എന്താണ് കർമ്മം?
കർമം എന്നത് വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്ന, എന്നാൽ മിക്കപ്പോഴും ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുന്ന ഒരു വാക്കാണ് . പലരും കർമ്മത്തെ ബന്ധനമായും വിധിയായും കാണുന്നു. എന്നാൽ സംസ്കൃതത്തിൽ കർമ്മം എന്ന വാക്ക് നീതിയുക്തമായ പ്രവൃത്തിയെയാണ് സൂചിപ്പിക്കുന്നത്.
ഒരു പ്രവൃത്തി ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ഒരു വികാരമായിരിക്കാം. ആ പ്രവൃത്തി ഇപ്പോൾ (മനസ്സിൽ) സംഭവിച്ചുകൊണ്ടിരിക്കാം. ഇപ്പോൾ സംഭവിക്കുന്നതിന്റെ ഫലമായി ഭാവിയിൽ ഒരു പ്രവൃത്തി സംഭവിക്കാനുള്ള സാധ്യതയുണ്ട്. ഇവയാണ് കർമ്മത്തിന്റെ മൂന്ന് രൂപങ്ങൾ.
സൃഷ്ടിക്കാനുള്ള ആഗ്രഹം നിങ്ങളുടെ ഉള്ളിൽ നിന്ന് ഉടലെടുക്കുമ്പോൾ, ആ ആഗ്രഹം അല്ലെങ്കിൽ വികാരം കർമ്മമാണ്. അത് സൂക്ഷ്മ കർമ്മമാണ് (സൂക്ഷ്മ തലത്തിലുള്ള പ്രവൃത്തി). ഇപ്പോൾ നിങ്ങളുടെ മനസ്സിൽ, ഒരു പുതിയ കെട്ടിടം പണിയാൻ ആഗ്രഹം ഉണ്ടാകുന്ന നിമിഷം, ആ പ്രവൃത്തി അല്ലെങ്കിൽ കൃത്യം അതിനകം സംഭവിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്, വാസ്തുശില്പി വീടിന്റെ രൂപരേഖ തയ്യാറാക്കിയാൽ, വീടിന്റെ നിർമ്മാണം ഒരു അർത്ഥത്തിൽ നടന്നുകഴിഞ്ഞു എന്ന് അർത്ഥം.
പിന്നെ സ്ഥൂല കർമ്മം (ഭൗതിക തലത്തിലുള്ള പ്രവൃത്തി) ഉണ്ട്, ഉദാഹരണത്തിന് ഇഷ്ടികകൾ, കല്ലുകൾ, കുമ്മായക്കൂട്ട് എന്നിവ കൊണ്ടുവന്ന് അവ ഉപയോഗിച്ച് വീട് പണിയുക. അതിനാൽ, അഞ്ച് ഘടകങ്ങളുടെ തലത്തിനും അപ്പുറം ഉയർന്നുവരുന്ന സൂക്ഷ്മമായ ആഗ്രഹങ്ങളെയോ വികാരങ്ങളെയോ കർമ്മം എന്ന് വിളിക്കുന്നു, ഈ അഞ്ചു പ്രധാന ഘടകങ്ങളുടെ പരിധിയിൽ നടക്കുന്ന പ്രവർത്തനത്തെയും കർമ്മം എന്ന് വിളിക്കുന്നു. ഇതിനുപുറമെ, (ഒരു പ്രവൃത്തിയുടെ ഫലമായി) മനസ്സിൽ പതിഞ്ഞിരിക്കുന്ന ഏതൊരു ധാരണയും ഒരാൾ കടന്നുപോകേണ്ട കർമ്മമായി മാറുന്നു.
നിങ്ങൾ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി നിങ്ങളുടെ മനസ്സിൽ ഒരു മുദ്രണം സൃഷ്ടിക്കുകയാണ്. ആ മുദ്രണം ഭാവിയിൽ സമാനമായ പ്രവൃത്തികൾക്ക് കാരണമാകാം അല്ലെങ്കിൽ അത് സംഭവിക്കാം.
നല്ല ആളുകൾക്ക് മോശം കാര്യങ്ങൾ സംഭവിക്കുന്നത് എന്തുകൊണ്ട്?
സഞ്ചിത എന്നത് നമ്മൾ കൊണ്ടുവന്ന കർമ്മമാണ്. പ്രാരാബ്ധം എന്നത് ഇപ്പോൾ ഫലം നൽകുന്ന കർമ്മമാണ്, ആഗമി എന്നത് ഭാവിയിൽ നമ്മൾക്ക് സംഭവിക്കാൻ പോകുന്ന കർമ്മമാണ്. നമ്മുടെ സഞ്ചിത കർമ്മം എരിച്ചു കളയാനോ നീക്കം ചെയ്യാനോ കഴിയും. ആത്മീയ പരിശീലങ്ങൾ, പ്രാർത്ഥന, സേവനം, നമ്മുടെ ചുറ്റുമുള്ള ആളുകളെയും പ്രകൃതിയെയും സ്നേഹിക്കുക, ധ്യാനം തുടങ്ങിയ കാര്യങ്ങൾ നാം നേടിയ കർമ്മം ഇല്ലാതാക്കാൻ സഹായിക്കുന്നു.
ചിലപ്പോഴൊക്കെ ആളുകൾ ചോദിക്കാറുണ്ട്, നല്ല ആളുകൾക്ക് എന്തുകൊണ്ടാണ് മോശം കാര്യങ്ങൾ സംഭവിക്കുന്നത് എന്ന്. ഇന്ന് നിങ്ങൾ നല്ലവനാണ്, പക്ഷേ ഇന്നലെ നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയില്ല.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ഫലം കണ്ടുതുടങ്ങിയ പ്രാരാബ്ധ കർമ്മം അനുഭവിക്കേണ്ടിവരും. നിങ്ങൾ യാത്ര തുടരുന്ന കാറിലാണ്. നിങ്ങൾ ഒരു തുറന്ന പാതയിൽ(ഫ്രീവേയിൽ)ആയിരിക്കുമ്പോൾ പുറത്തേക്കുള്ള ഒരു വഴി നഷ്ടപ്പെട്ടാൽ, പാതയിലെ അടുത്ത പുറത്തേക്കുള്ള വഴിയിലേക്ക് പോകണം. എന്നാൽ നിങ്ങൾക്ക് പാതകൾ മാറ്റാം! നിങ്ങൾക്ക് അതിവേഗ പാതയിലോ വേഗത കുറഞ്ഞ പാതയിലോ പോകാം. സ്വാതന്ത്ര്യമുണ്ട്, പക്ഷേ മറ്റൊരു അർത്ഥത്തിൽ സ്വാതന്ത്ര്യമില്ല.
ഭാവിയിൽ നമ്മൾ ചെയ്തേക്കാവുന്ന ഒന്നാണ് ആഗമി കർമ്മം. ഇന്ന് നമ്മൾ പ്രകൃതിയുടെ ചില നിയമങ്ങൾ ലംഘിച്ചാൽ, ഭാവിയിൽ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും. ഇപ്പോൾ എന്തെങ്കിലും ചെയ്താൽ, ഭാവിയിൽ എന്തെങ്കിലും അനുഭവിക്കേണ്ടിവരുമെന്ന് നിങ്ങൾക്കറിയാം. അറിഞ്ഞോ അറിയാതെയോ ആ കർമ്മം, നമ്മൾ ചെയ്യുന്ന ഭാവി കർമ്മം, അതിന്റെ അനന്തരഫലങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരും.
ചിലപ്പോഴൊക്കെ ആളുകൾ ചോദിക്കാറുണ്ട്, നല്ല ആളുകൾക്ക് എന്തുകൊണ്ടാണ് മോശം കാര്യങ്ങൾ സംഭവിക്കുന്നത് എന്ന്. ഇന്ന് നിങ്ങൾ നല്ലവരാണ്, പക്ഷേ ഇന്നലെ നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്കറിയില്ല. നിങ്ങൾ വിതയ്ക്കുന്നത്, നിങ്ങൾ കൊയ്യും. എന്നാൽ ഓരോ കർമ്മത്തിനും പരിമിതമായ ഫലങ്ങളാണുള്ളത്.
കർമ്മം എങ്ങനെ ഇല്ലാതാക്കാം
പ്രധാനമായും അഞ്ച് കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ വരുന്നത് സഞ്ചിത കർമ്മത്തിൽ നിന്നാണ്, മുൻ ജന്മങ്ങളിൽ നിന്ന് നിങ്ങൾ നേടിയ കർമ്മത്തിൽ നിന്നാണ്. ജനനം, ജനന സ്ഥലം, നിങ്ങൾ ഏതു മാതാപിതാക്കൾക്ക് ജനിച്ചു എന്നിവ മുൻകാല കർമ്മങ്ങളിൽ നിന്നുള്ളതാണ്. നിങ്ങളുടെ വിദ്യാഭ്യാസവും വിദ്യാഭ്യാസ നിലവാരവും, ബിരുദവും, നിങ്ങൾ എത്രമാത്രം അറിവ് നേടുന്നു, പിന്നെ സമ്പത്ത്, സമ്പത്തിന്റെ ഉറവിടം. ഒടുവിൽ നിങ്ങളുടെ ദീർഘായുസ്സും മരണരീതിയും. ഈ അഞ്ച് കാര്യങ്ങൾ സഞ്ചിത കർമ്മത്തിൽ നിന്നാണ്, മുൻജന്മങ്ങളിൽ നിന്ന് നമ്മൾ നേടിയ കർമ്മത്തിൽ നിന്നാണ്.
ഇനി, നമ്മൾ എത്ര സമ്പന്നരാകുന്നു, നമ്മുടെ അവബോധം, വിവാഹം, കുട്ടികൾ, സാമൂഹിക പ്രവർത്തനം എന്നിവയിൽ നമുക്ക് എത്രത്തോളം വളരാൻ കഴിയും – ഇതെല്ലാം പ്രാരാബ്ധ കർമ്മമാണ്. ഇവയെല്ലാം നേടാൻ നിങ്ങൾ ചെയ്തതിന്റെ അനന്തരഫലമാണ് ആഗമി കർമ്മം. അതിനാൽ ഇപ്പോൾ പ്രവർത്തിക്കാനും കൂടുതൽ കർമ്മം നേടാനും നിങ്ങൾക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യമുണ്ട്. എന്നാൽ നിങ്ങൾക്ക് ഒരു വിധിയുണ്ട്, നിങ്ങൾക്ക് മാറ്റാൻ കഴിയാത്ത ഒരു വിധി നിങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നു.
ഏതൊക്കെ പ്രവൃത്തികളാണ് കർമ്മത്തിന് കാരണമാകാത്തത്?
ഇനിയും രണ്ടുതരം കർമങ്ങൾ ഉണ്ട്.: മനസ്സിൽ ആഴത്തിൽ പതിഞ്ഞിരിക്കുന്ന ധാരണകൾ മൂലമുള്ള കർമ്മം, ഭൂമി, ജലം, അഗ്നി, വായു, ആകാശ തത്വം എന്നീ അഞ്ച് ഘടകങ്ങളിലൂടെ സംഭവിക്കുന്ന കർമ്മം. ഒരാളുടെ സ്വഭാവത്തിൽ(പ്രകൃതത്തിൽ) നിന്ന് മാത്രം സംഭവിക്കുന്ന മറ്റൊരു തരം പ്രവൃത്തിയുണ്ട്, അതിനെ ഒരു പ്രവൃത്തി എന്ന് പോലും വിളിക്കാൻ കഴിയില്ല. അത് സ്വയമേവ സംഭവിക്കുന്നു, ഒരു അനിയന്ത്രിത പ്രവൃത്തി പോലെ. ഒരു കുട്ടി പെട്ടെന്ന് വീഴുന്നു, സ്വാഭാവികമായി നിങ്ങൾ കുട്ടിയെ എടുക്കുന്നു, കാരണം അത് നിങ്ങളുടെ പ്രകൃതത്തിൽ ഉള്ളതാണ് – ആരെങ്കിലും കുഴപ്പത്തിലാകുമ്പോൾ അവരെ സഹായിക്കുക എന്നത് നിങ്ങളിൽ അന്തർലീനമാണ്.
കർമ്മം അടഞ്ഞതല്ല. അത് തുറന്ന ഒരു സാധ്യതയാണ്.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആ അവസ്ഥയിൽ, നിങ്ങളുടെ പ്രവൃത്തി ദൈവത്തിന്റെ പ്രവൃത്തിക്ക് സമാനമാണ് – അവിടെ സ്വാഭാവികതയുണ്ട്. സ്വാഭാവികമായി ചെയ്യുന്ന ഒരു പ്രവൃത്തി നിങ്ങളുടെ പ്രകൃതത്തിൽ നിന്ന് വരുന്നതിനാൽ ഒരു കർമ്മവും രൂപപ്പെടുന്നില്ല. അതുകൊണ്ടാണ് ഒരു കടുവയോ സിംഹമോ ഇരപിടിക്കുമ്പോൾ അതിന് ഒരു കർമ്മവും ലഭിക്കാത്തത്. ഒരു പൂച്ച ഒരു എലിയെ കൊന്നാൽ, അതിന് കർമ്മം ലഭിക്കില്ല, കാരണം അത് അതിന്റെ സ്വാഭാവികതയിലാണ്. എല്ലാം കർമ്മമാണ്, എല്ലാവരും ഏതെങ്കിലും ഒരു കർമ്മം ചെയ്യണം.
മുകളിൽ പറഞ്ഞവയെല്ലാം വ്യക്തിഗത കർമ്മങ്ങളാണെങ്കിലും, കുടുംബ കർമ്മം, സാമൂഹിക കർമ്മം, ഒരു കാലഘട്ടത്തിലെ കർമ്മം എന്നിവയും ഉണ്ട്. ഒരു വിമാനാപകടം സംഭവിക്കുമ്പോൾ, ഒരേ കർമ്മമുള്ള ആളുകൾ ഒരേ വിമാനത്തിൽ ആയിരിക്കും. ചിലർ ആ കർമത്തിൽ അല്ലെങ്കിൽ, അവർ രക്ഷപ്പെടുകയും വിമാനം കത്തിനശിച്ചിട്ടും വിമാനത്തിൽ നിന്ന് പുറത്തുകടക്കുകയും ചെയ്യും. ആഴത്തിലുള്ള തലത്തിൽ ഏത് കർമ്മം എന്ത് ഫലം വരുത്തുമെന്ന് കൃത്യമായി പറയാൻ കഴിയില്ല.
എന്നാൽ കർമ്മം അടഞ്ഞതല്ല. അത് ഒരു തുറന്ന സാധ്യതയാണ്.