ധ്യാനത്തെക്കുറിച്ചുള്ള ഏറ്റവും സാധാരണമായ കെട്ടുകഥകൾ
1. ധ്യാനം എന്നത് ഏകാഗ്രതയാണ്
ധ്യാനം എന്നത് ചിന്തകളുടെ വികേന്ദ്രീകരണമാണ്(ചിന്തകളെ സ്വാതന്ത്രമാക്കുന്ന അവസ്ഥ). ഏകാഗ്രത എന്നത് ധ്യാനത്തിന്റെ പരിണത ഫലമാണ്. ഏകാഗ്രതയ്ക്ക് പരിശ്രമം ആവശ്യമുള്ളപ്പോൾ, ധ്യാനം മനസ്സിന്റെ പരിപൂർണ വിശ്രമമാണ്. ധ്യാനം എന്നത് എല്ലാം വിട്ടുകൊടുക്കുന്നതാണ്, അത് സംഭവിക്കുമ്പോൾ നിങ്ങൾ അഗാധമായ വിശ്രമത്തിലാണ്. മനസ്സ് വിശ്രമിക്കുമ്പോൾ, നമുക്ക് നന്നായി ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.
2. ധ്യാനം മതപരമായ ആചാരമാണ്
യോഗയും ധ്യാനവും എല്ലാ മതങ്ങൾക്കും അതീതമായി നിൽക്കുന്ന പുരാതന ആചാരങ്ങളാണ്. ധ്യാനത്തിന്(ധ്യാനിക്കുന്നതിനു) ഒരു മതത്തിനും വിലക്കില്ല. വാസ്തവത്തിൽ, ധ്യാനത്തിന് മതങ്ങളെയും രാജ്യങ്ങളെയും വിശ്വാസങ്ങളെയും ഒരുമിപ്പിക്കാൻ കഴിയും. സൂര്യൻ എല്ലാവർക്കും വേണ്ടി പ്രകാശിക്കുന്നത് പോലെയും കാറ്റ് എല്ലാവർക്കും വേണ്ടി വീശുന്നത് പോലെയും ധ്യാനം എല്ലാവർക്കും പ്രയോജനം ചെയ്യുന്നു. “എല്ലാ പശ്ചാത്തലങ്ങളിൽ നിന്നും മതങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നുമുള്ള ആളുകളെ ആഘോഷത്തിന്റെ മനോഭാവത്തോടെ വന്ന് ധ്യാനിക്കാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു,” ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറയുന്നു.
3. ധ്യാനിക്കാൻ പദ്മാസനത്തിൽ ഇരിക്കണം
പതഞ്ജലി യോഗസൂത്രങ്ങൾ മനസ്സിന്റെ സ്വഭാവത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു ശാസ്ത്രീയ പഠനമാണ്. ‘സ്ഥിരം സുഖം ആസനം’ എന്നത് മഹർഷി പതഞ്ജലിയുടെ ഒരു യോഗസൂത്രമാണ് (സൂക്തം). ധ്യാനിക്കുമ്പോൾ, സുഖകരമായും സ്ഥിരതയോടെയും ഇരിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറയുന്നു. ഇത് നമ്മളെ ആഴത്തിലുള്ള അനുഭവത്തിലെത്താൻ സഹായിക്കുന്നു. നിങ്ങൾക്ക് കാലുകൾ മടക്കിയിരിക്കാം, കസേരയിൽ ഇരിക്കാം, സോഫയിൽ ഇരിക്കാം – അതൊന്നും കുഴപ്പമില്ല. നിങ്ങളുടെ ധ്യാനം ആരംഭിക്കുമ്പോൾ, നട്ടെല്ല് നിവർത്തി ഇരിക്കുക. തലയും കഴുത്തും തോളുകളും വിശ്രമിക്കുക.
4. ധ്യാനം പ്രായമായവർക്കുള്ളതാണ്
ധ്യാനം സാർവത്രികമാണ്, എല്ലാ പ്രായത്തിലുമുള്ള ആളുകളുടെ ജീവിതത്തിന് അത് മൂല്യം നൽകുന്നു. നന്നേ ചെറിയ പ്രായത്തിൽ തന്നെ ഏകദേശം എട്ടോ ഒൻപതോ വയസ്സിൽ തന്നെ ധ്യാനം ആരംഭിക്കാം. കുളി ശരീരം വൃത്തിയായി സൂക്ഷിക്കുന്നതുപോലെ, ധ്യാനം മനസ്സിനെ വ്യക്തവും സമ്മർദ്ദരഹിതവുമാക്കുന്നു.
5. ധ്യാനം ഹിപ്നോട്ടിസം പോലെയാണ്
ഹിപ്നോസിസിനുള്ള(മോഹനിദ്രക്കുള്ള) ഒരു മറുമരുന്നാണ് ധ്യാനം. ഹിപ്നോട്ടിസത്തിൽ, വ്യക്തി താൻ എന്ത് അനുഭവിക്കുന്നു എന്ന് ബോധവാനല്ല. ധ്യാനം ഓരോ നിമിഷത്തെക്കുറിച്ചുമുള്ള പൂർണ്ണമായ അവബോധമാണ്. ഹിപ്നോട്ടിസം വ്യക്തിയെ അവന്റെ മനസ്സിലുള്ള അതേ ധാരണകളിലൂടെ കൊണ്ടുപോകുന്നു. ധ്യാനം വ്യക്തിയെ ധാരണകളിൽ നിന്ന് മോചിപ്പിക്കുന്നു. ഇത് നമ്മുടെ ബോധത്തെ പുതുമയുള്ളതും വ്യക്തതയുള്ളതുമാക്കുന്നു. ഹിപ്നോട്ടിസം മെറ്റബോളിക് (ചയാപചയ)പ്രവർത്തനം വർദ്ധിപ്പിക്കുന്നു, ധ്യാനം അത് കുറയ്ക്കുന്നു(കാര്യക്ഷമമാക്കുന്നു).
“നിങ്ങൾ എല്ലാ ദിവസവും പ്രാണായാമവും ധ്യാനവും പരിശീലിക്കുകയാണെങ്കിൽ, ആർക്കും നിങ്ങളെ ഹിപ്നോടൈസ് ചെയ്യാൻ കഴിയില്ല,” ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറയുന്നു.
6. ധ്യാനം ചിന്തകളെ നിയന്ത്രിക്കുന്നു
നമ്മൾ ക്ഷണിച്ചിട്ടല്ല ചിന്തകൾ വരുന്നത്. അവ വന്നതിനുശേഷം മാത്രമേ നമ്മൾ അവയെക്കുറിച്ച് ബോധവാന്മാരാകൂ. ചിന്തകൾ ആകാശത്തിലെ മേഘങ്ങളെപ്പോലെയാണ്. അവ തനിയെ വരികയും പോകുകയും ചെയ്യുന്നു. നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്നതിന് പരിശ്രമം ആവശ്യമാണ്, കൂടാതെ ശാന്തമായ മനസ്സിന്റെ താക്കോൽ ശ്രമമില്ലായ്മയാണ്. ധ്യാനത്തിൽ, നിങ്ങൾ നല്ല ചിന്തകൾക്കായി കൊതിക്കുന്നില്ല, അല്ലെങ്കിൽ മോശം ചിന്തകളെ വെറുക്കുന്നില്ല. നിങ്ങൾ ഒരു സാക്ഷിയാണ്, ചിന്തകൾക്ക് അതീതമായി ഉള്ളിന്റെയുള്ളിലെ ശാന്തമായ ഒരു സ്ഥലത്തേക്ക് നിങ്ങൾ പോകുന്നു.
7. ധ്യാനം പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിനുള്ള ഒരു മാർഗ്ഗമാണ്
നേരെമറിച്ച്, ധ്യാനം നിങ്ങളെ പുഞ്ചിരിയോടെ പ്രശ്നങ്ങളെ നേരിടാൻ പ്രാപ്തനാക്കുന്നു. സാഹചര്യങ്ങളെ മനോഹരമായും ക്രിയാത്മകമായും കൈകാര്യം ചെയ്യാനുള്ള കഴിവുകൾ നിങ്ങളിൽ വികസിക്കുന്നു. സാഹചര്യങ്ങളെ ഉള്ളതുപോലെ അംഗീകരിക്കാനും ബോധപൂർവമായ നടപടി സ്വീകരിക്കാനുമുള്ള കഴിവ് ധ്യാനം നിങ്ങളിൽ വളർത്തിയെടുക്കുന്നു. നിങ്ങൾ ഭൂതകാലത്തെക്കുറിച്ച് പരിതപിക്കുകയോ ഭാവിയെക്കുറിച്ച് വിഷമിക്കുകയോ ചെയ്യുന്നില്ല. ധ്യാനം ആന്തരിക ശക്തിയും ആത്മാഭിമാനവും പരിപോഷിപ്പിക്കുന്നു. ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമെങ്കിലും, ധ്യാനത്തിന്റെ പതിവ് പരിശീലനം ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ നമ്മളെ സഹായിക്കുന്നു.
8. ആനന്ദം അനുഭവിക്കാൻ മണിക്കൂറുകളോളം ധ്യാനിക്കണം
ആഴത്തിലുള്ള അനുഭവം ലഭിക്കാൻ നിങ്ങൾ മണിക്കൂറുകളോളം ഇരിക്കേണ്ടതില്ല. ആ ആന്തരിക ഇടവുമായി നിങ്ങളുടെ ഉറവിടവുമായി, ഒരു നിമിഷാർദ്ധത്തിൽ ബന്ധം സ്ഥാപിക്കാൻ കഴിയും. ഒരു ദിവസം രണ്ടുതവണ 20 മിനിറ്റ് നേരത്തെ സഹജ് സമാധി ധ്യാനം നിങ്ങളെ ഉള്ളിലേക്ക്(ആഴത്തിലേക്ക്) കൊണ്ടുപോകാൻ പ്രാപ്തമാണ് (മതിയാകും). നിങ്ങൾ എല്ലാ ദിവസവും ധ്യാനിക്കാൻ തുടങ്ങുമ്പോൾ, നിങ്ങളുടെ ധ്യാനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടും. ധ്യാനത്തിന്റെ ഗുണങ്ങളും നിങ്ങൾ അനുഭവിക്കാൻ തുടങ്ങും.
9. ധ്യാനിച്ചാൽ സന്യാസിയാകും
ധ്യാനിക്കാനോ ആത്മീയ പാതയിൽ പുരോഗമിക്കാനോ നിങ്ങൾ ഭൗതിക ജീവിതം ഉപേക്ഷിക്കേണ്ടതില്ല. വാസ്തവത്തിൽ, നിങ്ങൾ ധ്യാനിക്കുമ്പോൾ നിങ്ങളുടെ ആസ്വാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു. ശാന്തവും സമാധാനപരവുമായ മനസ്സോടെ, നിങ്ങൾക്ക് സന്തോഷവാനായിരിക്കാനും ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാനും കഴിയും.
10. ചില സമയങ്ങളിൽ, ചില ദിശകളിൽ മാത്രം ധ്യാനിച്ചാലേ പ്രയോജനമുള്ളൂ
ഏത് സമയവും ധ്യാനത്തിന് നല്ല സമയമാണ്, എല്ലാ ദിശകളും ധ്യാനത്തിന് നല്ലതാണ്. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം, നിങ്ങളുടെ വയറു നിറഞ്ഞതായിരിക്കരുത്, അല്ലാത്തപക്ഷം ധ്യാനിക്കുന്നതിനുപകരം നിങ്ങൾ ഉടൻ തന്നെ മയങ്ങിപ്പോകാം. എന്നാൽ, സൂര്യോദയത്തിലും സൂര്യാസ്തമയ സമയത്തും ധ്യാനിക്കുന്നത് ഒരു നല്ല ശീലമാണ്. ഇത് ദിവസം മുഴുവൻ നിങ്ങളെ ശാന്തരും ഊർജ്ജസ്വലരുമാക്കി നിലനിർത്തുന്നു.
ധ്യാനത്തെക്കുറിച്ചുള്ള സാധാരണവും പ്രചാരത്തിലുള്ളതുമായ കെട്ടുകഥകൾ ഞങ്ങൾ തകർത്തു എന്ന് കരുതുന്നു. ധ്യാനം നിങ്ങൾക്ക് നൽകുന്ന ഫലങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ വ്യക്തതയുണ്ട് എന്ന് കരുതുന്നു.





