ധ്യാനം

ധ്യാനം നിങ്ങൾക്ക് അഗാധമായ വിശ്രമം നൽകുന്നു

എന്താണ് ധ്യാനം?

ആഴത്തിൽ വിശ്രമിക്കാനും, ഒപ്പം ജാഗരൂകതയും, അവബോധവും ഉണ്ടാകാനും ഉള്ള വഴിയാണ് ധ്യാനം! മനസ്സ് ശാന്തമായി ഉള്ളിലെ ആനന്ദത്തെ അറിയാൻ ഉള്ള നൈപുണ്യമാണ് അത്. ഒന്നും ചെയ്യാതിരിക്കുകയും, സ്നേഹം, ആനന്ദം, ശാന്തി, എന്നിവ നിറഞ്ഞ, ശരിയായ സ്വഭാവത്തിൽ, എല്ലാ പ്രയത്നങ്ങളും വിട്ടു കളഞ്ഞ് വിശ്രമിക്കുകയും ചെയ്യുന്ന ലാളിത്യമാർന്ന കലയാണ് ധ്യാനം. ധ്യാനപരിശീലനം നിങ്ങൾക്ക് അഗാധമായ വിശ്രമം നൽകുന്നു. പിരിമുറുക്കത്തിന്റെ അളവ് കുറയ്ക്കാനും, മാനസിക ശുചിത്വം നിലനിർത്താനും അത് അത്യാവശ്യമാണ്.

ശബ്ദത്തിൽ നിന്ന് നിശ്ശബ്ദതയിലേക്ക്, ചലനത്തിൽ നിന്ന് നിശ്ചലതയിലേയ്ക്ക്, ഉള്ള യാത്രയാണ് ധ്യാനം. ധ്യാനം ആത്മാവിന് ആഹാരമാണ്.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

ധ്യാനം കൊണ്ടുള്ള ഗുണങ്ങൾ

ധ്യാനം കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ് - ശാന്തമായ മനസ്സ്, നല്ല ഏകാഗ്രത, മനസ്സിന് തെളിച്ചം, വികാരങ്ങളുടെ സന്തുലനം, മെച്ചപ്പെട്ട ആശയവിനിമയം, രോഗശാന്തി, വിശ്രാന്തി, പുനരുജ്ജീവനം, എന്നിവയ്ക്കൊപ്പം, ഭാഗ്യത്തെ ആകർഷിക്കാനുള്ള കഴിവും ഉണ്ടാകുന്നു!

icon

ജൈവ ഊർജ്ജം വർദ്ധിക്കുന്നു

ധ്യാനം നമുക്ക് ചുറ്റും ശുഭകരവും, അപസ്വരങ്ങളില്ലാത്തതുമായ ഊർജ്ജത്തെ സൃഷ്ടിക്കുന്നു.

icon

മെച്ചപ്പെട്ട ആരോഗ്യം

ധ്യാനം രക്താതിസമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, ത്വഗ്രോഗങ്ങൾ, നാഡീവ്യൂഹത്തിൻ്റെ പ്രശ്നങ്ങൾ, എന്നിവയ്ക്ക് സഹായകമാണ്.

icon

മനോനില മെച്ചപ്പെടുന്നു

പ്രസന്നമായ മനോനില നിലനിർത്താൻ ധ്യാനം സഹായിക്കുന്നു. മാനസികവും, ശാരീരികവുമായ നിരവധി രോഗങ്ങൾ തടയാൻ അത് വലിയ ഒരു സഹായമാണ്.

തുടക്കക്കാർക്കുള്ള ധ്യാനം

ശ്വാസോച്ഛ്വാസം പോലെ എളുപ്പമാണ് ധ്യാനപരിശീലനം. അതിനായി നിങ്ങൾ പർവ്വതങ്ങളിൽ പോയി, സ്വയം അടച്ചു മൂടിയിരിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ കൂട്ടിച്ചേർക്കാവുന്ന ഊർജ്ജദായിനിയായ പരിശീലനമാണ് അത്. പല തരത്തിലുള്ള ധ്യാനങ്ങളിൽ നിന്ന് ഏത് വേണമെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം - അവ എല്ലാം തന്നെ നിങ്ങളെ പ്രയത്നം കൂടാതെ ഇക്ഷണത്തിലേയ്ക്ക് എത്തിച്ചേരാൻ സഹായിക്കും..

വാസ്തവത്തിൽ, ആദ്യത്തെ പ്രാവശ്യം തന്നെ പലരുടെയും അനുഭവങ്ങൾ വാക്കുകൾക്കപ്പുറം മനോഹരമായിരുന്നു. ധ്യാനം പഠിക്കുകയും, പരിശീലിക്കുകയും, സ്ഥിരമായി ദിവസം ഒരു പ്രവശ്യമോ, രണ്ടു പ്രാവശ്യമോചെയ്യാൻ തുടങ്ങുന്നതോടെ , നിങ്ങൾക്ക് ആകെ മാറ്റം അനുഭവപ്പെടും. അക്കാരണം കൊണ്ട്, നിങ്ങൾക്ക് ചുറ്റുമുള്ളവർ നിങ്ങളിലുള്ള മനോഹരമായ ഊർജ്ജത്തെ തിരിച്ചറിയും. അതുകൊണ്ട്, ജീവിതം പിരിമുറുക്കങ്ങളില്ലാത്തതും, സന്തോഷകരവുമാക്കാൻ എല്ലാ ദിവസവും ധ്യാനിക്കണം.

എനിക്ക് ധ്യാനിക്കണമെന്നുണ്ട്, പക്ഷേ...

എന്റെ മനസ്സ് എല്ലായിടത്തും അലഞ്ഞു തിരിയുന്നു. എങ്ങനെയാണ് ധ്യാനിക്കുക?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: ഒരു വടിയെടുത്ത് മനസ്സിൻ്റെ പിന്നാലെ ഓടൂ. എവിടെയാണ് അത് പോകുന്നതെന്ന് നോക്കൂ. വീണ്ടും പിന്നാലെ ഓടിക്കൊണ്ടിരിക്കൂ. അപ്പോൾ മനസ്സ് ക്ഷീണിച്ച് നിങ്ങളുടെ കാൽക്കൽ വീഴും. എല്ലാത്തിനെയും ധ്യാനിക്കാം എന്ന് പതഞ്ജലി മഹർഷി പറയുന്നു. പഞ്ചഭൂതങ്ങൾ,ആസക്തരല്ലാത്ത ഋഷിമാർ, എന്നിങ്ങനെ. ആസക്തികളെ മറികടന്ന ഋഷിമാരെ ധ്യാനിക്കുമ്പോൾ , നിങ്ങൾ ധ്യാനത്തിലേയ്ക്ക് എത്തുന്നു. സത്സംഗിൽ ഇരിക്കുമ്പോഴും നിങ്ങൾ ധ്യാനത്തിലേയ്ക്കെത്തും. എന്നാൽ നിങ്ങൾ സത്സംഗിൽ 100% അല്ല എങ്കിൽ, നിങ്ങൾ അവിടെയും ഇവിടെയും നോക്കി ഇരിക്കുകയാണെങ്കിൽ കാര്യമില്ല. നിങ്ങൾ തന്നെ നിങ്ങളിലേക്ക് താല്പര്യം കൊണ്ടു വരണം. നിങ്ങൾ തന്നെ വേണം ആ സത്ത്( രസം/ അമൃതം ) നിങ്ങളിലേക്ക് കൊണ്ടു വരാൻ. അത് അവിടെത്തന്നെ ഉണ്ട്, പിന്നിലുള്ള ആളെ, ആ രസം നിങ്ങളിലേക്ക് പകരുന്ന ആളെ നോക്കിയാൽ മതി. നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല എന്ന് ഞാൻ പറയുന്നു. അത് നിങ്ങൾക്ക് വേണ്ടി ജ്വലിക്കുകയാണ്, അതിന് തീ കൊളുത്തേണ്ട ആവശ്യമേയില്ല. ഗംഗയിൽ മുങ്ങുന്ന സമയത്ത് എന്തിനാണ് ഷവറും പൈപ്പും? പ്രയത്നിക്കാത്തവരാകൂ. ഞാൻ ഒന്നുമല്ല, എനിക്കൊന്നും വേണ്ട എന്ന് അറിയൂ. പക്ഷേ, തുടർച്ചയായി അതുതന്നെ വിചാരിക്കാൻ തുടങ്ങരുത്. അതും മായയാണ്. ഞാൻ വട്ടപ്പൂജ്യം ആണ് എന്ന് വിചാരിക്കുന്നതും വിഡ്ഢിത്തമാണ് എന്ന് അതുകൊണ്ടാണ് ശങ്കരാചാര്യർ പറയുന്നത്.

എന്തുകൊണ്ടാണ് ചിന്തകൾ വരുന്നത്? അവയുടെ ഉല്പത്തി എവിടെ നിന്നാണ്? എന്തുകൊണ്ടാണ് ചിന്തകൾ നമ്മെ ഭരിക്കുന്നത്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: മനസ്സിൽ നിന്നാണോ, ശരീരത്തിൽ നിന്നാണോ ചിന്തകൾ ഉയരുന്നത്? കണ്ണുകൾ അടച്ചു വെച്ച് അതിനെപ്പറ്റി ആലോചിക്കൂ. അതുതന്നെ ധ്യാനമാണ്. അപ്പോൾ, എല്ലാ ചിന്തകളും ഉയർന്നു വരുന്ന നിങ്ങളുടെ ഉള്ളിൽ തന്നെ ഉള്ള ആ ഇടം നിങ്ങൾ കണ്ടെത്തും.അതാകട്ടെ ഗംഭീരവുമാണ്.

സ്വന്തം ധ്യാനാനുഭവം എങ്ങനെ മെച്ചപ്പെടുത്താം?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: നിങ്ങൾക്ക് ധ്യാനത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ, കൂടുതൽ സേവ ചെയ്യൂ. അപ്പോൾ കൂടുതൽ പുണ്യം കിട്ടും, നിങ്ങളുടെ ധ്യാനത്തിൻ്റെ ആഴം വർദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ സ്പന്ദനങ്ങളിലൂടെയോ, സേവയിലൂടെയോ,ആർക്കെങ്കിലും ആശ്വാസമോ, മുക്തിയോ നൽകുമ്പോൾ, നല്ല സ്പന്ദനങ്ങളും അനുഗ്രഹങ്ങളും നിങ്ങളിലേക്ക് എത്തും. സേവ പുണ്യം നൽകും; പുണ്യം നിങ്ങളെ ആഴത്തിലുള്ള ധ്യാനത്തിലേയ്ക്ക് എത്തിക്കുന്നു. ധ്യാനം നിങ്ങളുടെ പുഞ്ചിരി തിരിച്ചു കൊണ്ടു വരികയും ചെയ്യുന്നു. അതോടെ നിങ്ങൾക്ക് ധ്യാനത്തിൻ്റെ ഏറ്റവും നല്ല അനുഭവങ്ങൾ ലഭിക്കും.

ഉറക്കവും ധ്യാനവും തമ്മിലുള്ള വ്യത്യാസം എന്താണ്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: ഒന്ന് ലംബവും , മറ്റേത് തിരശ്ചീനവുമാണ്. ഇപ്പോഴത്തേയ്ക്ക് അങ്ങനെ വിചാരിച്ചാൽ മതി. പക്ഷേ, നാളെ ധ്യാനിക്കാൻ ഇരിക്കുമ്പോൾ അതിനെക്കുറിച്ച് ചിന്തിക്കരുത്. അങ്ങനെ ചെയ്താൽ നിങ്ങൾക്ക് ധ്യാനിക്കാനോ, ഉറങ്ങാനോ പറ്റുകയില്ല. ഇപ്പോഴാണ് സമയം.

ധ്യാനിക്കുന്ന സമയത്ത് എന്തുകൊണ്ടാണ് പഴയ ഓർമ്മകൾ എന്നെ ശല്യപ്പെടുത്തുന്നത്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ:അത് സാരമില്ല. നിരാശ വേണ്ട. അവ വരട്ടെ. " വരൂ, അഞ്ചു വർഷം അല്ലെങ്കിൽ പത്ത് വർഷം മുമ്പുള്ള ഓർമ്മകളേ, എന്റെ കൂടെ ഇരിക്കൂ", എന്ന് പറയൂ. അവയിൽ നിന്ന് എത്രത്തോളം കൂടുതൽ നിങ്ങൾക്ക് ഓടാൻ തോന്നുന്നുവോ, അത്രത്തോളം തന്നെ അവ നിങ്ങളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും.

എനിക്ക് യോഗ ചെയ്യാനോ, ധ്യാനിക്കാനോ സമയമില്ല. എന്താണ് ഞാൻ ചെയ്യേണ്ടത്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: യോഗയും ധ്യാനവും നിങ്ങൾക്ക് സമയം ഉണ്ടാക്കിത്തരികയാണ് ചെയ്യുക. ഇതിന് സമയമില്ലെങ്കിൽ നിങ്ങൾക്ക് ആശുപത്രിയിലോ ഡോക്ടറുടെ അടുത്തോ പോകേണ്ടി വരും! കുറച്ച് ശാരീരിക വ്യായാമങ്ങൾ, ശ്വസന പ്രക്രിയകൾ, ധ്യാനം, ഇവയെല്ലാം നല്ലതാണ്.

ധ്യാനിക്കുന്ന സമയത്ത് ഞാൻ എല്ലായ്പ്പോഴും ഉറങ്ങിപ്പോകും. അത് എല്ലാവർക്കും സംഭവിക്കുമോ? അവർക്ക് എന്ത് അനുഭവമാണ് ഉണ്ടാകുന്നത്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: മറ്റുള്ളവരുടെ അനുഭവങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ടതില്ല. നിങ്ങളുടെ സ്വന്തം അനുഭവത്തോട് ചേർന്നിരിക്കൂ. അനുഭവങ്ങളാകട്ടെ മാറിക്കൊണ്ടിരിക്കുകയും ചെയ്യും.അതുകൊണ്ട് വേവലാതിപ്പെടരുത്. ധ്യാനം ഏറ്റവും നല്ല ശാരീരിക വിശ്രമം തരാൻ സഹായിക്കുന്നു.

ദിവസം എത്ര നേരം ധ്യാനിക്കണം? ചിലപ്പോൾ ധ്യാനം കൂടിപ്പോകുമോ?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: നമ്മുടെ ശരീരം ഒരു സിസ്റ്റം പോലെയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ, വേണ്ടത്ര ഉറക്കം കിട്ടിയാൽ നമ്മൾ തനിയേ ഉണരുന്നതു പോലെ നമ്മൾ സ്വാഭാവികമായും ധ്യാനത്തിൽ നിന്ന് പുറത്തു വരും. നിങ്ങൾക്ക് ഒരു ദിവസം പതിനഞ്ച് മണിക്കൂർ ഉറങ്ങാൻ പറ്റുകയില്ല. നിങ്ങൾ ആറ് മണിക്കൂർ ഉറങ്ങുന്നു, ഒടുവിൽ ആവശ്യത്തിന് വിശ്രമം കിട്ടുമ്പോൾ ഉണരുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ ശരീരത്തിലും ഒരു ആന്തരിക ഘടികാരം ഉണ്ട്. അത് നമ്മളെ ധ്യാനത്തിൽ നിന്ന് പുറത്തു കൊണ്ടു വരും. അതുകൊണ്ട്, ധ്യാനത്തിലേയ്ക്ക് പോകാൻ നിങ്ങൾ സ്വയം നിർബന്ധിക്കരുത്.ദിവസത്തിൽ ഇരുപതോ, ഇരുപത്തിയഞ്ചോ മിനിറ്റ് ധ്യാനിച്ചാൽ മതി എന്നാണ് എൻ്റെ അഭിപ്രായം. നിങ്ങൾക്ക് രണ്ടോ, മൂന്നോ പ്രാവശ്യം ചെയ്യാം. രണ്ട് മൂന്ന് പ്രാവശ്യം ധ്യാനിക്കുന്നത് നല്ലതാണ്.

ധ്യാനം ചീത്ത കർമ്മങ്ങളെ കളയുമോ?

ശ്രീ ശ്രീ രവിശങ്കർ: ഉവ്വ്!

ധ്യാനത്തിൽ ' കാത്തിരിപ്പി ' ന്റെ പ്രസക്തി എന്താണ്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: കാത്തിരിക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിൽ സംഭവിക്കുക? എന്താണ് നിങ്ങളുടെ മനസ്സിൽ ഇപ്പോൾ സംഭവിക്കുന്നത്? സമയം കടന്നു പോകുന്നത് നിങ്ങൾ കാണുന്നുണ്ടോ? ഈ കാത്തിരിപ്പ്, നിരാശയിലേയ്ക്കോ, ധ്യാനത്തിലേയ്ക്കോ എത്തിച്ചേയ്ക്കാം. ധ്യാനം എന്നത് 'സമയത്തെ അനുഭവിക്കുന്നത്' ആണ്.

ആനന്ദം ലഭിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം എന്താണ്?

ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ: ധ്യാനത്തിലൂടെയും, ചുറ്റുമുള്ളവരെ സേവിക്കുന്നതിലൂടെയും ആനന്ദം ലഭിക്കും. നിങ്ങളുടെ ഉള്ളിൽ ഈശ്വരനെ കാണുന്നതാണ് ധ്യാനം. ചുറ്റുമുള്ളവരിൽ ഈശ്വരനെ കാണുന്നതാണ് സ്നേഹം, അല്ലെങ്കിൽ സേവനം.ഇവ രണ്ടും കൈകോർത്ത് പോകണം