​അഗാധമായ വിശ്രമം അനുഭവിക്കാനും നമ്മുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനുമുള്ള അമൂല്യമായ ഒരു വിദ്യയാണ് യോഗ നിദ്ര. ഇതൊരു മാർഗ്ഗനിർദ്ദേശിത ധ്യാനം (ഗൈഡഡ് മെഡിറ്റേഷൻ) പോലെയാണ്, നാം യാതൊരു ശ്രമവും നടത്തേണ്ടതില്ല. യോഗ നിദ്രയുടെ ചിട്ടയായ പരിശീലനം നമുക്ക് ആഴത്തിലുള്ള  വിശ്രമം നൽകുകയും ജീവിതത്തിൽ ഉണ്ടായിട്ടുള്ള മാനസിക ആഘാതങ്ങളെയും  സമ്മർദ്ദങ്ങളെയും പുറത്തുവിടാൻ സഹായിക്കുകയും ചെയ്യുന്നു. ഒരു ഉച്ചയുറക്കത്തേക്കാൾ വളരെ ആഴത്തിലുള്ള വിശ്രമം 20 മിനിറ്റ് യോഗ നിദ്ര അഥവാ യോഗികമായ ഉറക്കം നിങ്ങൾക്ക് നൽകും. യോഗ നിദ്രയിൽ അവബോധത്തോടെ ഉള്ള വിശ്രമം ആണ് ഉൾപ്പെടുന്നത്.

​യോഗ നിദ്രയും ഉറക്കവും തമ്മിലുള്ള വ്യത്യാസം

​നമ്മുടെ ബോധാവസ്ഥയുടെ നാല് സ്വാഭാവിക അവസ്ഥകളാണ് ജാഗ്രദാവസ്ഥ, സ്വപ്നാവസ്ഥ, സുഷുപ്തി, എന്നിവ.  നാലാമത്തേതാണ് തുരീയാവസ്ഥ അഥവാ സമാധി. സാധാരണയായി, നമ്മൾ ജാഗ്രദാവസ്ഥയിൽ നിന്ന് സ്വപ്നാവസ്ഥയിലേക്കും പിന്നീട് സുഷുപ്തിയിലേക്കും നീങ്ങുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ സംഭവിക്കുന്ന സാധാരണ പ്രക്രിയയാണിത്. എന്നാൽ ഉറക്കത്തിൽ, ബോധാവസ്ഥ പൂർണ്ണമായി നഷ്ടപ്പെടുകയും അഞ്ച് ഇന്ദ്രിയങ്ങൾ നിശ്ചലമാവുകയും ചെയ്യുന്നു. ഇന്ദ്രിയങ്ങൾ നിശ്ചലമാകുന്നത് നമ്മുടെ ശരീര വ്യവസ്ഥയ്ക്ക് ഊർജ്ജം നൽകുന്നു. എന്നാൽ യോഗ നിദ്രയിൽ, ഇന്ദ്രിയങ്ങൾ വിശ്രമത്തിലായിരിക്കുമ്പോൾ പോലും, ശബ്ദത്തിന്റെയോ നിർദ്ദേശത്തിന്റെയോ ഉറവിടത്തിൽ നേരിയ ശ്രദ്ധ നിലനിർത്തുന്നതിനാൽ നാം ബോധാവസ്ഥ നിലനിർത്തുന്നു. പരിശീലനം ലഭിച്ച ഒരു യോഗാധ്യാപകന്റെ മാർഗ്ഗനിർദ്ദേശത്തിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് യോഗ നിദ്രയിൽ നാം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ ബോധാവസ്ഥയെ വ്യതിചലിപ്പിക്കുന്നു. യോഗ നിദ്രയിൽ നാം ശ്വാസത്തിന്റെ സഹായവും തേടുന്നു.

​അങ്ങനെ ശ്വാസത്തിന്റെ സഹായത്തോടെ ശരീരത്തിലുടനീളം നമ്മുടെ ബോധാവസ്ഥ ചലിപ്പിക്കുന്നതിലൂടെ സാധാരണ ഉറക്കത്തേക്കാൾ ആഴത്തിലുള്ള വിശ്രമം നാം നേടുന്നു.

​യോഗയിൽ, ബോധാവസ്ഥ തന്നെ ഊർജ്ജമാണ്. അതിനാൽ നിങ്ങളുടെ കാൽമുട്ടുകളെക്കുറിച്ച് ബോധവാനാകുമ്പോൾ, നിങ്ങൾ അതിന് ഊർജ്ജം നൽകുന്നു;  പുറത്തിന്റെ താഴത്തെ ഭാഗത്തേക്ക് അവബോധത്തെ കൊണ്ടുവരുമ്പോൾ, നിങ്ങൾ അവിടേക്ക് ഊർജ്ജം അയയ്ക്കുന്നു. അതുപോലെ, യോഗ നിദ്രയിൽ, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും അവബോധത്തെ കൊണ്ടുവരുന്നതും അവയെ ബോധപൂർവ്വം ആഴത്തിൽ വിശ്രമിപ്പിക്കുകയും ചെയ്യുന്നത്  നിങ്ങളുടെ ശരീരത്തിനും മനസ്സിനും പൂർണ്ണമായി ഊർജ്ജം നൽകുന്നു.

​യോഗ നിദ്രയും ധ്യാനവും

​യോഗ നിദ്ര നിങ്ങളെ  ധ്യാനാവസ്ഥയിലേക്ക് കൊണ്ടുവരുന്നു, ഇത് കിടന്നുകൊണ്ടുള്ള ധ്യാനം മാത്രമാണ്.

അഗാധമായ വിശ്രമവും സജീവമായ(ഊർജസ്വലമായ) പ്രവർത്തനവും പരസ്പരപൂരകങ്ങളാണ്.  മനസ്സിനും ശരീരത്തിനും അഗാധമായ വിശ്രമം നൽകിയില്ലെങ്കിൽ നിങ്ങൾക്ക് എങ്ങനെ ചലനാത്മകവും സജീവവുമായിരിക്കാൻ കഴിയും? ഒരിക്കലും ഉറങ്ങിയിട്ടില്ലാത്ത ഒരാൾക്ക് ഒട്ടും ഊർജ്ജസ്വലത അനുഭവപ്പെടില്ല.

​- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

​യോഗ നിദ്ര പരിശീലനത്തിന്റെ പ്രാധാന്യം

​നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. മനസ്സിന്റെ തലത്തിൽ, നമുക്ക് സകാരാത്മകമായതും (പോസിറ്റീവായതും) നകാരാത്മമായതും (നെഗറ്റീവായതുമായ ചിന്തകൾ) ഉണ്ട്. നമുക്ക് പോസിറ്റീവായതും നെഗറ്റീവായതുമായ വികാരങ്ങളും ഉണ്ട്. അപ്പോൾ എന്താണ് ചിന്തകൾ, എന്താണ് വികാരങ്ങൾ? ചിന്തകൾ മനസ്സിന്റെ തലത്തിലെ ഊർജ്ജത്തിന്റെ ചില തരംഗങ്ങളാണ്, വികാരങ്ങൾ അനുഭവങ്ങളുടെ തലത്തിലെ ഊർജ്ജത്തിന്റെ ചില തരംഗങ്ങളാണ്. പോസിറ്റീവായതും നെഗറ്റീവായതുമായ ചിന്തകളും അതുപോലെ പോസിറ്റീവായതും നെഗറ്റീവായതുമായ വികാരങ്ങളും നമ്മുടെ സൂക്ഷ്മ ശരീരത്തിലെ പ്രാണനെ ചലിപ്പിക്കുന്നു. അത് പോസിറ്റീവായ ഒന്നാണെങ്കിൽ, അത് നമ്മുടെ നാഡീവ്യവസ്ഥയ്ക്ക് ഉണർവ്വും ഉത്തേജനവും നൽകുന്നു. നെഗറ്റീവായ ഒന്ന് നമ്മുടെ നാഡീവ്യവസ്ഥയുടെ സങ്കോചത്തിന് കാരണമാകുന്നു. നമ്മൾ സംസാരിക്കുകയാണെങ്കിലും ജോലി ചെയ്യുകയാണെങ്കിലും വീട്ടിലാണെങ്കിലും അല്ലെങ്കിൽ വിവിധ ജീവിത വെല്ലുവിളികൾ നേരിടുകയാണെങ്കിലും, നമ്മുടെ ജീവിതത്തിലെ എല്ലാ പ്രവർത്തനങ്ങളിലും നാം ഈ ഉണർവ്വിനും വികാസത്തിനും സങ്കോചത്തിനും ഇടയിൽ എപ്പോഴും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു, ഇത് ചിന്തകളുടെയും വികാരങ്ങളുടെയും തലത്തിൽ സമ്മർദ്ദത്തിന് കാരണമാകുന്നു. നമ്മുടെ നാഡീവ്യവസ്ഥ ഇതെല്ലാം തുടർച്ചയായി ആഗിരണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു.

​ഇനി, നമ്മൾ യോഗ നിദ്ര ചെയ്യുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് നോക്കാം. ഒരു ഗുരുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ യോഗനിദ്രക്കായി കിടക്കുമ്പോൾ നാം താരതമ്യേന കൂടുതൽ വിശ്രമത്തിലായിരിക്കും. തുടർന്ന് നാം അവബോധത്തെ നമ്മുടെശരീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറ്റേ ഭാഗത്തേക്ക് ചലിപ്പിക്കാൻ തുടങ്ങുന്നു, ഒപ്പം നാം വിശ്രമത്തോടെ ശ്വാസമെടുക്കുകയും ചെയ്യുന്നു. ഭൂതകാലത്തിന്റെയും ഭാവിയുടെയും കെണിയിൽപ്പെട്ട്, ആസൂത്രണം ചെയ്യുകയോ പശ്ചാത്താപം, ദേഷ്യം, ഉത്കണ്ഠ എന്നിവയിൽ കുടുങ്ങിക്കിടക്കുകയോ ചെയ്യുന്ന മനസ്സ് പതിയെ ആ കെണിയിൽ നിന്ന് പുറത്തുവന്ന് വർത്തമാന കാലത്തിലേക്ക്  വരാൻ തുടങ്ങുന്നു. നിങ്ങളുടെ മനസ്സ് പൂർണ്ണമായും വർത്തമാന നിമിഷത്തിലായിരിക്കുമ്പോൾ; നിങ്ങൾ ഒന്നും ചെയ്യുന്നില്ല, നിങ്ങൾ ഒന്നും ആസൂത്രണം ചെയ്യുന്നില്ല, നിങ്ങൾ ചിന്തിക്കുന്നില്ല. നിങ്ങളുടെ മനസ്സ് ഭൂതകാലത്തിലല്ല, അവിടെ ദേഷ്യമോ പശ്ചാത്താപമോ ഇല്ല. മനസ്സ് വർത്തമാനത്തിലേക്ക് വരുമ്പോൾ, അത് മുറുകെ പിടിച്ചിരുന്ന ഭൂതകാലവും ഭാവിയും, ഭൂതകാലത്തിലെ മുദ്രണങ്ങളും  ഭാവിയെക്കുറിച്ചുള്ള ആശങ്കകളും, മനസ്സ് വിട്ടയക്കാൻ തുടങ്ങുന്നു. നാഡീവ്യവസ്ഥ അഗാധമായ വിശ്രമാവസ്ഥയിൽ എത്തുകയും മനസ്സ് മുദ്രണങ്ങളെ  പുറത്തുവിടാൻ തുടങ്ങുകയും ചെയ്യുന്നു. എന്തെല്ലാം മുദ്രണങ്ങൾ  പുറത്തുവരുന്നതെന്ന് നമുക്കറിയില്ല, പക്ഷേ അവ പുറത്തുവിടപ്പെടുന്നു. ഇത് സമ്മർദ്ദത്തിൽ നിന്ന് ആശ്വാസം നൽകുന്നു. ചിന്തകളിലൂടെ നിങ്ങൾ ശേഖരിച്ച മാനസിക സമ്മർദ്ദത്തെയും  വികാരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും നിങ്ങൾ ശേഖരിച്ച വൈകാരിക സമ്മർദ്ദത്തെയും നിങ്ങൾ പുറത്തുവിടുന്നു, ഒപ്പം ശാരീരിക സമ്മർദ്ദത്തെയും പുറത്തുവിടുന്നു. നിങ്ങൾ കിടക്കുകയും ആഴത്തിൽ ശ്വാസമെടുക്കുകയും ചെയ്യുന്നതിനാൽ, പേശികളുടെ യഥാർത്ഥ ശാരീരിക ക്ഷീണവും പുറത്തുവിടപ്പെടുന്നു. അതിനാൽ യോഗ നിദ്ര എന്നത് ശാരീരികവും മാനസികവും വൈകാരികവുമായ സമ്മർദ്ദങ്ങളെ പൂർണ്ണമായി വിട്ടു കളയുന്ന ഒരു പ്രക്രിയയാണ്.

​ചിട്ടയായ യോഗ നിദ്ര പരിശീലനം ആഴത്തിലുള്ള ആഘാതങ്ങളെ ഇല്ലാതാക്കും

​തുടർച്ചയായ യോഗ നിദ്ര പരിശീലനം വലിയ മാറ്റം വരുത്തും. നിങ്ങൾ സ്ഥിരമായി യോഗ നിദ്ര ചെയ്യുമ്പോൾ, തുടക്കത്തിൽ അത് ദൈനംദിനമോ ചെറുതോ ആയ സമ്മർദ്ദങ്ങളെ പുറത്തുവിടുന്നു. എന്നാൽ നിങ്ങൾ അത് ദീർഘകാലത്തേക്ക് പതിവായി ചെയ്യുകയാണെങ്കിൽ, യോഗ നിദ്ര പരിശീലനം കൂടുതൽ ആഴത്തിലാകുമ്പോൾ, നിങ്ങൾക്ക് നിങ്ങളുടെ മനസ്സ്-ശരീര സമുച്ചയത്തിൽ നിന്ന്  പുറത്തുവിടാൻ കഴിയാതിരുന്ന ആഴത്തിലുള്ള വൈകാരിക ആഘാതങ്ങളെയും, വളരെ പഴയ ഓർമ്മകളെയും പുറത്തുവിടാൻ സാധിക്കും.

​യോഗ സ്ഥിരമായി പരിശീലിക്കുന്നവർക്ക് പോലും യോഗ നിദ്രയുടെ പ്രാധാന്യം

​നാം യോഗ പരിശീലിക്കുമ്പോൾ, ശരീരത്തിന്റെ തലത്തിൽ നാം ശ്രമിക്കുന്നു. ദൈനംദിന ജീവിതത്തിൽ നാം മടുപ്പിക്കുന്ന ജീവിതശൈലിയാണ് നയിക്കുന്നതെന്ന് ഒരാൾ ശ്രദ്ധിച്ചേക്കാം. നമ്മൾ എപ്പോഴും ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാൽ യോഗയും എന്തെങ്കിലും ചെയ്യുന്നതിന്റെ ഭാഗമാണ്. എന്നാൽ യോഗ നിദ്രയുടെയോ ധ്യാനത്തിന്റെയോ സമയത്ത്, ഒന്നും ചെയ്യാതിരിക്കുക, വിശ്രമത്തിനുവേണ്ടി വിശ്രമിക്കുക എന്ന അവസ്ഥയിലേക്ക് നിങ്ങൾ എത്തുന്ന അപൂർവ സമയങ്ങളിൽ ഒന്നാണിത്. അവിടെ അധികം പരിശ്രമമില്ല, കാരണം ‘ചെയ്യുന്നത്(പരിശ്രമിക്കുന്നത്)’ ക്ഷീണത്തിന് കാരണമാകുന്നു. അതിനാൽ നിങ്ങൾ യോഗ ചെയ്യുകയാണെങ്കിൽ പോലും, അതിന്റെ അവസാനം പരിശ്രമമുണ്ട്; എന്നാൽ യോഗ നിദ്രയിൽ നിങ്ങൾ പ്രയത്നമില്ലായ്മയുടെ അവസ്ഥയിലേക്ക് നീങ്ങുന്നു, അതാണ് നിങ്ങളുടെ ശരീരത്തിനും മനസ്സിനും ആവശ്യമുള്ള ഏറ്റവും ആഴത്തിലുള്ള വിശ്രമം.

​ഗുരുദേവ് പറയുന്നതുപോലെ, നിങ്ങൾ ഒരു അമ്പ് ദൂരേക്ക് എയ്തുവിടാൻ ആഗ്രഹിക്കുമ്പോൾ, അതിനെ പിന്നിലേക്ക് വലിക്കണം. അതുപോലെ, നാം വളരെ തിരക്കുള്ള ജീവിതശൈലി നയിക്കുകയും മുഴുവൻ സമയവും പല കാര്യങ്ങൾ ചെയ്യുകയും ചെയ്യുമ്പോൾ, വിശ്രമത്തിന്റെ നിലവാരവും തുല്യമായി ആഴത്തിലായിരിക്കണം. വളരെയധികം പ്രവർത്തനങ്ങൾ ഉൾപ്പെടുമ്പോൾ, നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമതയുള്ളവരായിരിക്കാൻ ഉയർന്ന നിലവാരമുള്ള വിശ്രമവും നമുക്ക് ആവശ്യമാണ്.

​ഏത് ആസന ക്രമീകരണത്തിന്റെയും അവസാനം യോഗ നിദ്ര ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്, കാരണം ആസനങ്ങളുടെ ഫലങ്ങൾ സ്വാംശീകരിക്കാൻ ശരീരത്തിനും മനസ്സിനും സമയം ആവശ്യമാണ്.

​- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

​യോഗ നിദ്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ​വിശ്രമിക്കുക.  യോഗ നിദ്ര ചെയ്യുന്നതിന് മുമ്പ്, നിങ്ങൾക്ക് എന്തെങ്കിലും ആഗ്രഹമോ സങ്കൽപമോ  ഉണ്ടെങ്കിൽ, അത് 2-3 തവണ മനസ്സിൽ കൊണ്ടുവന്ന ശേഷം പൂർണ്ണമായി വിട്ടയക്കുക.
  • ഈ മൂന്ന് കാര്യങ്ങൾ സൌമ്യമായി മനസ്സിൽ വയ്ക്കുക – എനിക്കൊന്നും വേണ്ട, ഞാൻ ഒന്നും ചെയ്യുന്നില്ല, ഞാൻ ഒന്നുമല്ല. എന്നിട്ട് പൂർണ്ണമായും വിട്ട് കളയുക.
  • ​പരിശീലനം ചിട്ടയായി  ചെയ്യുക. ദീർഘകാലത്തേക്ക് അച്ചടക്കത്തോടെ ഇത് ചെയ്യുക.
  • ​ഈ പരിശീലനത്തെ ആദരവോടെ സമീപിക്കുക. നിങ്ങൾ ഈ പരിശീലനങ്ങൾ ആദരവോടെ ചെയ്യുമ്പോൾ, നിങ്ങളുടെ അനുഭവം കൂടുതൽ അഗാധവും മെച്ചപ്പെട്ടതുമായിത്തീരും.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *