മനസ്സിന് ശക്തി വർദ്ധിപ്പിക്കണമെന്നുണ്ടെങ്കിൽ പ്രേമത്തിലാകൂ
എന്താണ് ശരി, എന്താണ് നമുക്ക് നല്ലത് എന്നെല്ലാം നമുക്കറിയാം. എന്നാൽ പലപ്പോഴും അത് നടപ്പിലാക്കാനുള്ള മന:ശക്തി ഇല്ലെന്ന് നമുക്ക് തോന്നും.
നിങ്ങൾക്ക് മന:ശക്തി ഇല്ലെങ്കിൽ അത് എങ്ങനെ കൂട്ടാം എന്നതിനെപ്പറ്റി നിങ്ങൾ വായിക്കുക പോലുമില്ല. നിങ്ങൾ പ്രാവർത്തികമാക്കുന്ന ഓരോ ചിന്തകളും നിങ്ങൾക്ക് മന:ശക്തിയുണ്ട് എന്ന് ചൂണ്ടിക്കാണിക്കുന്നു. എനിക്ക് എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് പോകണം എന്ന ഒരു ചിന്ത മനസ്സിലേക്ക് വരുന്നു. നിങ്ങളത് നടപ്പിലാക്കുന്നു. അത് മന:ശക്തിയെ സൂചിപ്പിക്കുന്നു. ഒട്ടും മന:ശക്തി ഇല്ലാതിരിക്കുക എന്നത് അസാധ്യമാണ്.
നിങ്ങളുടെ മനസ്സിലെ ചില ശീലങ്ങളോ ചില പ്രലോഭനങ്ങളോ മൂലം ചില കാര്യങ്ങൾ നടക്കാതിരിക്കുമ്പോൾ നിങ്ങൾക്ക് തോന്നും “എനിക്ക് ഒട്ടും മന:ശക്തിയില്ല”. എന്നാൽ നിങ്ങൾക്ക് ഒരു മനസ്സുള്ളേടത്തോളം അതിൽ ശക്തിയും ഉണ്ട്.
നിങ്ങൾക്ക് മന:ശക്ത്തിയില്ല എന്ന് നിങ്ങൾ പറയുമ്പോൾ നിങ്ങളുടെ കൈകൾ കെട്ടപ്പെട്ടിരിക്കുന്നു. നിങ്ങൾ ദുർബലനാണ് എന്ന ഒരു മേൽവിലാസം നെറ്റിയിൽ ഒട്ടിച്ചിരിക്കുന്നതു പോലെയാണ്.
അതിനുപകരം നിങ്ങളുടെ ഉള്ളിലെ ശൗര്യത്തെ ഉണർത്തു. ഒരു പ്രതിജ്ഞ എടുക്കൂ. ആവശ്യമുള്ളപ്പോൾ എല്ലാ ശക്തിയും നിങ്ങൾക്ക് ലഭ്യമാണ്. നിങ്ങൾക്ക് എല്ലാ ശക്തിയും ഊർജ്ജവും ഉണ്ട്.
30 ദിവസം പ്രാണായാമം ചെയ്താൽ നിങ്ങൾക്ക് ആയിരം ഡോളർ കിട്ടും എന്ന് ആരെങ്കിലും നിങ്ങളോട് പറയുകയാണെങ്കിൽ ഒരു ദിവസം പോലും നിങ്ങൾ അത് മുടക്കുകയില്ല. നിങ്ങൾ ഉറക്കവും ഭക്ഷണവും വേണ്ടെന്നു വെച്ചേക്കാം, എന്നാൽ പ്രാണായാമം വേണ്ടെന്നു വയ്ക്കില്ല. ആർത്തി നിങ്ങളിൽ ആ ശക്തി ഉണ്ടാക്കുന്നു. അതുപോലെതന്നെ ഭയവും; പ്രാണായാമം ചെയ്തില്ലെങ്കിൽ നിങ്ങൾ രോഗബാധിതനാകും എന്ന് ആരെങ്കിലും പറയുകയാണെങ്കിൽ നിങ്ങൾ അത് മുടക്കില്ല. സ്നേഹം ഭയം ആർത്തി എന്നിവ മന:ശക്തിയെ ഉത്തേജിപ്പിക്കുന്നു.
ആയിരം ഡോളറിന്റെ ഒരു ചോദ്യം
ഇപ്പോൾ നിങ്ങൾ 30 ദിവസം പുകവലിച്ചില്ലെങ്കിൽ നിങ്ങൾക്ക് 10 ലക്ഷം ഡോളറോ പത്തുലക്ഷം യൂറോയോ കിട്ടും എന്ന് ആരെങ്കിലും നിങ്ങളോടു പറയുകയാണെങ്കിൽ നിങ്ങൾ പറയും,”എന്തിനാണ് 30 ദിവസമാക്കുന്നത്? ചില മാസങ്ങളിൽ 30 ദിവസം ഉണ്ട് ചിലതിൽ 31, ഫെബ്രുവരിയിൽ കുറവ് ദിവസങ്ങളെ ഉള്ളൂ. പണം കിട്ടും എന്ന് ഉറപ്പാക്കാനായി ഞാൻ 35 ദിവസം പുകവലിക്കാതിരിക്കാം.”
അഹംഭാവമോ സ്നേഹമോ ഭക്തിയോ ആർത്തിയോ ഇല്ലാത്ത ഒരാൾക്ക് മനശക്തി കുറവായിരിക്കും.
– ഗുരുദേവ ശ്രീ ശ്രീ രവിശങ്കർ
ശീലത്തെക്കാൾ കൂടുതൽ നിങ്ങൾ എന്തിനെയെങ്കിലും വിലമതിക്കുകയും, അത് നിങ്ങൾക്ക് കിട്ടും എന്ന് നിങ്ങൾക്ക് ഉറപ്പും ഉണ്ടാവുകയാണെങ്കിൽ ശീലം തനിയെ ഇല്ലാതെയാവും. എയ്ഡ്സിനെ കുറിച്ചുള്ള ഭയം മൂലം രതിക്രീഡകൾ വളരെയധികം കുറഞ്ഞു. അതുപോലെ ഒരു ഉയർന്ന മൂല്യത്തിനോടുള്ള പ്രതിബദ്ധത ചെറിയ ആകർഷണങ്ങളിൽ നിന്ന് നിങ്ങളെ കരകയറ്റും.
എന്ത് ചെയ്യണം എന്താണ് നല്ലത് എന്നുള്ളതിനെപ്പറ്റി ബുദ്ധിപരമായ ഒരു ജ്ഞാനം മാത്രമാണ് ഉള്ളതെങ്കിൽ നിങ്ങൾ അതിനെ നിസ്സാരമായി തള്ളിക്കളയും. നിങ്ങളുടെ സുഖസൗകര്യങ്ങളിൽ തന്നെ ഇരിക്കാൻ നിങ്ങൾ തീർച്ചപ്പെടുത്തും. അപ്പോൾ മന:ശക്തി കുറഞ്ഞു പോകും.
ഹൃദയപൂർവ്വം നിങ്ങളിലെ ശൗര്യമോ സ്നേഹമോ ഉണർത്തു. ഏതെങ്കിലും ആദർശത്തിനോടുള്ള സമർപ്പണമോ, ഭയമോ, അത്യാർത്തിയോ നിങ്ങളിലെ മന:ശക്തി വർദ്ധിപ്പിക്കും.
അലസതയെ അകറ്റി നിർത്തേണ്ടതെപ്പോൾ?
അലസതയാണ് നിങ്ങൾക്ക് ഇച്ഛാശക്തി ഇല്ല എന്ന തോന്നൽ ഉണ്ടാക്കുന്നത്. നാളെ നിങ്ങൾ രാവിലെ 6 മണിക്ക് എഴുന്നേറ്റ് പ്രാണായാമം ചെയ്യുമെന്ന്, തീരുമാനിക്കുന്നു, എന്ന് വിചാരിക്കൂ. എന്നാൽ ” അയ്യോ, എന്തൊരു തണുപ്പാണ്, ഞാനിത് നാളെയോ, ഇന്ന് രാത്രിയോ ചെയ്യാം.”, എന്ന് രാവിലെയാകുമ്പോൾ നിങ്ങൾ സ്വയം പറയുന്നു. നിങ്ങളുടെ ഘടനയ്ക്ക് ക്ഷീണം ഉണ്ടാകുന്നതുകൊണ്ടും, നിങ്ങൾ ശരിയായ ആഹാരം കഴിക്കാത്തതുകൊണ്ടും ആണ് ഇത് സംഭവിക്കുന്നത്. ഇത് നിങ്ങളെ മടുപ്പിലേയ്ക്കെത്തിക്കുന്ന ഘട്ടം വരെ എത്തുമ്പോൾ, നിങ്ങൾ കിടയ്ക്കയിൽ നിന്ന് ചാടി എഴുന്നേറ്റ്, ഇതിന് പരിഹാരം കണ്ടെത്തണം എന്ന് തീരുമാനിക്കുന്നു.
അലസത നിങ്ങളെ മടുപ്പിലേയ്ക്ക് എത്തിക്കുന്ന ഒരു സമയം എപ്പോഴെങ്കിലും ഉണ്ടാകും. ഒരു തീപിടിത്തം ഉണ്ടായി, എന്ന് ആരെങ്കിലും പറയുമ്പോൾ നിങ്ങളുടെ അലസത അപ്രത്യക്ഷമാകും. പെട്ടെന്ന് എന്തെങ്കിലും ചെയ്യേണ്ട ഒരാവശ്യം ഉയർന്ന് വരും. അതല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിലെ എന്തെങ്കിലും കുരുക്ക് കെട്ടഴിഞ്ഞു പോകും. ഉള്ളിൽ നിന്ന് സ്നേഹം ഉയർന്നു വരുമ്പോൾ, അലസത അപ്രത്യക്ഷമാകുന്നു. ആരെപ്പറ്റിയോ, എന്തിനെയെങ്കിലും പറ്റിയോ, തീവ്രമായ വികാരാവേശം അനുഭവപ്പെടുന്നു.
അപ്പോൾ നിങ്ങൾക്ക് പെട്ടെന്ന് ഉണർവ്വും, ഊർജ്ജസ്വലതയും അനുഭവപ്പെടുന്നു. സ്നേഹമോ, ഭയമോ, അത്യാർത്തിയോ വഴി നിങ്ങൾക്ക് അലസതയെ മറികടക്കാൻ കഴിയും. ഇതിൽ ഏതിലെങ്കിലും ഒന്നിന്റെ അഭാവത്തിൽ, നിങ്ങൾ കാര്യങ്ങൾ നീട്ടി വെച്ച് തുടങ്ങും. അങ്ങനെ ചെയ്യുമ്പോൾ, ഏതെങ്കിലും ഒരു സമയത്ത് ഭയവും അനുഭവപ്പെടുന്നു. അപ്പോൾ നിങ്ങൾ ഭയം കൊണ്ടാണ് പ്രവൃത്തികൾ ചെയ്യുക. ഈ നീട്ടിവെയ്ക്കുന്നത് ഇല്ലാതാക്കാനുള്ള കുറെക്കൂടി നല്ല വഴിയാണ് സ്നേഹം. നിങ്ങൾ സ്വന്തം സഹോദരനേയോ, അനന്തിരവളേയോ,അതിരാവിലെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു വരാമെന്ന് ഏറ്റിട്ടുണ്ട്. രാവിലെ നിങ്ങൾക്ക് മടി തോന്നിയേക്കാമെങ്കിലും, നിങ്ങൾ എഴുന്നേറ്റ്, ഓടിപ്പോയി അവരെ കൊണ്ടുവരും. അതിനുള്ള ഊർജ്ജം നിങ്ങൾക്ക് എങ്ങനെയോ കിട്ടും.











