ഇന്നത്തെ അതിവേഗതയാർന്നതും, താറുമാറായതുമായ ലോകത്ത്, ആന്തരിക സമാധാനവും സന്തോഷവും കണ്ടെത്തുക എന്നതിന് ഇന്ന് പലരും മുൻഗണന കൊടുക്കുന്നു. ചലനത്തിൽ നിന്ന് നിശ്ചലതയിലേക്കും, ശബ്ദത്തിൽ നിന്ന് നിശ്ശബ്ദതയിലേക്കുമുള്ള ഒരു യാത്രയാണ് ധ്യാനം. ഒരിക്കലും കുറഞ്ഞു പോകാത്ത സന്തോഷവും, വികൃതമാകാത്തതോ നിഷേധാത്മക വികാരങ്ങളായി മാറാത്തതോ ആയ സ്നേഹം കണ്ടെത്തുക എന്നത് മനുഷ്യന്റെ സ്വാഭാവിക പ്രവണതയായതുകൊണ്ട്, ധ്യാനിക്കാനുള്ള ആവശ്യം ഓരോ മനുഷ്യനിലും ഉണ്ട്. ധ്യാനം നിങ്ങൾക്ക് അപരിചിതമാണോ? തീർച്ചയായും അല്ല. കാരണം, നിങ്ങൾ ജനിക്കുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് നിങ്ങൾ ധ്യാനത്തിലായിരുന്നു. അമ്മയുടെ ഗർഭപാത്രത്തിൽ നിങ്ങൾ ഒന്നും ചെയ്തിരുന്നില്ല. നിങ്ങൾക്ക് ഭക്ഷണം പോലും ചവയ്‌ക്കേണ്ടിയിരുന്നില്ല – അത് നിങ്ങളുടെ വയറ്റിലേക്ക് നേരിട്ട് എത്തിയിരുന്നു, നിങ്ങൾ സന്തോഷത്തോടെ ദ്രാവകത്തിൽ പൊങ്ങിക്കിടന്നു, തിരിയുകയും ചവിട്ടുകയും ചെയ്തു, ചിലപ്പോൾ ഇവിടെയും അവിടെയുമൊക്കെ, എന്നാൽ മിക്കവാറും സമയം സന്തോഷത്തോടെ അവിടെ പൊങ്ങിക്കിടക്കുകയായിരുന്നു. അതാണ് ധ്യാനം അല്ലെങ്കിൽ സമ്പൂർണ്ണ ആശ്വാസം.
ശബ്ദത്തിൽ നിന്ന് നിശ്ശബ്ദതയിലേക്കുള്ള ഒരു യാത്രയാണ് ധ്യാനം.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആത്മാവിന്റെ ആഹാരം
ധ്യാനം നമ്മുടെ ജീവിതത്തിൽ കൊണ്ടുവരുന്ന പ്രയോജനങ്ങൾ നോക്കുകയാണെങ്കിൽ, അത് കൂടുതൽ പ്രസക്തവും ആവശ്യവുമാണെന്ന് നമുക്ക് തോന്നും. പുരാതന കാലത്ത്, ആത്മജ്ഞാനത്തിനും ആത്മാവിനെ കണ്ടെത്താനും ധ്യാനം ഉപയോഗിച്ചിരുന്നു. ദുരിതങ്ങൾ ഇല്ലാതാക്കാനും പ്രശ്നങ്ങളെ അതിജീവിക്കാനുമുള്ള ഒരു ഉപാധിയായിരുന്നു ധ്യാനം. ഒരാളുടെ കഴിവുകൾ മെച്ചപ്പെടുത്താനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു അത്. കഴിഞ്ഞ കാലങ്ങളിൽ ഈ മൂന്ന് കാര്യങ്ങൾക്കും ഇത് ഉപയോഗിച്ചിരുന്നു. ഇന്ന്, ആത്മസാക്ഷാത്കാരം മാറ്റിവെച്ചാൽ, ഇന്നത്തെ സാമൂഹിക തിന്മകളും, മാനസിക സമ്മർദ്ദങ്ങളും, പിരിമുറുക്കങ്ങളും ഒരാൾ ധ്യാനിക്കേണ്ടതിൻ്റെ ആവശ്യകത വിളിച്ചോതുന്നു. നിങ്ങളുടെ ജീവിതത്തിൽ എത്രമാത്രം ഉത്തരവാദിത്തങ്ങളുണ്ടോ, അത്രയധികം ധ്യാനം നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാനില്ലെങ്കിൽ, ധ്യാനം അത്രയധികം ആവശ്യമില്ലായിരിക്കാം. എന്നാൽ നിങ്ങൾക്ക് എത്ര തിരക്കുണ്ടോ, നിങ്ങൾക്ക് എത്ര കുറവ് സമയമാണോ ഉള്ളത്, എത്ര കൂടുതൽ ജോലിയാണോ ഉള്ളത്, കൂടാതെ നിങ്ങൾക്ക് ആഗ്രഹങ്ങളും അഭിലാഷങ്ങളുമുണ്ടോ, അത്രത്തോളം നിങ്ങൾ ധ്യാനിക്കേണ്ടതിന്റെ ആവശ്യം ഉണ്ട് . ധ്യാനം സമ്മർദ്ദത്തിൽ നിന്ന് നിങ്ങളെ മോചിപ്പിക്കുക മാത്രമല്ല, നിങ്ങൾക്ക് ശക്തി നൽകുകയും, വെല്ലുവിളികളെ നേരിടാനുള്ള നിങ്ങളുടെ കഴിവിനെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ധ്യാനം നമുക്ക് മെച്ചപ്പെട്ട ആരോഗ്യം നൽകുന്നു. സംഗീതം വികാരങ്ങളുടെ ഭക്ഷണമാണ്; അറിവ് ബുദ്ധിയുടെ ഭക്ഷണമാണ്; വിനോദം മനസ്സിന്റെ ഭക്ഷണമാണ്;( സംഗീതം വികാരങ്ങളെ പോഷിപ്പിക്കുന്നു , ജ്ഞാനം ബുദ്ധിയെ പോഷിപ്പിക്കുന്നു, വിനോദം മനസ്സിനെ പോഷിപ്പിക്കുന്നു; ) ധ്യാനം നമ്മുടെ ആത്മാവിനോ അല്ലെങ്കിൽ ചൈതന്യത്തിനോ ഉള്ള ഭക്ഷണമാണ്. ഇത് മനസ്സിന് ഊർജ്ജം നൽകുന്ന ഒന്നാണ്.
സ്വാഭാവികമായ സകാരാത്മകത
ചിലപ്പോൾ നിങ്ങൾ ഒരാളെ കണ്ടുമുട്ടുമ്പോൾ, ഒരു കാരണവുമില്ലാതെ അവരുമായി സംസാരിക്കാൻ നിങ്ങൾക്ക് താത്പര്യമില്ലാത്തതു നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്നാൽ അത്രയധികം കണ്ടിട്ടില്ലാത്ത മറ്റ് ചിലരുമായി നിങ്ങൾക്ക് അടുപ്പം തോന്നുകയും സൗകര്യപ്രദമായി തോന്നുകയും ചെയ്യുന്നു. ഇത് സകാരാത്മക ഊർജ്ജം കൊണ്ടാണ്. ധ്യാനം നമുക്ക് ചുറ്റും സകാരാത്മകവും(പോസിറ്റീവ്) അനുയോജ്യവുമായ ഊർജ്ജം സൃഷ്ടിക്കുന്നു.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ആഴത്തിലുള്ള വിശ്രമം
രക്തസമ്മർദ്ദം, പ്രമേഹം, ഹൃദയ പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, നാഡീവ്യൂഹ പ്രശ്നങ്ങൾ, മറ്റ് പല പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ ധ്യാനം എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ച് ധാരാളം ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. പല മാനസിക രോഗങ്ങളും ശാരീരിക രോഗങ്ങളും തടയുന്നതിൽ ഇത് വലിയ സഹായമാണ്. ബൗദ്ധികമായി, ഇത് തീക്ഷ്ണതയും, ശ്രദ്ധയും, അവബോധവും, നിരീക്ഷണ പാടവവും നൽകുന്നു. വൈകാരികമായി, നിങ്ങൾക്ക് കൂടുതൽ ലഘുത്വവും, മൃദുത്വവും, വിശുദ്ധിയും അനുഭവപ്പെടും. നിങ്ങൾക്ക് പഴയ എല്ലാ (വൈകാരിക)മാലിന്യങ്ങളെയും ഉപേക്ഷിക്കാൻ കഴിയും. ഇത് നിങ്ങൾക്ക് ചുറ്റും സകാരാത്മക (പോസിറ്റീവ്) സ്പന്ദനങ്ങൾ സൃഷ്ടിക്കുന്നു, മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റത്തെയും മറ്റുള്ളവർക്ക് നിങ്ങളോടുള്ള പെരുമാറ്റത്തെയും ഇത് സ്വാധീനിക്കുന്നു. ധ്യാനം വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ആഴത്തിലുള്ള വിശ്രമം നൽകുന്നു.
ശ്രദ്ധയും വ്യക്തതയും
ധ്യാനം ഒരാളെ വർത്തമാന നിമിഷത്തിൽ ജീവിക്കാൻ സഹായിക്കുന്നു. മനസ്സ് ഭൂതകാലത്തിനും ഭാവിക്കും ഇടയിൽ ചാഞ്ചാടുന്നു. നാം എല്ലായ്പ്പോഴും ഭൂതകാലത്തെക്കുറിച്ച് ദേഷ്യപ്പെടുകയോ ഭാവിയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയോ ചെയ്യുന്നു. അതിനാൽ ധ്യാനം മനസ്സിനെ ഭൂതകാലത്തിനും ഭാവിക്കും ഇടയിൽ ചാഞ്ചാടാതെ വർത്തമാനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. ആരോഗ്യപരമായ പ്രയോജനങ്ങൾ കൂടാതെ, ധ്യാനം ഏകാഗ്രത മെച്ചപ്പെടുത്തുന്നു. നിങ്ങൾ കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ഇത് മെച്ചപ്പെടുത്തുന്നു. ധ്യാനം മനസ്സിന് വ്യക്തത നൽകുന്നു.
എന്നിൽ സമാധാനം, ഭൂമിയിൽ സമാധാനം
ഇത് ചുറ്റുമുള്ള ആളുകളുമായുള്ള നിങ്ങളുടെ ഇടപെടൽ മെച്ചപ്പെടുത്തുന്നു. നിങ്ങൾ എന്ത് പറയുന്നു, വിവിധ സാഹചര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കുന്നു, പ്രതികരിക്കുന്നു എന്നതിനെക്കുറിച്ച് നിങ്ങൾക്ക് അവബോധം ലഭിക്കുന്നു. പൊതുവായി പറഞ്ഞാൽ, സമ്മർദ്ദരഹിതമായ ഒരു സമൂഹത്തിൽ നിന്ന് വ്യക്തിപരമായ സമാധാനവും ആരോഗ്യവും, അക്രമരഹിതമായ ഒരു സമൂഹത്തിൽ നിന്ന് ദുഃഖരഹിതമായ ഒരു ആത്മാവിലേക്ക് – ഇതെല്ലാം ധ്യാനത്തിന്റെ അനന്തരഫലങ്ങളാണ്.
ധ്യാനത്തിൽ, രോഗശാന്തി സംഭവിക്കാം. മനസ്സ് ശാന്തവും, ജാഗ്രതയുള്ളതും, പൂർണ്ണമായി സംതൃപ്തവുമാകുമ്പോൾ, അത് ഒരു ലേസർ രശ്മി പോലെയാണ് – അത് വളരെ ശക്തമാണ്, രോഗശാന്തി സംഭവിക്കാം.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഇന്ന് ലോകത്തിന്റെ ബോധം മെച്ചപ്പെടുന്നു; എന്നിരുന്നാലും, മറുവശത്ത്, ഈ നിഷേധാത്മകതയും അശാന്തിയും നിങ്ങൾ കാണുന്നു. എന്നിട്ടും അതേ സമയം, മുൻപെങ്ങുമില്ലാത്തവിധം കൂടുതൽ ആളുകൾ ലോകത്തെക്കുറിച്ച് ആശങ്കാകുലരാണ്. കൂടുതൽ കൂടുതൽ ആളുകൾ ലോകത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു. ഭൂമിയുടെ ഒരു ഭാഗത്ത് കൂടുതൽ വേനൽക്കാലമുണ്ടെങ്കിൽ, മറ്റൊരു ഭാഗത്ത് കൂടുതൽ ശൈത്യകാലമാണ്. നിങ്ങൾക്ക് ലഭിക്കുന്ന പകൽ വെളിച്ചത്തിന്റെ അളവും രാത്രിയുടെ അളവും ലോകത്ത് ഏതാണ്ട് തുല്യമാണ്. അതിനാൽ, സമഗ്രമായി(വിശാലമായി) കാണുമ്പോൾ, ഈ ഗ്രഹത്തെ ഒരു വലിയ ശക്തി പരിപാലിക്കുന്നുണ്ടെന്നും, ആയിരക്കണക്കിന് വർഷങ്ങളായി അത് അതിന്റെ ജോലി ചെയ്യുന്നുണ്ടെന്നും ഉള്ള ആത്മവിശ്വാസം നമുക്ക് ഉണ്ടായിരിക്കണം. എന്നാൽ അത് നമ്മൾ ഒന്നും ചെയ്യാതിരിക്കാനുള്ള ഒഴികഴിവല്ല!
പ്രവൃത്തിയും ധ്യാനവും സന്തുലിതമാകുമ്പോൾ ജീവിതം സ്വാഭാവികമായി തഴച്ചുവളരുന്നു.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഉള്ളിൽ സമാധാനമില്ലെങ്കിൽ പുറത്ത് സമാധാനമുണ്ടാകില്ല. ധ്യാനം ആന്തരിക സമാധാനം ഉറപ്പാക്കുന്നു. ആന്തരിക സമാധാനമുണ്ടെങ്കിൽ, പുറത്തും സമാധാനം നേടാൻ നിങ്ങൾക്ക് കഴിയും. നിങ്ങൾ അസ്വസ്ഥനാണെങ്കിൽ, നിങ്ങൾ നിരാശനാണെങ്കിൽ, പുറത്ത് സമാധാനം സൃഷ്ടിക്കാൻ നിങ്ങൾക്ക് കഴിയില്ല. “സഹായം വീട്ടിൽ നിന്ന് തുടങ്ങുന്നു” എന്ന് എല്ലാവരും പറയുന്നതുപോലെ. ഒഴിഞ്ഞ പാത്രത്തിൽ നിന്ന് സഹായം ചെയ്യാൻ കഴിയില്ല. അതിൽ ഇതിനകം എന്തെങ്കിലും ഉണ്ടായിരിക്കണം. അതുപോലെ, സമാധാനം നൽകണമെങ്കിൽ നിങ്ങൾക്ക് സമാധാനം ഉണ്ടായിരിക്കണം. കൂടാതെ സമാധാനം വാക്കുകളിലൂടെ മാത്രം പ്രകടിപ്പിക്കുന്ന ഒന്നല്ല. സമാധാനം ഒരു സ്പന്ദനമാണ്. അതിനാൽ നിങ്ങൾ ശാന്തവും, ഉള്ളിൽ ആഴത്തിൽ പ്രസന്നവും ആകുമ്പോൾ, നിങ്ങളുടെ ആന്തരിക ശക്തി പലമടങ്ങ് വർദ്ധിക്കുന്നു. നിങ്ങൾ അത്രയധികം ശക്തനാകുമ്പോൾ, നിങ്ങൾക്ക് ഏത് സ്ഥലത്തും കടന്നുചെന്ന് സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ കഴിയും. അതിനാൽ ധ്യാനം നിങ്ങൾക്ക് ആന്തരിക ശക്തി നൽകുന്നു. അത് നിങ്ങൾക്ക് ചുറ്റും ശാന്തമായ സ്പന്ദനങ്ങൾ പരത്തുന്നു. അതുകൊണ്ടാണ് സമാധാനത്തിന് ധ്യാനം അത്യാവശ്യം ആകുന്നത്.
ധ്യാനം പഠിക്കാനും വ്യക്തിഗത സമാധാനത്തിൽ നിന്ന് കൂടുതൽ സമാധാനപരമായ ഒരു സമൂഹത്തിലേക്കുള്ള പ്രയോജനങ്ങൾ ആസ്വദിക്കാനും, ഇന്ന് തന്നെ ഒരു ഹാപ്പിനസ് പ്രോഗ്രാമിനായി സൈൻ അപ്പ് ചെയ്യുക.