുക: വിശന്നിരിക്കുമ്പോൾ ധ്യാനിക്കാനായി സ്വയം പ്രേരിപ്പിക്കാതിരിക്കുക.
-
ധ്യാനിക്കുന്നതിനു മുൻപ് ചെറിയ വ്യായമങ്ങളിലേർപ്പെടുക
ധ്യാനം തുടങ്ങുന്നതിനു മുൻപ് ചെറിയ രീതിയിൽ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശ്രദ്ധ വർത്തമാന നിമിഷത്തിലേക്ക് കൊണ്ടു വരാനും, ധ്യാനത്തിനായി നിങ്ങളുടെ ശരീരത്തേയും മനസ്സിനേയും സജ്ജമാക്കാനുമാണ്. എങ്ങനെ ധ്യാനിച്ചു തുടങ്ങും എന്നു നിങ്ങൾ ആകാംക്ഷപ്പെടുന്നുണ്ടെങ്കിൽ, ധ്യാനത്തിനു മുമ്പുള്ള ഇത്തരത്തിലുള്ള വ്യായമമുറകൾ അല്ലെങ്കിൽ സൂക്ഷ്മയോഗ , ശരീരത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും, ശരീരത്തിലെ ജഡത്വവും അസ്വസ്ഥതയും മാറ്റി ഒരു ലഘുത്വം അനുഭവവേദ്യമാക്കുകയും ചെയ്യുന്നു. എങ്ങനെ ധ്യാനിക്കണം എന്നു പഠിക്കുന്നതിലെ ഒരു പ്രധാനകാര്യമാണിത്. കൂടുതൽ നേരം , ബുദ്ധിമുട്ടു കൂടാതെ ,അനക്കം കൂടാതെ ധ്യാനത്തിലിരിക്കാൻ നിങ്ങളെ ഇത്തരം വ്യായാമമുറകൾ പ്രാപ്തരാക്കുന്നു.
-
ദീർഘമായി ശ്വസിക്കുക
ധ്യാനം തുടങ്ങുന്നതിനു മുൻപ് ദീർഘമായ, ആഴത്തിലുള്ള ശ്വാസം എടുക്കുക എന്നതാണ് ധ്യാനം അഭ്യസിക്കുന്നതിലെ മറ്റൊരു പ്രധാനപ്പെട്ട കാര്യം. ഇത്തരത്തിൽ ശ്വസിക്കുന്നത് അല്ലെങ്കിൽ നാഡീശോധന പ്രാണായാമം ചെയ്യുന്നത് ( ധ്യാനിക്കുന്നതിനു മുൻപായി) വളരെ നല്ലതാണ്. അത് ശ്വാസഗതിയെ നേരെയാക്കാനും മനസ്സിനെ ശാന്തമായ, ധ്യാനാത്മകമായ അവസ്ഥയിൽ എത്താനും സഹായിക്കുന്നു. ശ്വസിക്കുമ്പോഴും നിശ്വസിക്കുമ്പോഴും നിങ്ങൾ ശ്വാസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. മനസ്സിനെ ഏകാഗ്രമാക്കാൻ നിങ്ങൾക്ക് ശ്വാസത്തിൻ്റെ എണ്ണം എടുത്തു നോക്കാവുന്നതാണ്. മനസ്സ് അലഞ്ഞു തിരിയുന്നു എന്നു തോന്നുമ്പോൾ, ശ്രദ്ധ വീണ്ടും ശ്വാസത്തിലേക്കു കൊണ്ടുവരുക.
-
മുഖത്തൊരു പുഞ്ചിരി വയ്ക്കുക
ധ്യാനിക്കുമ്പോൾ മുഖത്തൊരു പുഞ്ചിരി വയ്ക്കുക എന്നത് ഒരിക്കലും മറക്കാൻ പാടില്ലാത്തതും, യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്തതുമായ ഒരു കാര്യമാണ്. പുഞ്ചിരിക്കുന്നത് നിങ്ങൾക്ക് കൂടുതൽ വിശ്രമവും ശാന്തിയും നൽകി ധ്യാനത്തിൻ്റെ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. തീർച്ചയായും ധ്യാനിക്കുമ്പോൾ പുഞ്ചിരിച്ചു നോക്കുക.
-
കണ്ണുകൾ സാവധാനം, ആയാസം കൂടാതെ തുറക്കുക
ധ്യാനത്തിൽ നിന്നും പുറത്തേയ്ക്കു വരുമ്പോൾ കണ്ണുകൾ തുറക്കാനോ , ശരീരം അനക്കാനോ തിടുക്കം കൂട്ടരുത്. പകരം നിങ്ങളെപ്പറ്റി, നിങ്ങളുടെ ചുറ്റുപാടുകളെപ്പറ്റി ബോധമുള്ളവരായി, പതുക്കെ മാത്രം കണ്ണുകൾ തുറക്കുക. അതിനു ശേഷം ശരീരം മെല്ലെ ചലിപ്പിക്കുക, ദാ…… നിങ്ങൾ ഇന്നത്തെ ദിവസത്തിനായ് തയ്യാറായിരിക്കുന്നു.
ധ്യാനം ഒരു ശീലമാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായി തോന്നാം, പക്ഷേ ഒരല്പം ഉത്സാഹവും ക്ഷമയും ഉണ്ടെങ്കിൽ ആർക്കും ഇത് സാധ്യമാണ്. എങ്ങനെയാണ് ശരിയായ രീതിയിൽ ധ്യാനിക്കേണ്ടത് എന്ന് തന്നോടു തന്നെ എപ്പോഴും ചോദിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ മേല്പറഞ്ഞ പൊടിക്കെകൾ പരീക്ഷിച്ച് നിങ്ങൾക്ക് ശാന്തവും ഏകാഗ്രവുമായ മനസ്സിനെ സമ്മാനമായി നൽകുക.
തുടക്കക്കാർക്ക് വേണ്ടിയുള്ള ഗുരുദേവിൻ്റെ നിർദേശാനുസൃത ധ്യാനങ്ങൾ
ധ്യാനരീതികൾ മാനസികസമ്മർദ്ദം മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ലഘൂകരിക്കുകയും, മനസ്സിന് ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുകയും, നവോൻമേഷം നൽകുകയും ചെയ്യുന്നു. എങ്ങനെയാണ് ധ്യാനത്തിൻ്റെ ലോകത്തിലേയ്ക്ക് പ്രവേശിക്കേണ്ടത് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ , തികച്ചും സൗജന്യവും, തുടക്കക്കാർക്ക് ധ്യാനമെന്താണെന്ന് പരിചയപ്പെടുത്തുന്നതുമായ പരിപാടികളിൽ നിങ്ങൾക്കും പങ്കെടുക്കുന്നതിനായി പേരു നൽകാവുന്നതാണ്. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ പരിപാടി യോഗ, ധ്യാനം എന്നിവയെപ്പറ്റിയെല്ലാം നിങ്ങൾക്ക് ഉൾക്കാഴ്ച നൽകുന്നു.
ആർട്ട് ഓഫ് ലിവിംഗ് രൂപപ്പെടുത്തിയിട്ടുള്ള സഹജ് സമാധിധ്യാനം, നിങ്ങളെ നിങ്ങളിലേക്ക് ആഴ്ന്നിറങ്ങാനും അതുവഴി നിങ്ങളിലെ അനന്തമായ കഴിവുകളെ ഉപയോഗപ്പെടുത്താനും പ്രാപ്തരാക്കുന്നു.