നാല് വലിയ ആകുലതകൾ
പ്രധാനമായും നാലു കാര്യങ്ങളെപ്പറ്റിയാണ് ആളുകൾ ആകുലപ്പെടുന്നത്. പണം, ബന്ധങ്ങൾ, പ്രശസ്തി കൂടാതെ ആരോഗ്യവും . ഇതെല്ലാം ഒരു ദിവസം നിങ്ങൾക്ക് എന്തായാലും നഷ്ടപ്പെടുന്നതാണ്, എന്നിട്ടും നിങ്ങൾ ഇതിനെ ചൊല്ലി ആകുലപ്പെടുന്നു.
ജീവിതത്തെ വലിയ പശ്ചാത്തലത്തിൽ കാണുക. പത്ത് വർഷങ്ങൾക്ക് മുമ്പും നിങ്ങൾ പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചു ആകുലപ്പെട്ടിരുന്നു. എന്നിട്ടും ഇപ്പോഴും നിങ്ങൾ ജീവിച്ചിരിക്കുന്നില്ലേ ? 5 വർഷങ്ങൾക്കുമുമ്പും നിങ്ങൾ ആകുലപ്പെട്ടിരുന്നു. 3 വർഷങ്ങൾക്കുമുമ്പും നിങ്ങൾ ആകുലപ്പെട്ടിരുന്നു. ഈ ആകുലതകൾക്ക് നിങ്ങളെ ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല. ആകുലപ്പെടുന്നതിലൂടെ നിങ്ങൾ സ്വന്തം ശരീരത്തിൽ അനാവശ്യമായ വിഷവസ്തുക്കളെ ഉത്പാദിപ്പിച്ചു. അത്ര തന്നെ. എന്തൊക്കെയായാലും ജീവിതം മുന്നോട്ടു പോവുക തന്നെ ചെയ്യും.
എന്താണ് നിങ്ങളെ ആകുലപ്പെടുത്തുന്നത് ? ഉണർന്നു കാണൂ….. എല്ലാം അവസാനിക്കാനുള്ളതാണ്. എല്ലാത്തിനും ഒരു ദിവസം ഒരവസാനം ഉണ്ടാവുക തന്നെ ചെയ്യും. ഈ ബോധ്യം, എല്ലാം ഒരു ദിവസം അവസാനിക്കും എന്ന ബോധ്യം, മനസ്സിൻ്റെ ആകുലപ്പെടുന്ന പ്രവണതയിൽ നിന്നും പുറത്തു കടക്കാൻ നിങ്ങളെ സഹായിക്കും. എല്ലാം മാറിക്കൊണ്ടിരിക്കുന്നു എന്നും, എല്ലാം അപ്രത്യക്ഷമാകുന്നു എന്നും നിങ്ങൾക്ക് കാണാൻ കഴിയുമ്പോൾ, നിങ്ങൾക്ക് കരുത്തും ഉറപ്പും കൈവരുന്നു. അതേ സമയം നിങ്ങൾ ആർദ്രനും ശ്രദ്ധാലുവും ആയിത്തീരുന്നു.
ആകുലപ്പെടുന്നതു കൊണ്ട് യാതൊരു പ്രയോജനവുമില്ല, മറിച്ച് നിങ്ങളുടെ ആകുലതയ്ക്ക് പരിഹാരം കാണുന്നതിനായി അല്ലെങ്കിൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കുന്നതിനായി പരിശ്രമിക്കുന്നത് ഗുണകരമാണ്. പരിശ്രമിക്കാൻ നിങ്ങൾക്ക് ശക്തിയും ഊർജ്ജവും ആവശ്യമാണ്. ആധ്യാത്മികസാധനകൾ നിങ്ങളുടെ ഊർജ്ജത്തെ പോഷിപ്പിക്കുന്നു, നിങ്ങളെ കൂടുതൽ ക്രിയാത്മകരാക്കുന്നു.
ആകുലതയുടെ ഉറവിടങ്ങൾ
പണം നിങ്ങളുടെ ആകുലതയ്ക്ക് കാരണമാകാറുണ്ടോ ? പക്ഷികളേയും മൃഗങ്ങളേയും നോക്കൂ. അവർക്ക് ഭക്ഷണം ലഭിക്കുന്നില്ലേ ? പ്രകൃതിയാണ് ഏറ്റവും വലിയ ദാതാവ്, അതിനാൽ പ്രകൃതി നിങ്ങൾക്ക് ആവശ്യമുള്ളത് നൽകും എന്നു വിശ്വസിക്കുക. നിങ്ങളുടെ ബോധം എന്നത് ഒരു കൃഷിസ്ഥലം പോലെയാണ്. എന്താണോ നിങ്ങൾ അവിടെ വിതയ്ക്കുന്നത് അതാണവിടെ മുളയ്ക്കുന്നത്. ഇല്ലായ്മയാണ് നിങ്ങൾ വിതക്കുന്നതെങ്കിൽ നിങ്ങൾക്ക് ഇല്ലായ്മ ആയിരിക്കും ലഭിക്കുന്നത്. സമൃദ്ധിയാണ് നിങ്ങൾ വിതയ്ക്കുന്നതെങ്കിൽ, സമൃദ്ധിയായിരിക്കും നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.
ബന്ധങ്ങൾ നിങ്ങളെ പ്രശ്നത്തിലാക്കുകയും നിങ്ങളുടെ ഹൃദയത്തെ ഉടയ്ക്കുകയും ചെയ്യുന്നു. ഉണരൂ ….. ഉണർന്ന് കാണൂ…… ഈ ബന്ധം ഉടലെടുക്കുന്നതിനു മുമ്പും നിങ്ങൾ ജീവിച്ചിരുന്നു. പൊട്ടിച്ചിരിച്ചും പുഞ്ചിരിച്ചും നിങ്ങൾ സന്തോഷത്തിലായിരുന്നു. നിങ്ങളുടെ ജീവിതത്തിലേയ്ക്ക് ആ വ്യക്തി കടന്നുവരുന്നതിനു മുമ്പുള്ള ദിവസങ്ങളെപ്പറ്റി ഒന്നോർത്തു നോക്കു. ജീവിതം എല്ലാംകൊണ്ടും ശരിയായിരുന്നില്ലേ? അതുപോലെ തന്നെയായിരിക്കും ആ വ്യക്തി പോയതിനു ശേഷവും . പിന്നെന്തിനാണ് നിങ്ങൾ അതോർത്ത് ആകുലപ്പെടുന്നത്?
എല്ലാം ഒരു ദിവസം അവസാനിക്കും എന്ന ബോധ്യം നിങ്ങളുടെ മനസ്സിനെ ആകുലപ്പെടാനുള്ള പ്രവണതയിൽ നിന്നും പുറത്തു കൊണ്ടുവരും.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
നിങ്ങൾ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിച്ച് ആകുലനാണോ ? നിങ്ങൾക്ക് നിങ്ങളെ എത്രമാത്രം ആരോഗ്യവാനാക്കി സൂക്ഷിക്കാൻ സാധിക്കും ? നിങ്ങൾ എത്ര ആരോഗ്യവാനായിരുന്നാലും ഒരു ദിവസം നിങ്ങൾക്ക് ശരീരവുമായുള്ള ബന്ധം ഉപേക്ഷിക്കേണ്ടി വരും. ഇതിനർത്ഥം നിങ്ങൾ സ്വന്തം ആരോഗ്യത്തെപ്പറ്റി ശ്രദ്ധിക്കണ്ട എന്നല്ല. മറിച്ച് വെറുതെയിരുന്ന് നിങ്ങളുടെ ആരോഗ്യത്തെപ്പറ്റി ആകുലപ്പെടുന്നത് മണ്ടത്തരമാണ് എന്നാണ്.
ആരോഗ്യത്തെക്കുറിച്ച് ആലോചിച്ച് ആകുലപ്പെടുന്നത് പ്രയോജനരഹിതമാണ്. അതു നിങ്ങളുടെ ആരോഗ്യത്തെ കൂടുതൽ വഷളാക്കാനേ സഹായിക്കുകയുള്ളു. അതു നിങ്ങളുടെ ശരീരത്തിൽ മാനസികസമ്മർദ്ദത്തിനു കാരണമാകുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുകയും നിങ്ങളുടെ രോഗമുക്തി വൈകിപ്പിക്കുകയും ചെയ്യുന്നു.
ജോലി കിട്ടുന്നതിനെപ്പറ്റി ഓർത്ത് നിങ്ങൾ ആകുലപ്പെടുന്നു.ആകുലപ്പെട്ടിരിക്കുന്ന നിങ്ങളെ ആര് ജോലിക്കെടുക്കും ? ഏതെങ്കിലും ഒരു തൊഴിൽദാതാവ് മരിച്ചയാളെപ്പോലുള്ള, ഒന്നിലും താല്പര്യമില്ലാത്ത, ദുഃഖിതനും അസന്തുഷ്ടനുമായ ഒരാൾക്ക് ജോലി കൊടുക്കുമോ ? നിങ്ങളാണ് ആ തൊഴിൽദാതാവിൻ്റെ സ്ഥാനത്തെങ്കിൽ ആകെ ക്ഷീണിച്ച്, ഒട്ടും സന്തോഷവാനല്ലാതെ, ജോലിയെപ്പറ്റി മാത്രം ആലോചിച്ച് ആശങ്കപ്പെട്ടിരിക്കുന്ന ഒരാളെ ജോലിക്കെടുക്കുമോ ? നിങ്ങൾ ഒരു വ്യാപാരിയാണെങ്കിൽ ആകുലപ്പെട്ടിരിക്കുന്നതു കൊണ്ട് നിങ്ങളുടെ വ്യാപാരം നടന്നുപോകുമോ ?
നിങ്ങൾ അവിവാഹിതനും, അതേപ്പറ്റി ചിന്തിച്ച് ആകുലനും ആണെങ്കിൽ, ആരെങ്കിലും നിങ്ങളെ വിവാഹം കഴിക്കുമോ ? ക്ഷീണിച്ച് ആശങ്കപ്പെട്ടിരിക്കുന്ന ഒരാളെ പങ്കാളിയാക്കാൻ നിങ്ങൾ ആഗ്രഹിക്കുമോ ? അതോ പ്രസന്നതയുള്ള, ഉല്ലാസവും സന്തോഷവും നിറഞ്ഞ ഒരാളെ ആയിരിക്കുമോ നിങ്ങൾ തിരഞ്ഞെടുക്കുന്നത്? ഓർക്കുക …… ഈ ലോകത്ത് 7 ബില്യൺ ജനങ്ങളിൽ 2.5 ബില്യൺ എതിർലിംഗത്തിലുള്ളവരും അത്തരത്തിലുള്ള ഒരു ബന്ധത്തിന് പ്രായം കൊണ്ട് അനുയോജ്യരുമാണ്. പിന്നെന്തിനാണ് ജീവിത പങ്കാളിയെ കണ്ടുപിടിക്കുന്നതിനെപ്പറ്റി ആലോചിച്ച് ആകുലപ്പെടുന്നത് ?
ജ്ഞാനം – ആകുലതകളെ അകറ്റാൻ
ജീവിതത്തെ ഒരു വലിയ പശ്ചാത്തലത്തിൽ കാണുക. നിങ്ങൾ ഒരു ഭ്രാന്താശുപത്രിയിലാണെന്ന് വിചാരിക്കു. അവിടെയുള്ള എല്ലാ രോഗികളെയും കേൾക്കൂ. അവരുടെ അവസ്ഥകൾ കാണൂ, നിങ്ങൾ അത്തരത്തിലുള്ള ഒരവസ്ഥയിൽ അല്ലാത്തതിന് ദൈവത്തോട് നന്ദി പറയൂ. നിങ്ങളവിടെ ഒരു സന്ദർശകൻ മാത്രമാണ്, അവിടത്തെ താമസക്കാരനല്ല.
മേല്പറഞ്ഞത് നിങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെങ്കിൽ ഒരു ശമ്ശാനത്തിലേക്കു പോകൂ. ഓരോ ദിവസവും അവിടെ എത്തി ചാമ്പലാകുന്ന ശരീരങ്ങളെ കാണൂ. നിങ്ങളും അവിടേക്ക് തന്നെയാണ് പോകുന്നത് . ആകുലപ്പെടുന്നതു കൊണ്ട് എന്തു പ്രയോജനമാണുള്ളത് ?
നിങ്ങൾ എത്ര നന്നായി ജീവിച്ചുവെങ്കിലും , എത്ര വലിയ പണക്കാരനാണെങ്കിലും , എത്രയോ പ്രശസ്തനാണെങ്കിലും, എത്രമാത്രം ശക്തിയും സ്വാധീനവും ഉള്ള ആളാണെങ്കിലും നിങ്ങളും മറ്റുള്ളവരും ഒരു ദിവസം മരിച്ച് മറവു ചെയ്യപ്പെടുകയോ സംസ്കരിക്കപ്പെടുകയോ ചെയ്യും. അവിടെ ഒരു പകുതിദിവസം ഇരുന്നു നോക്കൂ. ആളുകൾ മരിച്ചവരുടെ ശരീരവുമായി വരുന്നതും, കുറച്ചു നേരം കരയുന്നതും അതിനു ശേഷം അവരെ സംസ്കരിക്കുന്നതും, തിരിച്ചു അത്താഴത്തിനായിപോകുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. പിറ്റേദിവസം അവർ അവരുടെ പ്രഭാതഭക്ഷണം ആസ്വദിക്കും.
ഇന്നല്ലെങ്കിൽ നാളെ ജീവിതത്തിൻ്റെ തിരശ്ശീല വീഴുക തന്നെ ചെയ്യും ? പിന്നെ എന്തിനാണ് ആകുലപ്പെടുന്നത് ?
എന്നുവച്ച് എല്ലാം ഒരു ദിവസം അവസാനിക്കും എന്നുള്ളതു കൊണ്ട് നിങ്ങൾ ആത്മഹത്യയെപ്പറി ചിന്തിക്കണമെന്നല്ല. പ്രകൃതി അതിൻ്റെ രീതിയിൽ കാര്യങ്ങൾ നടത്തട്ടെ. നിങ്ങൾ അതിനെ തടസ്സപ്പെടുത്താതിരിക്കുക. മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാക്കാതിരിക്കുക, അവരെ വിഷമിപ്പിക്കാതിരിക്കുക.
ആധ്യാത്മികസാധനകൾ നിങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നു. അതു നിങ്ങളെ നിങ്ങളുടെ ഹൃദയവും വികാരങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങളെ തലച്ചോറിൽ(ബുദ്ധിയിൽ) കുടുങ്ങിപ്പോകാതിരിക്കാൻ സഹായിക്കുന്നു.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
ആത്മഹത്യ വ്യർത്ഥമാണ്, എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് വീണ്ടും ഈ ചക്രത്തിലൂടെ കടന്നു പോകേണ്ടി വരും. വീണ്ടും തിരിച്ചുവന്ന് ഇതെല്ലാം ഒന്നുകൂടെ അനുഭവിക്കേണ്ടി വരും. എന്നെങ്കിലും ഒരു ദിവസം എല്ലാം അവസാനിക്കുമെന്നറിഞ്ഞു കൊണ്ട് ഇത് ഇവിടെത്തന്നെ അവസാനിപ്പിക്കൂ.
ആകുലതയുടെ പ്രവർത്തനശാസ്ത്രം
നിങ്ങൾ എന്തെങ്കിലും സ്വന്തമാക്കണം എന്നു തീരുമാനിക്കുന്നിടത്ത് ആഗ്രഹം ഉയരുന്നു. നിങ്ങളുടെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താനായി നിങ്ങളുടെ ഊർജ്ജം, മനസ്സ് , ആത്മാവ് എല്ലാം തന്നെ സമർപ്പിക്കേണ്ടതുണ്ട്. ആകുലതകൾ ഉണ്ടാകുന്നത് നിങ്ങളുടെ ആഗ്രഹങ്ങൾക്കു വേണ്ടി പ്രവർത്തിക്കാൻ സാധിക്കാതെ , അതിനെപ്പറ്റി ചിന്തിച്ചു കൊണ്ടു മാത്രം ഇരിക്കുമ്പോഴാണ്. നിങ്ങളുടെ ഇച്ഛാശക്തി , ക്രിയാശക്തിയുമായി (പ്രവർത്തിക്കാനുള്ള ഊർജ്ജം ) സന്തുലിതമാകേണ്ടതുണ്ട്.
ആകുലപ്പെടുന്നത് വ്യർത്ഥമാണ് . അതു കൊണ്ട് ഒരു മാറ്റവും സംഭവിക്കുന്നില്ല, എന്നാൽ നിങ്ങളുടെ ആകുലതകൾ പരിഹരിക്കാൻ , അല്ലെങ്കിൽ ആഗ്രഹങ്ങൾ പൂർത്തീകരിക്കാൻ പരിശ്രമിക്കുന്നത് മാറ്റങ്ങൾ കൊണ്ടുവരും.
ആധ്യാത്മികത ഒരു വ്യക്തിക്ക് പ്രവർത്തിക്കാനുള്ള ശേഷിയും ഊർജ്ജവും നൽകുന്നു. ആധ്യാത്മികസാധനകൾ നിങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുന്നു. അതു നിങ്ങളെ നിങ്ങളുടെ ഹൃദയവും വികാരങ്ങളുമായി ബന്ധപ്പെടുത്തി നിങ്ങൾ തലച്ചോറിൽ(ബുദ്ധിയിൽ) കുടുങ്ങിപ്പോകാതിരിക്കാൻ സഹായിക്കുന്നു.
നിങ്ങളുടെ ബുദ്ധി ആകുലപ്പെടുകയും ഹൃദയം വികാരം കൊള്ളുകയും ചെയ്യുന്നു. ഇവ രണ്ടിൻ്റേയും ഒരുമിച്ചുള്ള പ്രവർത്തനം സാധ്യമല്ല. നിങ്ങളുടെ വികാരങ്ങൾ മേല്ക്കൈ നേടുമ്പോൾ നിങ്ങളുടെ ആകുലതകൾ അലിഞ്ഞു പോകുന്നു. ഇനി നിങ്ങൾ ആകുലപ്പെട്ടാണ് ഇരിക്കുന്നതെങ്കിൽ നിങ്ങളിലെ വികാരങ്ങൾ മരിക്കുകയും നിങ്ങൾ തലച്ചോറിൽ കടുങ്ങിപ്പോവുകയും ചെയ്യുന്നു. ആശങ്കപ്പെടുന്നത് നിങ്ങളുടെ മനസ്സിനേയും ഹൃദയത്തേയും അലസവും വിരസവുമാക്കുന്നു. ആകുലത നിങ്ങളെ കുടുക്കുന്നു. നിങ്ങളെ തടവിലാക്കുന്നു. വികാരങ്ങളെ അനുഭവിക്കുമ്പോൾ നിങ്ങൾ ആകുലപ്പെടുന്നില്ല.
വികാരങ്ങൾ പൂക്കളെപ്പോലെയാണ്, അവ തളിരിടുന്നു, പുഷ്പിക്കുന്നു പിന്നീട് കൊഴിഞ്ഞു വീഴുന്നു. വികാരങ്ങൾ ഉയരുന്നു ,താഴുന്നു, പിന്നീട് അപ്രത്യക്ഷമാകുന്നു. വികാരങ്ങളെ പ്രകടിപ്പിക്കാൻ കഴിയുമ്പോൾ നിങ്ങൾക്ക് ആശ്വാസം തോന്നുന്നു. നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ നിങ്ങൾ അത് പ്രകടിപ്പിക്കുന്നു, അടുത്ത നിമിഷം നിങ്ങൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. നിങ്ങൾക്ക് വിഷമമുണ്ടെങ്കിൽ നിങ്ങൾ കരയുന്നു, അതിലൂടെ നിങ്ങൾ വിഷമത്തെ മറികടക്കുന്നു. വികാരങ്ങൾ കുറച്ചു സമയത്തേക്കു മാത്രമേ നിലനില്ക്കുകയുള്ളു, അതിനു ശേഷം അത് ഇല്ലാതാകുന്നു. എന്നാൽ ആകുലതകൾ നിങ്ങളെ കൂടുതൽ നേരം കാർന്നു തിന്നുകയും, നിങ്ങളെ പൂർണ്ണമായും അതിൻ്റെ ഭക്ഷണമാക്കുകയും ചെയ്യുന്നു. വികാരങ്ങൾ നിങ്ങളെ നിങ്ങളുടെ സ്വത:സിദ്ധമായ ശൈലിയിലേക്ക് കൊണ്ടു വരുന്നു. കുട്ടികൾ , അനുഭവിക്കുന്നതിലൂടെയാണ് ചുറ്റുപാടുകളെ സ്വീകരിക്കുന്നത് , അതു കൊണ്ടു തന്നെ അവർ എപ്പോഴും സ്വത:സിദ്ധമായരീതിയിൽ തന്നെ പ്രതികരിക്കുന്നു.
മുതിർന്ന ആളുകൾ വികാരങ്ങളെ നിയന്ത്രിക്കുകയും അതിനെപ്പറ്റി ആശങ്കപ്പെടുകയും ചെയ്യുന്നു. ആകുലതകൾ പ്രവൃത്തിയെ തടസപ്പെടുത്തുകയും, വികാരങ്ങൾ പ്രവർത്തങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.











