ജീവിതത്തിന്റെ മൂന്ന് തലങ്ങൾ
എല്ലാവരും ജീവിതത്തിന്റെ മൂന്നു തലങ്ങളിലൂടെ കടന്നുപോകുന്നണ്ടെന്ന് നാം അറിഞ്ഞിരിക്കണം.ജാഗ്രത്, സ്വപ്നം, സുഷുപ്തി (ഉറക്കം) ഈ മൂന്ന് തലങ്ങളെക്കുറിച്ച് നന്നായി നാം മനസ്സിലാക്കുന്നില്ല, നാം അവയെ അവഗണിക്കുന്നു. നമ്മുടെ സ്വപ്നങ്ങളെക്കുറിച്ച് നാം ശ്രദ്ധിക്കുന്നേയില്ല. നമ്മുടെ ഗാഡനിദ്രയെ നാം ശ്രദ്ധിക്കുന്നില്ല, അല്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കുന്നതുപോലുമില്ല. നാം ഇത് ചെയ്യുകയാണെങ്കിൽ നമുക്ക് ചേതനയുടെ നാലാമത്തെ അവസ്ഥയെക്കുറിച്ച് അറിയാൻ കഴിയും. അത് ഇതൊന്നുമല്ല, മറിച്ച്, അതിന്റെയെല്ലാം പശ്ചാത്തലത്തിൽ ധ്യാനത്തിലൂടെ ഒരാൾക്ക് അനുഭവിക്കാൻ കഴിയുന്നതുമാണ്.
ഓരോ രാത്രിയിലും നമ്മൾ ഉറങ്ങുമ്പോഴോ ഉച്ചകഴിഞ്ഞുള്ള ഒരു മയക്കത്തിലോ പോലും എന്താണ് സംഭവിക്കുന്നതെന്ന് നമുക്കറിയാമോ? നാം അനുഭവിക്കുന്ന ഉറക്കത്തിനു മൂന്ന് തലങ്ങളുണ്ട്. അത് ഗാഢനിദ്ര യാണെങ്കിൽ നാം അതിൽ ആഴ്ന്നുപോകും. പിന്നെ ലഘുവായ ഉറക്കം ഉണ്ട്. കൂടാതെ സ്വപ്നങ്ങൾ ഉള്ള ആർ. ഈ. എം ഉറക്കം.
ഉണർന്നിരിക്കുന്ന അവസ്ഥയും ഉറക്കവും സൂര്യോദയവും ഇരുട്ടും പോലെയാണ്. സ്വപ്നം എന്നത് ഇടയിലുള്ള സന്ധ്യ പോലെയാണ്. എന്നാൽ ധ്യാനം ബഹിരാകാശത്തേക്ക് പറക്കുന്നതു പോലെയാണ്. അവിടെ സൂര്യാസ്തമയമില്ല, സൂര്യോദയമില്ല, ഒന്നുമില്ല!
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
നിങ്ങൾക്ക് മൂന്ന് ശരീരങ്ങളുണ്ട്
പുരാണഗ്രന്ഥങ്ങൾ പറയുന്നത് നമുക്ക് മൂന്ന് ശരീരങ്ങളുണ്ടെന്നാണ്: ഭൗതിക ശരീരം, സൂക്ഷ്മ ശരീരം, കാരണ ശരീരം. നമ്മുടെ എല്ലാ ചിന്തകളും വികാരങ്ങളും കൊണ്ട് ഉണ്ടാക്കിയ ഒരു സൂക്ഷ്മ ശരീരമാണ് നമുക്കുള്ളത് നമ്മൾ ആർ.ഈ.എം അവസ്ഥയിൽ ഉറങ്ങുമ്പോൾ, നമ്മുടെ സൂക്ഷ്മ ശരീരം പ്രവർത്തിക്കുന്നു. ഇത് സ്വപ്നാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സ്വപ്നങ്ങളിൽ, നിങ്ങൾക്ക് നിറങ്ങൾ കാണാൻ കഴിയുന്നത്, നിങ്ങൾക്ക് സുഗന്ധങ്ങൾ മണക്കാൻ കഴിയുന്നത്, സ്പർശനം അനുഭവിക്കാൻ കഴിയുന്നത്–നിങ്ങൾക്ക് ഒരു ഊഷ്മളമായ ആലിംഗനം പോലും അനുഭവിക്കാൻ കഴിയുന്നു.നമ്മുടെ അഞ്ച് ഇന്ദ്രിയങ്ങളിൽ ഒന്നും ഉപയോഗിക്കാതെ,നിങ്ങൾ അഞ്ച് ഇന്ദ്രിയങ്ങളെയും അനുഭവിക്കുന്നു. ഇവിടെ നമ്മുടെ സൂക്ഷ്മ ശരീരം സ്വപ്നാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്.
സ്വപ്നങ്ങളിൽ, യഥാർത്ഥ ലോകത്തിലോ, യഥാർത്ഥലോകമെന്നു നമ്മൾ കരുതുന്ന ലോകത്തിലോ, ഉണർന്നിരിക്കുന്ന അവസ്ഥയിൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഭവിക്കുന്നു. ഇത് പോലും യഥാർത്ഥ ലോകമല്ലെന്നു ശാസ്ത്രജ്ഞർ പറയുന്നു.
എന്നാൽ ഗാഢ നിദ്രയിൽ,നമ്മുടെ ശരീരത്തിന്റെ മറ്റൊരുതലം അല്ലെങ്കിൽ മൂന്നാമത്തെ ഭാഗമായ കാരണശരീരം നമുക്ക് അനുഭവപ്പെടുന്നു. ഗാഢനിദ്രയിൽ കാരണശരീരം പ്രവർത്തിക്കുന്നു. അത് ഊർജ്ജമാണ്. അതിൽ നിങ്ങൾ അതിർവരമ്പുകൾ അറിയുന്നില്ല. ശരീരത്തെ പോലും അനുഭവിക്കുന്നില്ല. എന്നാൽ ഗാഢനിദ്രയിൽ നിന്ന് ഉണരുമ്പോൾ, നമുക്കുണ്ടാകുന്ന അനുഭവം എന്താണ്? ഊർജ്ജസ്വലത.
നിങ്ങൾ സ്വന്തം സൂക്ഷ്മശരീരത്തിൽ മാത്രമിരിക്കുകയും, രാത്രി മുഴുവൻ സ്വപ്നങ്ങൾ കാണുകയും ചെയ്താൽ ഉണരുമ്പോൾ നിങ്ങൾക്ക് വളരെ ക്ഷീണം തോന്നും. എന്നാൽ നിങ്ങൾക്ക് ഗാഢനിദ്ര ലഭിക്കുമ്പോൾ, നിങ്ങൾ എല്ലാ ഊർജ്ജത്തിന്റെയും ഉത്സാഹത്തിന്റെയും പുതുമയുടെയും ഉന്മേഷത്തിന്റെയും ഉറവിടമായ സ്വന്തം കാരണശരീരത്തോടൊപ്പമാണ്. അതിനാൽ ഗാഢനിദ്രക്കുശേഷം നിങ്ങൾ ഉണരുമ്പോൾ നിങ്ങൾക്ക് വളരെ ഉന്മേഷവും ഊർജ്ജസ്വലതയും പുതുമയും അനുഭവപ്പെടും. നമ്മൾ എല്ലാ രാത്രിയും ഉറങ്ങുന്നു, പക്ഷെ നമ്മൾ ഒരിക്കലും ഉറക്കത്തെ കണ്ടുമുട്ടിയിട്ടില്ല., നമ്മുടെ ഗാഢനിദ്രയുമായി നാം ഒരിക്കലും കൈ കൊടുത്തിട്ടില്ല. ധ്യാനം അതിന് നിങ്ങളെ സഹായിക്കുന്നു.
ധ്യാനം ഉറക്കത്തിന് തുല്യമാണോ?
ധ്യാനം ഗാഢനിദ്രക്ക് സമാനമാണ്, പക്ഷേ ഗാഢനിദ്രയില്ലാതെ കൂടുതൽ നേരം ഉറങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടും. ഇത് ലഹരി ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന അനുഭവത്തിന് സമാനമാണ്. അവർ ഉണരുമ്പോൾ ഒരു മന്ദത അനുഭവപ്പെടുന്നു. നിങ്ങൾക്ക് കൂടുതൽ ക്ഷീണവും മടിയും അനുഭവപ്പെടുകയും ഒന്നും ചെയ്യാൻ തോന്നാതിരിക്കുകയും ചെയ്യുന്നത് പോലെ തന്നെയാണ് മയക്കുമരുന്നുകൾക്കും വിനോദമരുന്നുകൾക്കും ശേഷവും സംഭവിക്കുന്നത്. അതിനുശേഷം ആളുകൾ നല്ല അടി കിട്ടിയപോലെ ക്ഷീണിക്കുകയും, പൂർണമായും ശക്തി ക്ഷയിച്ചതുപോലെയും ശൂന്യമായതുപോലെയും ഊർജ്ജം നഷ്ടപ്പെട്ട പോലെയും ആവുകയും ചെയ്യന്നു.
ധ്യാനത്തിൽ ഇത് സംഭവിക്കുന്നില്ല. സ്വന്തം ശരീരത്തിന്റെ ഭാഗമായ നിങ്ങളുടെ കാരണ ശരീരമാകുന്ന ഊർജ്ജസ്രോതസ്സുമായി ബന്ധപ്പെടുവാൻ ധ്യാനം നിങ്ങളെ സഹായിക്കുന്നു. ധ്യാനത്തിൽ നിന്നും പുറത്തു വരുമ്പോൾ ധ്യാനം നിങ്ങൾക്ക് ഉന്നതിയും ശക്തിയും നൽകുന്നു. അത് ആരോഗ്യകരവുമാണ്. ഇത് നമ്മുടെ രോഗ പ്രതിരോധശേഷിയെ അഞ്ച് മടങ്ങുവരെ വർദ്ധിപ്പിക്കുന്നു. ധ്യാനം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകൾ ഉണ്ട്.
കോവിഡ് കാലഘട്ടത്തിൽപ്രത്യേകിച്ചും, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ വിദഗ്ധർ ധ്യാനത്തിൽ ഏർപ്പെട്ടിരുന്നു. കാരണം അത് വളരെ പ്രയോജനകരമാണെന്ന് അവർ കണ്ടെത്തി. കോവിഡ് 19 സമയത്ത് ആരോഗ്യ സംരക്ഷണ വിദഗ്ധർക്കും മെഡിക്കൽ സമൂഹത്തിനും മേൽ വലിയ സമ്മർദ്ദമുണ്ടായിരുന്നു. പ്രത്യേകിച്ച് വാക്സിൻ വരുന്നതിന് മുൻപുള്ള ആദ്യ കുറച്ചു മാസങ്ങളിൽ എന്തു ചെയ്യണമെന്ന് അവർക്കറിയില്ലായിരുന്നു.അവർ രോഗികളെ എങ്ങിനെ ചികിൽസിക്കണം? ആ സമയത്ത് ഗുരുദേവ് ലോകമെമ്പാടുമുള്ള ആളുകൾക്കുവേണ്ടി ദിവസവും രണ്ടു തവണ ധ്യാനം നടത്തി. അതിൽ പത്തുലക്ഷത്തിലധികം ഡോക്ടർമാരും നഴ്സ്മാരും പങ്കെടുത്തു.അവരുടെ വിലയിരുത്തൽ മികച്ചതായിരുന്നു. ദുഷ്കരമായ സമയത്ത് മുന്നോട്ടു പോകാനും ഊർജ്ജനില നിലനിർത്താനും ഇത് ശരിക്കും സഹായിച്ചുവെന്ന് അവർ പറഞ്ഞു.
അബോധാവസ്ഥയിൽ നിശ്ശബ്ദതയിലേക്ക് പോകുന്നത് ഉറക്കമാണ്. ബോധപൂർവം നിശ്ശബ്ദത സ്വീകരിക്കുന്നത് ധ്യാനമാണ്. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയും സൂക്ഷ്മമായ മാനങ്ങളിലേക്കുള്ള വാതിലുകൾ തുറക്കാൻ സഹായിക്കുകയും ചെയ്യും.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
മോചനത്തിലേക്കുള്ള ടിക്കറ്റ്
പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് മനസ്സ് ലയിക്കാത്ത അവസ്ഥയിലേക്ക് എത്തുന്നത്. നിങ്ങളുടെ മനസ്സ് അഞ്ച് ഇന്ദ്രിയങ്ങളിൽ നിന്നും പിൻവാങ്ങി ഉള്ളിലേക്ക് പോകുമ്പോൾ, എന്തു സംഭവിക്കും? നിങ്ങൾ പൂർണ്ണമായും ലയത്തിലാണ്. (താളവും ലയനവും എന്ന് അർഥം). ഉറക്കത്തിൽ സംഭവിക്കുന്നത് ഇതാണ്. നിങ്ങൾ ഉറക്കത്തിൽ എവിടെയാണ്? നിങ്ങൾ അലിഞ്ഞു പോയിരിക്കുന്നു.
ഞാൻ, എന്റെ,എന്റേത് എന്ന ബോധം ബന്ധനത്തിന് കാരണമാകുന്നു. ഈ ബോധം അലിഞ്ഞു പോകുമ്പോഴാണ് മുക്തി ലഭിക്കുന്നത് ഇരുപത്തിനാല് മണിക്കൂറും നിങ്ങളെ നിയന്ത്രണത്തിൽ നിർത്താൻ കഴിയില്ല. അതിനാൽ നിങ്ങൾ ഉറങ്ങാൻ പോകുന്നു. ഉറക്കത്തിൽ നിങ്ങൾക്ക് ഞാൻ, എന്റെ, എന്റേത് എന്ന ബോധം നഷ്ടപ്പെടുന്നു. ഉറങ്ങുമ്പോൾ നിങ്ങൾ എന്താണ്, എവിടെയാണ്? നിങ്ങൾക്ക് സ്വന്തം പേരും അനന്യതയും നഷ്ടപ്പെടുന്നു. നിങ്ങളുടെ ശരീരം കിടക്കയിൽ കിടക്കുന്നുണ്ടെന്നു പോലും നിങ്ങൾ അറിയുന്നില്ല. നിങ്ങൾക്ക് എല്ലാ വ്യക്തിത്വവും നഷ്ടപ്പെടുന്നു.ഇത് ശ്രീ ശ്രീ രവിശങ്കറിന്റെ ഉറക്കമാണെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല, ആർക്കും അത് എടുക്കാനും കഴിയില്ല. ഉറക്കം ഉറക്കമാണ്. ശ്രീ ശ്രീയും ഇല്ല, രവിശങ്കറും ഇല്ല. ആരും ഇല്ല –നാമവും രൂപവുമില്ല. ഉറക്കം മാത്രം.
മറുവശത്ത്, ധ്യാനം എന്നത് എന്നിലെ ‘ഞാൻ’ എന്നതിനെ ബോധപൂർവം അറിയുകയും ലയിപ്പിക്കുകയുംചെയ്യുന്നു. ‘ഞാൻ’ ഇല്ലാതാകുമ്പോൾ, അതാണ് സ്വാതന്ത്ര്യം, അതാണ് മുക്തി.
ഉറക്കത്തിന്റെ കാര്യത്തിൽ, ദേഹാദ്ധ്വാനത്താൽ വളരെ അധികം ക്ഷീണിതനായ ഒരാൾ, കൊതുകുകൾ ഉണ്ടെങ്കിൽ പോലും നന്നായി ഉറങ്ങും. ഉറക്കം ആസ്വദിക്കണമെങ്കിൽ നിങ്ങൾ കഠിന പ്രയത്നം ചെയ്യണം. ഈ ലോകത്ത് വിപരീത മൂല്യങ്ങൾ മാറി മാറി മാത്രമേ അനുഭവിക്കാൻ കഴിയുകയുള്ളു. എന്നാൽ സമാധിയുടെ ആനന്ദം വളരെ വലുതാണ്. ധ്യാനം നിങ്ങളെ വിപരീത മൂല്യങ്ങൾക്കും അപ്പുറത്തേക്ക് കൊണ്ടുപോകുന്നു.
യോഗനിദ്ര (എൻ. എസ്. ഡി. ആർ)
പ്രകൃതി നിങ്ങളെ ബോധപൂർവമല്ലാതെ മൗനത്തിലേക്കു പോകാൻ നിർബന്ധിക്കുന്നു, അതാണ് ഉറക്കം. ഉറക്കം നിങ്ങൾക്ക് ഊർജ്ജം നൽകുന്നു. വളരെയധികം സ്വപ്നം കാണുകയും വളരെ അധികം കാര്യങ്ങൾ ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് ഉറക്കമില്ലായ്മക്ക് കാരണമാകുന്നു. രണ്ടു കാര്യങ്ങൾ മനസ്സിൽ വെച്ചാൽ നിങ്ങൾ ഒരു കൊച്ചു കുഞ്ഞിനേ പ്പോലെ ഉറക്കത്തിലേക്ക് വീഴും. എനിക്ക് ഒന്നും വേണ്ട, ഞാൻ ഒന്നും ചെയ്യുന്നില്ല.
ബോധപൂർവം ഉറങ്ങുന്നതാണ് യോഗനിദ്ര. ഉറക്കം പ്രശ്നമാണെങ്കിൽ, നിങ്ങൾക്ക് യോഗനിദ്ര പരീക്ഷിക്കാവുന്നതാണ്. ഉറക്കത്തിനുവേണ്ടി ഒരു ഓൺലൈൻ യോഗാകോഴ്സും ഉണ്ട്.നിങ്ങൾക്ക് അത് ചെയ്യാൻ കഴിയും. ഉത്കണ്ഠയും ഉറക്കത്തകരാറും ഒഴിവാക്കാൻ ആർട്ട് ഓഫ് ലിവിംഗ് വർക്ക്ഷോപ്പിൽ നിന്ന് നിങ്ങൾക്ക് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ കഴിയും.
ധ്യാന സമയത്ത് ഉറങ്ങുക
ഒരു സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ഗുരുദേവനോട് ഇനിപ്പറയുന്ന ചോദ്യം ചോദിച്ചു : ധ്യാന സമയത്ത് ഉറങ്ങുന്നത് ശരിയാണോ? ഗുരുദേവ് മറുപടി പറഞ്ഞു : നിങ്ങൾ കൂർക്കം വലിക്കുകയും മറ്റുള്ളവരെ ശല്യപ്പെടുത്തുകയും ചെയ്യുന്നില്ലെങ്കിൽ കുഴപ്പമില്ല! ധ്യാനം ആഴത്തിലുള്ള വിശ്രമമാണ്. സമാധി എന്താണ്? അത് ഒരു ദശലക്ഷം വർഷത്തെ വിശ്രമത്തിന് തുല്യമാണ്. നിങ്ങൾ ഒരു നിമിഷമെങ്കിലും ധ്യാനിക്കുകയും, അതിന് മുൻപും ശേഷവും ഉറങ്ങുകയും ചെയ്താൽ, അത് പ്രശ്നമല്ല.











