വളരെക്കാലംമുമ്പ്, തങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന നാല് വൃദ്ധർ ഉണ്ടായിരുന്നു. ആദ്യത്തെ ആൾ ദുരിതത്തിലായിരുന്നു, അതിൽ നിന്ന് എങ്ങനെ കരകയറണമെന്ന് അറിയാൻ അയാൾ ആഗ്രഹിച്ചു. രണ്ടാമത്തെയാൾ കൂടുതൽ പുരോഗതിയും വിജയവും ആഗ്രഹിച്ചു, അത് എങ്ങനെ നേടാമെന്ന് അറിയാൻ ആഗ്രഹിച്ചു. മൂന്നാമൻ ജീവിതത്തിൻ്റെ അർത്ഥം അറിയാൻ ആഗ്രഹിച്ചു. നാലാമന് എല്ലാ അറിവും ഉണ്ടായിരുന്നു, എന്നിട്ടും, അയാൾക്ക് എന്തോ കുറവുണ്ടായിരുന്നു, അത് എന്താണെന്ന് അയാൾക്കറിയില്ലായിരുന്നു.
അങ്ങനെ ഈ നാലുപേരും ഉത്തരങ്ങൾക്കായി അലയുകയായിരുന്നു, ഒടുവിൽ എല്ലാവരും ഒരു ആൽമരം നില്ക്കുന്നിടത്ത് എത്തിചേർന്നു. ആ ആൽമരത്തിൻ്റെ ചുവട്ടിൽ വലിയൊരു പുഞ്ചിരിയോടെ ഒരു യുവാവ് ഇരുന്നിരുന്നു, പെട്ടെന്ന് എല്ലാവരും അദ്ദേഹം ഇവർക്ക് ഉത്തരം നൽകുമെന്ന് ചിന്തിച്ചു. ഈ വ്യക്തി തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോകുകയാണെന്ന് നാലുപേരും കരുതി. അങ്ങനെ അവർ നാലുപേരും അവിടെ ഇരുന്നു, ആൽമരത്തിൻ്റെ ചുവട്ടിൽ പുഞ്ചിരിയോടെ ഇരിക്കുന്ന ചെറുപ്പക്കാരൻ ഒരു വാക്കുപോലും പറഞ്ഞില്ല, എന്നിരുന്നാലും അവർക്ക് എല്ലാവർക്കും അവർ ആഗ്രഹിച്ച ഉത്തരം ലഭിച്ചു.
ഗുരുപൂർണിമയുടെ ആദ്യ കഥയാണിത്. അന്നൊരു പൗർണ്ണമി ദിനമായിരുന്നു, അങ്ങനെയാണ് ഗുരുപരമ്പര (ഗുരുവിൻ്റെ വംശപരമ്പര) ആരംഭിച്ചത്. ഈ നാല് മുതിർന്നവരും ഗുരുക്കന്മാരായി.
അവർക്ക് ആഗ്രഹിച്ചത് ലഭിച്ചു:
- ദുരിതം ഇല്ലാതായി
- സമൃദ്ധിയും സന്തോഷവും ലഭിച്ചു
- അന്വേഷണം അവസാനിച്ചു
- അറിവുള്ളവന് സ്വത്വത്തെ പ്രകടിപ്പിക്കാൻ ഒരു ഗുരുവിനെ ലഭിച്ചു
ആ നാലാമത്തെ മനുഷ്യന് എല്ലാം ഉണ്ടായിരുന്നു, എല്ലാ അറിവും ഉണ്ടായിരുന്നു, പക്ഷേ സത്തയുമായി ബന്ധപ്പെടാൻ ഒരു ഗുരു ഇല്ലായിരുന്നു. അങ്ങനെ ഗുരുവുമായുള്ള ആന്തരിക ബന്ധം സംഭവിച്ചു.
അതുകൊണ്ടാണ് ശങ്കരാചാര്യർ പറഞ്ഞത്, “മൗന വ്യാഖ്യാ പ്രകടിത, പരാ ബ്രഹ്മ തത്വം യുവാനാം”. (അർത്ഥം: ഞാൻ ദക്ഷിണാമൂർത്തിയെ (ആദ്യ ഗുരു) സ്തുതിക്കുന്നു, വന്ദിക്കുന്നു ആരാണോ തൻ്റെ മൗനാവസ്ഥയിലൂടെ പരമമായ ബ്രഹ്മത്തിൻ്റെ യഥാർത്ഥ സ്വഭാവം വിശദീകരിക്കുന്നത്).
കഥയുടെ പ്രതീകാത്മകത
കഥയിൽ, അധ്യാപകൻ ചെറുപ്പമാണ്, കാരണം ആത്മാവ് എപ്പോഴും ചെറുപ്പമാണ്, അതേസമയം വിദ്യാർത്ഥികൾ പ്രായമുള്ളവരാണ്. ഇതുമായി ബന്ധപ്പെട്ട നിരവധി സാമ്യങ്ങളുണ്ട്. അന്വേഷണം നിങ്ങളെ വൃദ്ധനാക്കുന്നു. ഭൗതികതയെയോ മോക്ഷത്തെയോ എന്തിന് വേണ്ടി തന്നെ ആയാലും അന്വേഷണം നിങ്ങളെ വൃദ്ധനാക്കുന്നു. അങ്ങനെ ശിഷ്യന്മാർ വൃദ്ധരും ഗുരു യുവാവും ആകുന്നു.
ആൽമരത്തിൻ്റെ പ്രതീകാത്മകത എന്താണ്? ആൽമരം സ്വന്തമായി വളരുന്നു. അതിന് ആരുടേയും പരിചരണമോ സംരക്ഷണമോ ആവശ്യമില്ല. അധികം വെള്ളമില്ലാത്ത കല്ലിൻ്റെ വിള്ളലിൽ ആൽമരത്തിൻ്റെ വിത്ത് ചെന്നാൽ അവിടെയും വളരും. ഇതിന് വേണ്ടത് കുറച്ച് ചെളിയും വളരെ കുറച്ച് വെള്ളവും മാത്രം. ചിലപ്പോൾ അത് പോലും ആവശ്യമില്ല. ഒരു ആൽമരം എല്ലാ സമയത്തും ഓക്സിജൻ നൽകുന്നു. 24 മണിക്കൂറും ഓക്സിജൻ നൽകുന്ന ഒരു വൃക്ഷമാണിത്. അതിൻ്റെ എല്ലാം നൽകുന്ന സ്വഭാവം ഗുരു തത്വത്തെ പ്രധിനിധീകരിക്കുന്നു.
ഗുരു എന്നാൽ അന്ധകാരം, ദുരിതം, ഏകാന്തത, ഇല്ലായ്മ എന്നിവ നീക്കി സമൃദ്ധി കൊണ്ടുവരുന്നയാൾ എന്നാണ് അർത്ഥം. കാരണം, ഇല്ലായ്മ മനസ്സിൽ മാത്രമാണുള്ളത്. അതിനാൽ ഗുരു ഇല്ലായ്മ നീക്കി സ്വാതന്ത്ര്യം നൽകുന്നു.





