“അത് അറിയുന്ന ആൾ ഒരു സത്യാന്വേഷിയാണ്. ആത്യന്തികമായി ഓരോ മനുഷ്യജന്മവും ദൈവികതയുടെ ജ്വാലയായതുകൊണ്ട് ആർക്കും മോശമാകാൻ കഴിയില്ല. ഈശ്വരൻ സൃഷ്ടിച്ച ആരും ചീത്തയല്ല, എന്നാണ് ഞാൻ പറയുക. എല്ലാവരിലും പ്രകാശമുണ്ട്.”
നിങ്ങൾ ആളുകളുടെ നന്മയിൽ വിശ്വസിക്കുന്നുണ്ടോ?
അടിസ്ഥാനപരമായി ലോകത്ത് രണ്ടു തരത്തിലുള്ള വീക്ഷണം അല്ലെങ്കിൽ രണ്ടു തരത്തിലുള്ള ആളുകളുണ്ട്:
- എല്ലാ ആളുകളും അന്തർലീനമായി മോശമാണ് എന്ന് കരുതുന്നവർ.
- അടിസ്ഥാനപരമായി എല്ലാവരും ഉള്ളിന്റെ ഉള്ളിൽ നല്ലവരാണെന്നും അവരുടെ പെരുമാറ്റം അല്പം മോശമാണെങ്കിലും, ആ പെരുമാറ്റം പുറമെ മാത്രമേ ഉള്ളു എന്നും കരുതുന്നവർ.
ആദ്യം പറഞ്ഞ തരത്തിലുള്ള ആളുകൾ ആരെയും വിശ്വസിക്കുന്നില്ല. എന്നാൽ രണ്ടാമത്തെ വിഭാഗം ആളുകൾ ആരെയും അധികമായി അവിശ്വസിക്കുന്നില്ല. വ്യത്യാസം നിങ്ങൾ കാണുന്നില്ലേ? എല്ലാവരും അന്തർലീനമായി നല്ലവരാണെന്ന് നിങ്ങൾ വിചാരിക്കുകയാണെങ്കിൽ നിങ്ങളുടെ സംശയം ഉപരിതലത്തിൽ മാത്രമേ ഉണ്ടാകൂ. നിങ്ങൾ ആരെയും ആഴത്തിൽ സംശയിക്കുന്നില്ല. കാരണം, എല്ലാവരിലും നന്മയുണ്ടെന്നു നിങ്ങൾക്ക് അറിയാം. നിങ്ങൾ എല്ലാവരുടെയും നന്മയിൽ വിശ്വസിക്കുന്നു.
എല്ലാവരും അന്തർലീനമായി മോശമാണ് എന്ന് കരുതുന്ന ആദ്യത്തെ വിഭാഗത്തിൽ പെടുന്ന ആളുകൾക്ക് വിശ്വാസം ഒരു വലിയ പ്രശ്നമാണ്. പുറമെ നല്ലവരാണെന്നു തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ അവർ നല്ലവരല്ല, എന്ന സമീപനം – മനസ്സിലെ ഈ അനുമാനം – –ആരെയും വിശ്വസിക്കാതിരിക്കാൻ കാരണമായിത്തീരുന്നു.
നിഷേധാത്മകത പുറന്തോടിൽ മാത്രമേയുള്ളു എന്ന് കാണുന്നതാണ് വിവേകം
നിങ്ങൾ ഒരാളിൽ എന്തെങ്കിലും നിഷേധാത്മകത കാണുമ്പോൾ അത് ആ വ്യക്തിയുടെ ശരിയായ സ്വഭാവമായി കരുതുന്നു. ഇതു വളരെ രസകരമായ ഒരു കാര്യമാണ്.
എനിക്ക് നിങ്ങളോട് ഒരു സംഭവം പങ്കുവെക്കുവാൻ ആഗ്രഹമുണ്ട്.
കഴിഞ്ഞവർഷം ഇന്ത്യയിലെ വടക്കുള്ള ഒരു നഗരത്തിൽ ഞാൻ ഒരു വലിയ സത്സംഗിന് പോയി. സത്സംഗിൽ വെച്ച്, നിരവധി കുറ്റകൃത്യങ്ങൾ ചെയ്ത ഒരാൾ കടന്നുവന്നു, സ്റ്റേജിൽ കയറി ചുറ്റും നടക്കാൻ തുടങ്ങി. എല്ലാ പത്രപ്രവർത്തകരും മറ്റുള്ളവരും പറഞ്ഞു “ഇയാൾ ഒരു കുറ്റവാളിയാണ്, എങ്ങിനെ ഗുരുദേവൻ്റെ അടുത്തെത്തി. എങ്ങിനെയാണ് അയാൾ ഗുരുദേവിനൊപ്പം നിൽക്കുന്നത്”, എന്ന്
ഈ വ്യക്തി ഒരു കുപ്രസിദ്ധനായിരുന്നു. അയാൾ പറയും “ഒരു ഫോൺ വിളി കൊണ്ട് എനിക്ക് ഒരു വിമാനം തടയാൻ കഴിയും “ഏതെങ്കിലും ടാക്സി ഡ്രൈവറോട് കാറിൽ നിന്നും ഇറങ്ങാൻ പറഞ്ഞിട്ട് അയാൾ ആ ടാക്സിയുമായി പോകും. വലിയ കുറ്റകൃത്യങ്ങളുടെ ചരിത്രമുള്ള ഒരു വ്യക്തിയായിരുന്നു, അയാൾ. അതുകൊണ്ട് അയാൾ സ്റ്റേജിൽ വന്നപ്പോൾ എല്ലാവരും “എങ്ങനെ ഗുരുദേവൻ ഇത് അനുവദിച്ചു “എന്ന് അത്‍ഭുതപ്പെട്ടു.
നിങ്ങൾക്ക് അറിയാമോ, ഇതേ ആൾ, ഒരു കോഴ്സും ചെയ്തിട്ടില്ലാത്തയാൾ, മൂന്നു മാസങ്ങൾക്കു ശേഷം ശിവരാത്രിക്ക് എന്നെ കാണാൻ ബാംഗ്ലൂർ ആശ്രമത്തിൽ വന്നു. അയാൾ എന്റെ ഫോട്ടോ പോക്കറ്റിൽ നിന്നും എടുത്തു, എന്നിട്ട് പറഞ്ഞു “ഗുരുദേവ് ഈ ഫോട്ടോ എന്റെ പോക്കറ്റിൽ വച്ചതിനു ശേഷം എനിക്ക് എന്റെ തൊഴിൽ ചെയ്യാൻ കഴിഞ്ഞില്ല. എന്താണ് സംഭവിച്ചത്? താങ്കൾ എന്താണ് ചെയ്തത്? എന്റെ ജീവിതം ആകെ തല കീഴായി, എന്റെ ജീവിതമേ മാറിപ്പോയി. ഇവിടെ വളരെ ആനന്ദമുണ്ട്. ഇപ്പോൾ എനിക്ക് ഈ ആനന്ദം എന്റെ സംസ്ഥാനത്തേക്കും എല്ലാ വീടുകളിലേക്കും എത്തിക്കണം ” എല്ലാവരും സാമൂഹ്യ വിരുദ്ധനായി കരുതിയിരുന്ന അതേ വ്യക്തിയാണിത്. പത്രപ്രവർത്തകർക്കുപോലും അയാളെ ഭയമായിരുന്നു. പൊതുവെ പത്രപ്രവർത്തകർ ആരെയും ഭയക്കാത്തവരാണ്. എന്നാൽ അവർ പറഞ്ഞു “ഇയാൾ ഭയങ്കരനാണ്”
ലോകം, നിങ്ങൾ കാണുന്നതുപോലെയാണ്
നിങ്ങൾക്ക് അറിയാമോ, എങ്ങിനെയാണോ നാം ആളുകളെ ഗ്രഹിക്കുന്നത് ലോകവും അങ്ങിനെയാകും. . സംസ്‌കൃതത്തിൽ ഇങ്ങനെ ഒരു പഴഞ്ചൊല്ലുണ്ട്.”യഥാ ദൃഷ്ടി തഥാ സൃഷ്ടി “, എന്ന്. നിങ്ങൾ എങ്ങിനെയാണോ ലോകത്തെ കാണുന്നത്, ലോകം നിങ്ങളെ സംബന്ധിച്ച് അങ്ങനെത്തന്നെയാകുന്നു. ലോകം മുഴുവൻ ഭീകരരായ ആളുകളാണ് എന്നാണ് കാണുന്നതെങ്കിൽ, നിങ്ങളുടെ അനുഭവത്തിൽ, അങ്ങിനെയുള്ള കാര്യങ്ങൾ മാത്രമേ സംഭവിക്കയുള്ളു. ലോകം മുഴുവൻ നല്ല ആളുകളാണെന്നു കണ്ടാൽ, ഒരു കൊടും കുറ്റവാളിയുടെ ഉള്ളിന്റെ ഉള്ളിലും വളരെ നല്ല ഒരു വ്യക്തി ഒളിച്ചിരിക്കുന്നതായി കാണാം. നിങ്ങൾക്ക് അത് തിരിച്ചറിയാം.
അതുകൊണ്ട് ആളുകളെ മുൻവിധിയോടെ കാണരുത്. അവരെ നല്ലവരെന്നോ, മോശമെന്നോ മുദ്രകുത്തരുത്. ഇവിടെ ഒരു ദൈവികത മാത്രമേ ഉള്ളു.അത് പല പ്രകാരത്തിൽ പ്രകടമാകുന്നു എന്ന് മാത്രം. പല പല വ്യക്തികളിലും, പല പല മാനസികാവസ്ഥകളിലും, പല പല നിറങ്ങളിലും പ്രകടമാകുന്നു എന്നു മാത്രം. അത് ഒരു പ്രകാശമാണ്. അത് നമുക്ക് തിരിച്ചറിയാൻ സാധിച്ചാൽ നമ്മുടെ ഹൃദയത്തിൽ അഗാധമായ ശാന്തി അനുഭവപ്പെടും, കൂടാതെ മറ്റൊന്നിനും ഉലക്കാൻ കഴിയാത്ത തരത്തിലുള്ള വിശ്വാസവും ഉണ്ടാകും .
എല്ലാവരിലും പ്രകാശമുണ്ട്
എല്ലാവരും അന്തർലീനമായി ഈശ്വരന്റെ ഒരു അംശം ആണെന്നും അതിനാൽതന്നെ ആരും മോശമാകില്ലായെന്നും അറിയുന്ന ആളാണ് ഒരു സത്യാന്വേഷി. സൃഷ്ടികർത്താവ് ഒരു മനുഷ്യജീവിയേയും ചീത്തയായി സൃഷ്ടിക്കുന്നില്ല. ഞാൻ പറയുന്നു,-മോശമായ ഒരു വ്യക്തിയുമില്ല, എല്ലാവരിലും ഉള്ളിൽ പ്രകാശമുണ്ട്. എവിടെയോ അത് ഒളിഞ്ഞിരിക്കുന്നു, എവിടെയോ അത് എവിടെയോ ഉറങ്ങിക്കിടക്കുന്നു. മറ്റെവിടെയോ അത് കൂടുതൽ പ്രവർത്തന നിരതമാകുന്നു, എന്ന് മാത്രം.
അതുകൊണ്ട്, ആ രണ്ടു വഴികൾ ഇവയാണ്. നിങ്ങളുടെ മനസ്സിൽ, നിങ്ങൾ ഏതു ഭാഗത്തേക്കാണ് പോകുന്നതെന്ന് കാണുക. നിങ്ങൾ വിശ്വാസത്തിലേക്കാണോ അതോ സംശയത്തിലേക്കാണോ പോകുന്നത്? മറ്റുള്ളവരെ ഇഷ്ടപ്പെടാത്ത, നിങ്ങളെതന്നെ ഇഷ്ടപ്പെടാത്ത ഭാഗത്തേക്കാണ് നിങ്ങൾ പോകുന്നതെങ്കിൽ, അതിൽ ഒരു മാറ്റം വരുത്താനുള്ള സമയമാണ്. “അല്ല എല്ലാവരും ആന്തരികമായി നല്ലവരാണ് “എന്ന് പറയൂ.











