സമൂഹനന്മയ്ക്കുവേണ്ടി കാലാകാലങ്ങളായി ജ്ഞാനം നൽകി, മനുഷ്യരെ സഹായിക്കുന്ന ആചാര്യപരമ്പരയെയാണ്  ഗുരുപരമ്പര എന്ന് പറയുന്നത്. ഗുരുവിൽ നിന്ന് ശിഷ്യനിലേയ്ക്ക് ജ്ഞാനം പകരുന്ന പാരമ്പര്യമാണത്. ഭാരതത്തിലെ പ്രധാനപ്പെട്ട ജ്ഞാനശാഖകളിലെ ജ്ഞാനശേഖരം, കാത്തു സൂക്ഷിക്കുന്ന  ഒരു രീതിയാണിത്.

ഗുരു പരമ്പരയുടെ പ്രസക്തി

ആർക്കും അപരിചിതമല്ലാത്ത മാനസിക വ്യഥ ശമിക്കാൻ ഓരോ തലമുറയ്ക്കും ലഭ്യമാകുമെന്ന ഉറപ്പാണ് ഗുരു പരമ്പര നൽകുന്നത്.

ഓരോ പരമ്പരയിലെയും ഗുരുക്കന്മാർ ശാശ്വത ജ്ഞാനത്തിന് ,അതാത് കാലങ്ങളിൽ പ്രസക്തി നൽകിയിട്ടുണ്ട് . ഈ പരമ്പരകൾ ലോകത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുമുണ്ട്. അവരിൽ നിന്ന് മഹത്തായ ഗ്രന്ഥങ്ങൾ ജന്മം കൊണ്ടിട്ടുണ്ട്. മാത്രമല്ല, ഈ പരമ്പരകളിലെ ഗുരുക്കന്മാർക്ക് ആകർഷകങ്ങളായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. അവരെക്കുറിച്ചുള്ള ഓർമ്മ , കുറച്ചു സമയത്തേയ്ക്കാണെങ്കിലും, നമ്മിലും ആ സദ്ഗുണങ്ങളെ സജീവങ്ങളാക്കുന്നു.

അദ്വൈത ഗുരു പരമ്പര

ഈ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും, വ്യക്തികളും, ഒരേ ചേതനയാണ്. “എല്ലാം അലകൾ (Wavefunction)  മാത്രമാണ് എന്ന് വിശദീകരിക്കുന്ന ക്വാണ്ടം ഫിസിക്സ് പോലെയാണ് അദ്വൈത സിദ്ധാന്തം. അതേ സമയം രസതന്ത്രത്തിൽ നിരവധി മൂലകങ്ങളും , ഐസോടോപ്പുകളും ഉണ്ട് . ക്വാണ്ടം ഫിസിക്സിൽ periodic table ന് നിലനില്പില്ല. എല്ലാം ആറ്റങ്ങൾ മാത്രമാണ്.“

അദ്വൈത ഗുരുക്കന്മാരുടെ അത്ഭുത കഥകൾ

ആദിയിൽ പരമമായ ചേതനയും, ആദിഗുരുവുമായ ശിവൻ മാത്രമാണുണ്ടായിരുന്നത്. അവബോധത്തിന്റെ പ്രതീകമായ ആദിശേഷന്റെ പിന്തുണയോടെ നാരായണൻ ചേതനയാകുന്ന സമുദ്രത്തിൽ ഒഴുകിക്കൊണ്ടിരുന്നു. തനിക്ക് ചുറ്റുമുള്ള അവബോധവു മായി ഒന്നാകുന്ന അനുഭവം നാരായണന് ഉണ്ടായപ്പോൾ, പ്രപഞ്ചത്തിന്റെ സൃഷ്ടിപരമായ സഹജവാസന ഉണർന്നു വന്നു. അതിനുശേഷം ബ്രഹ്മാവ് സൃഷ്ടിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സൂക്ഷ്മ ഊർജ്ജ രൂപങ്ങളായ ശിവൻ, നാരായണൻ, ബ്രഹ്മാവ് എന്നിവരായിത്തീരുകയും ചെയ്തു.

ബ്രഹ്മചേതന ( പരമാത്മാവ് ) യിൽ നിന്ന് മാനസ പുത്രൻ അഥവാ, വ്യക്തി ചേതന (ജീവാത്മാവ് ) ജന്മം കൊണ്ടു. എല്ലാവരെക്കാൾ മഹാനായ ആത്മജ്ഞാനി വസിഷ്ഠമുനിയായിരുന്നു. ലോകത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനോടൊപ്പം എങ്ങനെ കേന്ദ്രീകരണവും, സമചിത്തതയും നിലനിർത്താമെന്ന് വസിഷ്ഠമഹർഷി ശ്രീരാമന് മാർഗ്ഗദർശനമേകി. ലോകം വെറും മിഥ്യയാണെന്ന് പ്രതിപാദിക്കുന്ന ഗ്രന്ഥമായ യോഗവാസിഷ്ഠത്തിൽ വസിഷ്ഠമുനിയും, ശ്രീരാമനും തമ്മിലുള്ള സംഭാഷണം സംഗ്രഹിച്ചിട്ടുണ്ട്.

ശക്തിയായിരുന്നു വസിഷ്ഠമുനിയുടെ പുത്രൻ. കാലം, ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, വൈദ്യം, വൈദിക കർമ്മങ്ങൾ, എന്നിവയെക്കുറിച്ചുള്ള സമ്പൂർണ്ണമായ ജ്ഞാനമാണ് അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന പരാശരമഹർഷിക്ക് ഉണ്ടായിരുന്നത്. പരാശരമഹർഷി ഒരു മുക്കുവസ്ത്രീയെയാണ് വിവാഹം കഴിച്ചത്. അവരിൽ ജനിച്ച പുത്രനാണ് പില്ക്കാലത്ത് അദ്വൈതപരമ്പരയിൽ ജ്ഞാനം പ്രചരിപ്പിച്ച ഏറ്റവും വലിയ ജ്ഞാനിയായ കൃഷ്ണദ്വൈപായനൻ എന്ന  വ്യാസനായത്.

വേദങ്ങളെ സമാഹരിക്കാൻ വ്യാസ മഹർഷി ഭാരതം മുഴുവൻ യാത്ര ചെയ്തു.വേദങ്ങളുടെ 1180 ശാഖകളെക്കുറിച്ചുള്ള ജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു. മാത്രമല്ല, വേദാന്തത്തിന്റെ ഉപജ്ഞാതാവും അദ്ദേഹമായിരുന്നു ( ഉപനിഷത്തുകളുടെ സംഗ്രഹം ). കൂടാതെ, മഹാഭാരതം, ശ്രീമദ് ഭാഗവതം തുടങ്ങിയ മഹത്തായ കൃതികൾ രചിച്ചതും അദ്ദേഹം തന്നെ.

വ്യാസമഹർഷിയുടെ പിൻതുടർച്ചക്കാരനായ അദ്ദേഹത്തിന്റെ പുത്രൻ ശുകദേവന്റെ ജനനത്തെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്. ഒരിക്കൽ ശിവൻ പാർവ്വതിക്ക് ഒരു കഥ പറഞ്ഞു കൊടുക്കുകയായിരുന്നു. അതിന്റെ ഇടയിൽ ദേവി ചെറുതായി ഒന്ന് ഉറങ്ങി. ഇതേ സമയത്ത് ഒരു തത്തയും കഥ കേൾക്കുന്നുണ്ടായിരുന്നു. ആ കഥയിലെ ജ്ഞാനം കേട്ട് ആകർഷിക്കപ്പെട്ട തത്തയ്ക്ക് ഭഗവാൻ കഥ തുടരണമെന്നായിരുന്നു ആഗ്രഹം

. അതിനുവേണ്ടി തത്ത  പാർവ്വതീദേവിയെ അനുകരിച്ച്  ദേവിയുടെ ശബ്ദത്തിൽ മൂളിത്തുടങ്ങി.  കഥ പറഞ്ഞു കഴിഞ്ഞപ്പോഴാണ് പാർവ്വതീദേവി ഉറങ്ങുകയായിരുന്നു എന്ന് ഭഗവാന് മനസ്സിലായത്. മാത്രമല്ല, വേറെ ആരോ ദേവിയുടെ ശബ്ദത്തിൽ മൂളുന്നുണ്ടായിരുന്നു എന്നും അദ്ദേഹം മനസ്സിലാക്കി.

ആ മൂളിയിരുന്നത് ഒരു തത്ത യായിരുന്നു എന്നും അദ്ദേഹം അറിഞ്ഞു. കോപിഷ്ഠനായ ഭഗവാൻ തത്തയുടെ പിന്നാലെ ഓടി. തത്ത ഭയന്ന് വ്യാസഭഗവാന്റെയും, പത്നിയുടെയും ഗൃഹത്തിൽ ഒളിച്ചു. തത്തയ്ക്ക് വേണ്ടി വ്യാസഭഗവാൻ ശിവനോട് മാപ്പപേക്ഷിക്കുകയും അതിന് അഭയം നൽകുകയും ചെയ്തു. ആ തത്തയുടെ ആത്മാവ് വ്യാസഭഗവാന്റെ പത്നിയുടെ ഗർഭ പാത്രത്തിലേയ്ക്ക് മാറ്റപ്പെട്ടു. പില്ക്കാലത്ത് ശുകദേവൻ എന്ന പേരിൽ അറിയപ്പെട്ട അദ്ദേഹം ലോകത്തിലെ മായയിൽ പെട്ടുപോകും എന്ന് ഭയന്ന് ജന്മം എടുക്കാൻ വിസമ്മതിച്ചു. ഗർഭപാത്രത്തിൽ കിടന്നുകൊണ്ടു തന്നെ തന്റെ പിതാവിന്റെ ജ്ഞാന പ്രഭാഷണങ്ങൾ കേൾക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 16 വർഷങ്ങൾ കഴിഞ്ഞ് അദ്ദേഹം ശുകദേവനായി ജനിക്കുകയും , പിന്നീട് അർജ്ജുനന്റെ പൗത്രനായ പരീക്ഷിത്ത് മഹാരാജാവിന് ശ്രീമദ് ഭാഗവതകഥ പറഞ്ഞു കൊടുക്കുകയും ചെയ്തു. കലിയുഗത്തിൽ പരമമായ ആശ്വാസമരുളുന്ന ഈ ഗ്രന്ഥം, മഹാവിഷ്ണുവിന്റെ അവതാരകഥകളെ (പ്രധാനമായും ശ്രീകൃഷ്ണന്റെ) യാണ് പ്രതിപാദിക്കുന്നത്.

ഇതുപോലെ നിരവധി ഗുരുക്കന്മാർ അദ്വൈത ഗുരു പരമ്പരയുടെ ഭാഗങ്ങളാണ്. അദ്വൈത ജ്ഞാനം അത്ഭുതകരമാം വിധം അഗാധമായിരുന്നെങ്കിലും, പിന്നീട് മതപരമായ ആചാരങ്ങൾക്ക് പ്രാമുഖ്യം ലഭിച്ചു. അങ്ങനെ, അദ്വൈത ജ്ഞാനത്തിന്റെ പ്രചാരം  ജനങ്ങൾക്കിടയിൽ നഷ്ടപ്പെട്ടു തുടങ്ങുകയും ചെയ്തു..

ആദി ശങ്കരാചാര്യർ – അദ്വൈത ജ്ഞാനം പുനരുജ്ജീവിപ്പിച്ച ഗുരു

ഏഴാം നൂറ്റാണ്ടിലാണ് ആദിശങ്കരാചാര്യർ തന്റെ ഗുരുവായ ഗോവിന്ദ ഭഗവത് പാദരെ ഇന്നത്തെ മദ്ധ്യപ്രദേശിൽ നർമ്മദാ നദീതീരത്ത് വെച്ച് കണ്ടു മുട്ടിയത്. “ നീ ആരാണ്?”, എന്ന് ഗുരു ഗോവിന്ദാചാര്യർ ആദിശങ്കരാചാര്യരോട് ചോദിച്ചു. അതിന് മറുപടിയായി അദ്ദേഹം ഈ വരികൾ ചൊല്ലുകയാണ് ചെയ്തത്

मनोबुद्ध्यहङ्कार चित्तानि नाहं

न च श्रोत्रजिह्वे न च घ्राणनेत्रे ।

न च व्योम भूमिर्न तेजो न वायुः

चिदानन्दरूपः शिवोऽहम् शिवोऽहम् ॥१॥

“മനോബുദ്ധ്യഹങ്കാര ചിത്താനി നാ ഹം

ന ച ശ്രോത്രജിഹ്വേ, ന ച ഘ്രാണനേത്ര

ന ച വ്യോമഭൂമിർ ന തേജോ ന വായു

ചിദാനന്ദരൂപ: ശിവോഹം, ശിവോഹം

ചിദാനന്ദരൂപ: ശിവോഹം, ശിവോഹം”|

“ഞാൻ മനസ്സോ, ബുദ്ധിയോ, അഹങ്കാരമോ അല്ല,

ഞാൻ ചെവികളല്ല, നാവല്ല, മൂക്കല്ല, കണ്ണുകളല്ല,

ഞാൻ ആകാശമല്ല, ഭൂമിയല്ല, അഗ്നിയല്ല വായുവല്ല, 

ചിദാനന്ദരൂപമായ, ശിവമായ ചേതനയാണ് ഞാൻ “

ഗുരു ഗോവിന്ദ ഭഗവത് പാദർ ഇത് കേട്ട് ആഹ്ലാദഭരിതനാവുകയും, ശങ്കരാചാര്യർക്ക് സന്യാസ ദീക്ഷ നൽകുകയും ചെയ്തു.  ഗോവിന്ദ ഭഗവത് പാദർ സനാതനധർമ്മം പുന:സ്ഥാപിക്കാനുള്ള ചുമതല ശങ്കരാചാര്യരെയാണ് ഏല്പിച്ചത്. ശങ്കരാചാര്യർ വിസ്മൃതിയിൽ ആണ്ടു കിടക്കുന്ന അദ്വൈത ഗ്രന്ഥങ്ങളെ പുനരുജ്ജീവിപ്പിച്ചു. കുറെക്കൂടി ലളിതമായ രീതിയിൽ അദ്ദേഹം ജനങ്ങളിലേക്ക് ഉപനിഷദ് ജ്ഞാനം പകർന്നു നൽകി. മാത്രമല്ല ഭാരതത്തിൽ, വടക്കും, തെക്കും, കിഴക്കും,പടിഞ്ഞാറും, അദ്ദേഹം ജ്യോതിർ മഠങ്ങൾ സ്ഥാപിക്കുകയും ചെയ്തു.

ആദി ശങ്കരാചാര്യരുടെ ശിഷ്യരും പിന്നീട് വന്ന ഗുരുക്കന്മാരും, അദ്വൈത ജ്ഞാനം നിലനിർത്താൻ തനതായ സംഭാവനകൾ നൽകി. നമ്മളെല്ലാവരും ഒന്നാണ് എന്ന് നമ്മളെ അനുഭവിക്കാൻ സഹായിച്ച അവരോടെല്ലാം നമുക്ക് കൃതജ്ഞത പ്രകാശിപ്പിക്കാം.

സ്വാമി ഹരിഹരയിൽ നിന്ന് ലഭിച്ച ജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയത്

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *