ഒരുപാട് ആളുകൾ ഇന്നു വിഷാദത്തിന് ഇരയാകുന്നുണ്ട്. തിരക്കുപിടിച്ചതും അനാരോഗ്യകരവുമായ ജീവിതരീതി, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, മാനസികസമ്മർദ്ദത്തെയും ആഘാതങ്ങളെയും കൈകാര്യം ചെയ്യുന്നതിലുള്ള കഴിവില്ലായ്മ; കാരണങ്ങൾ പലതാകാം. വിഷാദാവസ്ഥ വ്യക്തിയ്ക്കും ചുറ്റുമുള്ളവർക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് വിവിധ പ്രായത്തിലുള്ള മുന്നൂറ് ദശലക്ഷത്തിലധികം ജനങ്ങൾ വിഷാദരോഗത്താൽ കഷ്ടപ്പെടുന്നുണ്ട്.
ശുഭകരമായ വാർത്തയെന്താണെന്നു വച്ചാൽ, യോഗ , ധ്യാനം , ഭക്ഷണരീതി എന്നിവ പോലെ, ജീവിതരീതിയിൽ വരുത്താൻ കഴിയുന്ന ലളിതമായ മാറ്റങ്ങളിലൂടെ വിഷാദാവസ്ഥയെ അതിജീവിക്കാൻ കഴിയും എന്നതാണ്. എങ്ങനെയാണിത് സംഭാവ്യമാകുന്നത്? ആയുർവേദമനുസരിച്ച് വിഷാദം എന്നത് ശരീരവും, മനസ്സും തമ്മിൽ ചേർന്ന അവസ്ഥയിൽ, പ്രാണ അഥവാ ജീവോർജ്ജം കുറയുന്നതിൻ്റെ ദൃഷ്ടാന്തമാണ്. നിരവധി ശാസ്ത്രീയപഠനങ്ങൾ യോഗ വിഷാദരോഗികളെ സുഖപ്പെടുത്തുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്.
വിഷാദത്തിൽ നിന്ന് മോചനം തേടിയുള്ള യാത്രയിൽ ഒരോ വ്യക്തിയും പ്രതീക്ഷയും വിശ്വാസവും പുലർത്തേണ്ടതുണ്ട്. ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ പറയുന്നു: “ജീവിതം സുഖദുഃഖസമ്മിശ്രമാണ്. വേദന ഒഴിവാക്കാൻ പറ്റാത്തതാണെങ്കിലും യാതന ഇച്ഛാനുസൃതമാണ്. ജീവിതത്തെപ്പറ്റിയുള്ള വിശാലമായ വീക്ഷണം പ്രതികൂലഘട്ടങ്ങളിൽ മുന്നോട്ട് പോകാൻ നിങ്ങൾക്ക് സഹായകമാകും. നിങ്ങളെ ഈ ലോകത്തിന് ആവശ്യമുണ്ടെന്ന് തിരിച്ചറിയുക. ജീവിതം അതിൻ്റെ അനന്തമായ സാധ്യതകളിൽ , ഒരു സമ്മാനമാണ്. എന്തെന്നാൽ അതിനു ആനന്ദത്തിൻ്റെ ധാരയാകാൻ സാധിക്കുന്നു; തനിക്കു വേണ്ടി മാത്രമല്ല മറ്റുള്ളവർക്കും കൂടി വേണ്ടി …… “
വിഷാദം ലഘൂകരിക്കാനുള്ള യോഗാസനങ്ങൾ
ശിശുവാസനം

- ആഴത്തിലുള്ള വിശ്രമം പ്രദാനം ചെയ്യുന്നു
- നാഡിവ്യൂഹത്തിനെ ശാന്തമാക്കി ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നു
ഹലാസനം

- നാഡിവ്യൂഹത്തെ ശാന്തമാക്കി, സമ്മർദ്ദവും ക്ഷീണവും കുറയ്ക്കുന്നു
- തൈറോയിഡ്ഗ്രന്ഥിയെ ഉദ്ദീപിപ്പിക്കുക വഴി, മാനസികാവസ്ഥയേയും ഊർജ്ജനിലയേയും മെച്ചപ്പെടുത്താൻ സഹായിക്കുന്നു
ശവാസനം

- ധ്യാനാത്മകമായ വിശ്രമം പ്രദാനം ചെയ്ത് , വിഷാദത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്നായ മാനസികസമ്മർദ്ദത്തെ പുറന്തള്ളുന്നു
- വാതദോഷം കുറയ്ക്കുന്നു – പഞ്ചമൂലകങ്ങളിലൊന്നായ വായുവിൻ്റെ അസന്തുലിതാവസ്ഥ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകാറുണ്ട്.
- ഉൻമേഷവും ഉണർവ്വും നേടാൻ സഹായിക്കുന്നു.
അധോമുഖശവാസനം

Click here for how to do Adho Mukha Svanasana
- ശരീരത്തിന് ഊർജ്ജവും പുത്തനുണർവ്വും നൽകുന്നു.
- തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നത് വഴി മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു.
- തലവേദന, ഉറക്കമില്ലായ്മ, ക്ഷീണം എന്നിവയിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു.
സേതുബന്ധാസനം

- തലച്ചോറിൻ്റെ പ്രവർത്തനത്തെ ശാന്തമാക്കി ഉത്കണ്ഠയും മാനസികസമ്മർദ്ദവും കുറയ്ക്കുന്നു.
- ശ്വാസകോശം വികസിപ്പിക്കുന്നതു വഴി വിഷാദത്തിനും വൈകാരികചാഞ്ചല്യങ്ങൾക്കും കാരണമാകുന്ന തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കുന്നു.
ശ്വസനവ്യായാമങ്ങൾ
ശ്വസനവ്യായാമങ്ങളും പ്രാണായാമവും വിഷാദത്തെ അതിജീവിക്കാൻ വളരെ ഫലപ്രദമാണ്.
ഭ്രമരിപ്രാണായാമം
- അസ്വസ്ഥമായ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു.
- ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.
നാഡിശോധനപ്രാണായാമം

Click here for How to do Nadi Shodhan Pranayama
- ഭൂതം, ഭാവി എന്നിവയെക്കുറിച്ചുള്ള അനാവശ്യ ചിന്തകൾ ഒഴിവാക്കി മനസ്സിനെ വർത്തമാനകാലത്തേയ്ക്ക് കൊണ്ടുവരാൻ സഹായിക്കുന്നു.
- ശരീരത്തിലെ ഊർജ്ജപ്രവാഹത്തിൻ്റെ ചാലുകളായ നാഡികളെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു.
- പല കാരണങ്ങൾ കൊണ്ടും സംഭരിക്കപ്പെട്ട മാനസികസമ്മർദ്ദത്തെ പുറത്തേയ്ക്കു തള്ളി വിഷാദത്തെ തടയുന്നു.
ഒരു ഡസനിലധികം പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ, സുദർശനക്രിയയും ബന്ധപ്പെട്ട ശ്വസനവിദ്യകളും അഭ്യസിക്കുന്ന വ്യക്തികൾക്ക് വലിയ ഒരു പരിധി വരെ വിഷാദത്തിൽ നിന്ന് ആശ്വാസം നേടാൻ കഴിഞ്ഞിട്ടുണ്ട് എന്നതാണ്. രോഗത്തിൻ്റെ തീവ്രത എത്രയെന്നതിലും ഉപരിയായി, 67-73% ആളുകൾക്ക് രോഗത്തിൽ നിന്നും ആശ്വാസം ലഭിച്ചിട്ടുണ്ട് എന്നാണ് ഇതിനെക്കുറിച്ചുള്ള പഠനങ്ങൾ പ്രസിദ്ധപ്പെടുത്തുന്നത്.
ഒരല്പം കൂടി നൂറുങ്ങുവിദ്യകൾ ആയാലോ…
- സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുക: സമൂഹത്തിനു വേണ്ടി എനിക്കെന്ത് ചെയ്യാൻ കഴിയും എന്ന ചിന്ത, സമൂഹത്തിലെ വലുതും ക്രിയാത്മകവുമായ മാറ്റങ്ങളുടെ ഭാഗമാകൽ എന്നിവ, നമ്മുടെ ശ്രദ്ധയെ , ഞാൻ , എൻ്റെ, എനിക്കുള്ളത് എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്നു തിരിക്കുന്നു.
- നിങ്ങൾ കഴിക്കുന്നതെന്തോ അതാണ് നിങ്ങൾ: ഭക്ഷണകാര്യത്തിൽ ശ്രദ്ധ വളരെ പ്രധാനപ്പെട്ടതാണ്. കൂടുതൽ പ്രാണോർജ്ജം ഉള്ള ആഹാരപദാർത്ഥങ്ങൾ ആണ് ശരീരത്തിനും മനസ്സിനും അഭികാമ്യം.
- ജപം: ഏതെങ്കിലും രീതിയിലുള്ള ജപം അഭ്യസിക്കുന്നത് പ്രാണോർജ്ജം വർദ്ധിപ്പിക്കാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്നു.
യോഗ പരിശീലിക്കുന്നത് ആരോഗ്യപരമായ നേട്ടങ്ങൾ നൽകി ശരീരത്തിൻ്റെയും മനസ്സിൻ്റെയും വളർച്ചയെ സഹായിക്കുന്നു. എങ്കിലും, യോഗ എന്നത് മരുന്നിന് പകരമാകുന്നില്ല. പരിശീലനം സിദ്ധിച്ച ഒരു ശ്രീ ശ്രീ യോഗാഅധ്യപകൻ്റെ മേൽനോട്ടത്തിൽ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗാവസ്ഥകൾ ഉണ്ടെങ്കിൽ ഡോക്ടറുടേയും ശ്രീ ശ്രീ യോഗാഅധ്യാപകൻ്റെയും അഭിപ്രായം ആരാഞ്ഞതിനു ശേഷം മാത്രമേ യോഗാസനങ്ങൾ അഭ്യസിക്കാൻ പാടുള്ളു.











