നിങ്ങൾ പൂർണമായും ശരിയാണ് എന്ന് നിങ്ങൾക്ക് തന്നെ ഉറപ്പ് തോന്നുന്ന കാലമാണ് കൗമാരകാലം. പ്രായം കൂടുന്തോറും, വളരെ കുറച്ച് മാത്രമേ നിങ്ങൾക്ക് അറിവുള്ളൂ എന്നും, തെറ്റ് പറ്റി എന്നും നിങ്ങൾ ഒന്നുകിൽ തിരിച്ചറിയുന്നു, അല്ലെങ്കിൽ, നിങ്ങൾക്ക് തിരിച്ചറിയേണ്ടി വരുന്നു. എന്നാൽ മനോഹരമായ കൗമാരകാലത്ത്, തെറ്റ് സംഭവിക്കുന്നത് മറ്റുള്ളവർക്കാണ്, പ്രത്യേകിച്ച് സ്വന്തം മാതാപിതാക്കൾക്ക്.
“എനിക്ക് 14 വയസ്സ് പ്രായമുള്ള കാലത്ത്, എനിക്ക് സഹിക്കാൻ വയ്യാത്ത വിധം അറിവില്ലാത്ത ആളായിരുന്നു എന്റെ അച്ഛൻ. പക്ഷേ, എനിക്ക് 21 വയസ്സായപ്പോൾ, ഈ വയസ്സൻ ഏഴ് വർഷം കൊണ്ട് എന്തെല്ലാം പഠിച്ചു എന്ന് ഞാൻ ആശ്ചര്യപ്പെട്ടിട്ടുണ്ട് – മാർക്ക് ട്വേയ്ൻ
കൗമാരക്കാരുടെ ജീവിതം വിഷമം പിടിച്ചതാണ് എന്ന് നമുക്ക് സമ്മതിക്കാം. അത് പിരിമുറുക്കം നിറഞ്ഞ കാലഘട്ടമാണ്. ഇതുവരെ, മാർഗ്ഗദർശനത്തിനായി ആശ്രയിച്ചിരുന്ന മാതാപിതാക്കളോട് അവർ അകലുന്നു. പകരം, അംഗീകാരത്തിനും, ഫാഷൻ നിർദ്ദേശങ്ങൾക്കും, എല്ലാത്തിനും, അവർ സുഹൃത്തുക്കളെ ആശ്രയിക്കുന്നു. അങ്ങനെ, കൗമാരക്കാരും, മാതാപിതാക്കളും തമ്മിലുള്ള അകൽച്ച, മറികടക്കാൻ ബുദ്ധിമുട്ടായിത്തീരുന്നു. കുട്ടികളുടെ ലോകത്തിന്റെ കേന്ദ്രമായിരുന്ന അവർ , പെട്ടെന്ന് പ്രാകൃതരും ,അപരിഷ്കൃതരും, മടുപ്പിക്കുന്നവരും, അറിവില്ലാത്തവരുമായിത്തീരുന്നു. ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ സമയത്ത് അവരെ സംരക്ഷിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ട്. പക്ഷേ, നിങ്ങളുടെ സഹായത്തിനോട് അവർക്ക് തുറന്ന നിലപാട് ഉണ്ടാവുകയില്ല.
അങ്ങനെ, യൗവ്വനാരംഭത്തിന്റെ ഘട്ടത്തിലേക്ക് ഏറെക്കുറെ ചുക്കാൻ പിടിക്കാൻ ആരുമില്ലാതെ , കൗമാരക്കാർ പ്രവേശിക്കുന്നു. ആ കാലഘട്ടം, മാതാപിതാക്കളുടെ പ്രതീക്ഷകളുടെയും, സ്വന്തം പ്രതീക്ഷകളുടെയും, സമപ്രായക്കാരുടെ സമ്മർദ്ദങ്ങളുടെയും, സ്വന്തം ശരീരത്തെ ക്കുറിച്ചുള്ള ധാരണകളുടെയും, ബാഹ്യമായ അംഗീകാരത്തിന്റെ ആവശ്യകതയുടെയും , ഒരു പ്രഷർ കുക്കർ ആണ്. അത് കൗമാരക്കാർക്കും, മാതാപിതാക്കൾക്കും ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലമാണ്. എന്നാൽ മാതാപിതാക്കൾ എന്ന നിലയിൽ, നിങ്ങളുടെ കുട്ടിയെയും, നിങ്ങളെയും, കുടുംബത്തെയും, വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിലൂടെ തുഴഞ്ഞു പോകുന്നതിന് ചില കാര്യങ്ങൾ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
മാതാപിതാക്കളുടെ പ്രതീക്ഷ
അക്കാദമിക് സമ്മർദ്ദത്തിന് മാതാപിതാക്കളോ, കൗമാരക്കാരോ അതല്ലെങ്കിൽ രണ്ടു കൂട്ടരും ചേർന്നോ കാരണക്കാരാകാം. എവിടെ തിരിഞ്ഞ് നോക്കിയാലും അവർക്ക് നിരവധി തലകളുള്ള പരീക്ഷാഭൂതത്തെയും, മത്സരപ്പരീക്ഷകളെയും, ശരിയായ തീരുമാനത്തിൽ എത്താത്ത ഭാവിയിലെ തൊഴിലിനെയും നേരിടണം. മത്സരപ്പരീക്ഷകളിൽ വിജയം നേടാനാണ് അവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിൽ അവർ പൂർണ്ണമായും സാമൂഹിക ജീവിതത്തിൽ നിന്ന് അടർന്നു പോകും. സ്പോർട്സ് , ആർട്സ് , ഡാൻസ്,സംഗീതം, തുടങ്ങിയവയിലുള്ള താല്പര്യം ഉപേക്ഷിച്ച്, പരീക്ഷയിൽ വിജയം കൈവരിക്കുന്നതിൽ മാത്രം അവർ ശ്രദ്ധിക്കണം.
മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും?
*അവരെ സജ്ജരാക്കുക*: അക്കാദമിക് സമ്മർദ്ദത്തോട് അനുബന്ധിച്ച് ശ്രദ്ധിക്കപ്പെടാത്ത കാര്യം നമ്മൾ അവരെ വിവരങ്ങൾ കൊണ്ട് ശ്വാസം മുട്ടിക്കുന്നു എന്നതാണ്. എന്നാൽ , അവരുടെ ഏകാഗ്രത നിലനിർത്താൻ സഹായിക്കുന്ന ഒരു കാര്യവും നമ്മൾ ചെയ്യാറില്ല. ആർട്ട് ഓഫ് ലിവിംഗിൽ പഠിപ്പിക്കുന്നതും, ശ്രദ്ധയും, ഓർമ്മയിൽ സൂക്ഷിക്കാൻ ഉള്ള കഴിവും വർദ്ധിപ്പിക്കുന്ന അതിനോടൊപ്പം പിരിമുറുക്കം കുറയ്ക്കുകയും ചെയ്യുന്ന ശ്വസനപ്രക്രിയയായ സുദർശന ക്രിയ പോലെയുള്ള കാര്യങ്ങൾ അവർക്ക് നൽകൂ. സഹായിക്കാൻ ഒന്നും ഇല്ലാതെ, അവരെ വളരെ കഠിനമായ പഠനത്തിന് വിധേയരാക്കുമ്പോൾ അവരോട് നമ്മൾ നീതി പുലർത്തുന്നില്ല. അവർക്ക് ശരിയായ മാർഗ്ഗങ്ങൾ നല്കിയാൽ , ഈ വർഷങ്ങളിലെ പഠനം കുറെക്കൂടി ആയാസമില്ലാത്തതാകും, കൂടുതൽ ഫലപ്രദവുമാകും.
*ങ്ങളുടെ സ്നേഹത്തിന് കുറവ് വരുത്താതെ തോല്ക്കാനുള്ള അവസരം അവർക്ക് നൽകുക: നിങ്ങളുടെ കൗമാരക്കാരുടെ ആത്മാഭിമാനം വളർത്താൻ ക്രിയാത്മകത വളർത്തുന്നതും, തോൽവിക്ക് ഇടം കൊടുക്കുന്നതും, ഏറ്റവും പ്രധാനമാണ്. നിങ്ങളുടെ ആശയങ്ങൾ അവരിൽ അടിച്ചമർത്തരുത്. പകരം, നിങ്ങളുടെ കാഴ്ചപ്പാട് അവരുമായി പങ്കിട്ട്, അവരുടെ കാഴ്ചപ്പാട് തെറ്റാണെങ്കിൽ , അവരെ അനുനയിപ്പിക്കുകയും വേണം. ചെറിയ കാര്യങ്ങൾക്ക് അവരോടുള്ള സ്നേഹം പിൻവലിക്കരുത്. നിങ്ങളുടെ സ്നേഹത്തിലും, പിൻതുണയിലും അവർക്ക് ഉറപ്പ് ഉണ്ടെങ്കിൽ ഭാവിയിലേക്ക് കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സാധിക്കും. വാസ്തവത്തിൽ, ഏകാഗ്രതയുടെ താക്കോലായ വിശ്രാന്തിയുള്ള മനസ്സിനുവേണ്ടി ഇക്ഷണത്തിലേയ്ക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർക്ക് കഴിയും.
കൗമാരക്കാരെ വളർത്തുക എന്നത് കുതിരസ്സവാരി പോലെയാണ്. അതിനെ വല്ലാതെ അയച്ചു വിടാനോ, കൂടുതൽ മുറുക്കാനോ പറ്റുകയില്ല. അതുകൊണ്ട്, കുട്ടിയെ എത്രത്തോളം നിർബന്ധിക്കണം എന്ന് നിങ്ങൾ ശരിക്കും അറിയണം. കൂടുതലായാൽ ശരിയാവുകയില്ല, ഒന്നുകിൽ അവർ വിപ്ലവകാരികളാകും, അല്ലെങ്കിൽ അവരുടെ മനസ്സിൻ്റെ സമനില തെറ്റും. എന്നാൽ ഒട്ടും നിർബന്ധിച്ചില്ലെങ്കിൽ അവർ ഒന്നും ചെയ്യുകയുമില്ല. അവരെ അച്ചടക്കം പഠിപ്പിക്കാത്തതിന് നാളെ നിങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യും.അതുകൊണ്ട്, നമ്മൾ ആ നേരിയ സന്തുലനത്തിൽ എത്തണം. നമ്മൾ ഒരു ഞാണിന്മേൽ കളി നടത്തണം.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
അംഗീകാരത്തിന്റെ ആവശ്യകത
നിങ്ങളുടെ കൗമാരപ്രായത്തിൽ എത്ര തീവ്രമായ വികാരങ്ങളാണ് നിങ്ങൾക്ക് ഉണ്ടായിരുന്നത് എന്ന് ഓർമ്മയില്ലേ? ഹോർമോണുകളുടെ സുവ്യക്തമല്ലാത്ത പ്രവർത്തനം കാരണം എല്ലാം അതിശയോക്തി കലർന്ന കാര്യങ്ങളായിത്തീരുന്നു. കുടുംബാംഗങ്ങളുമായുള്ള ചെറിയ അഭിപ്രായവ്യത്യാസങ്ങൾ വലിയ വാദപ്രതിവാദങ്ങളായിത്തീരുന്നു. ദൈനം ദിന സംഭവങ്ങളും, ചർച്ചകളും പോലും കൗമാരക്കാർക്ക് നാടകീയമായി തോന്നിയേക്കാം.മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവർ തങ്ങളെ വിലയിരുത്തുന്നു എന്നും, വിമർശിക്കുന്നു എന്നും, ശ്രദ്ധിക്കുന്നില്ല എന്നും അവർക്ക് തോന്നാം. അതിന് അവർ തന്നത്താൻ പരിഹാരം കാണാൻ നോക്കുമ്പോഴാകട്ടെ, ഹോർമോണുകളുടെ പ്രവർത്തനം അത് കൂടുതൽ ഇരുണ്ടതാണെന്ന തോന്നൽ ഉണ്ടാക്കും. സോഷ്യൽ മീഡിയയും അവരെ വഴി തെറ്റിച്ചേയ്ക്കാം, അതുവഴി, ഓൺലൈനിൽ കാണുന്ന ജീവിതങ്ങൾക്ക് കൂടുതൽ മൂല്യമുണ്ട് എന്ന് അവർക്ക് തോന്നുകയും ചെയ്തേക്കാം. ഈ പരീക്ഷണഘട്ടങ്ങളിൽ കൂട്ടുകാരുടെ പിൻതുണ മാത്രമാണ് അവരെ സഹായിക്കുന്നത്. അങ്ങനെ അവർ ജീവിതത്തെക്കുറിച്ചുള്ള ഉപദേശങ്ങൾക്കും, പുതിയതും, അജ്ഞാതവുമായ ലോകത്തിലെ പരീക്ഷണങ്ങൾക്കും കൂട്ടുകാരെ ആശ്രയിക്കുന്നു.
മാതാപിതാക്കൾക്ക് എന്ത് ചെയ്യാൻ കഴിയും?
കൗമാരക്കാരുടെ ആവശ്യം, അവരെ മുൻവിധികളില്ലാതെ ശ്രദ്ധിക്കണം എന്നതാണ് .അതുകൊണ്ടാണ് കുടുംബാംഗങ്ങളോട് സംസാരിക്കുന്നതിനെക്കാൾ എളുപ്പത്തിൽ കൂട്ടുകാരോട് സംസാരിക്കാൻ അവർക്ക് സാധിക്കുന്നത്.
നിങ്ങളുടെ മകനോ, മകൾക്കോ പതിനാറ് വയസ്സായാൽ അവരോട് കൂട്ടുകാരോടുള്ളതു പോലെ പെരുമാറണം എന്നൊരു ചൊല്ല് സംസ്കൃതത്തിൽ ഉണ്ട്. എന്താണ് ചെയ്യേണ്ടത്, എന്താണ് ചെയ്യരുതാത്തത്, എന്ന് അവരോട് പറയരുത്. പക്ഷേ, അവരുടെ ബുദ്ധിമുട്ടുകളിൽ പങ്കാളിയാകുകയും വേണം. കൂട്ടുകാർ എപ്പോഴും കുട്ടികളുടെ അതേ തലത്തിൽ ആയിരിക്കും. ഒരു സുഹൃത്ത് നിങ്ങളെ അറിയുന്നു, നിങ്ങളോടൊപ്പവും, നിങ്ങളുടെ വികാരങ്ങൾക്കൊപ്പവും, ബുദ്ധിമുട്ടുകൾക്കൊപ്പവും നീങ്ങുന്നു, അതുകൊണ്ട്, അവരോട് മാതാപിതാക്കൾ എന്ന നിലയിൽ അല്ലാതെ ഒരു സുഹൃത്തിനെപ്പോലെ , പെരുമാറിയാൽ , അവർ നിങ്ങളോട് മനസ്സ് തുറക്കും.
– ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ
അവരുടെ ലോകത്തിൻ്റെ ഭാഗമാകൂ. അവരുടെ ഭാഷ പഠിക്കൂ. അവരുടെ അഭിലാഷങ്ങളും, ഭ്രമങ്ങളും, ഫാഷനുകളും, ആപ്പുകളും ( app ), എന്താണ് എന്ന് അറിയൂ. കേൾക്കാൻ ബുദ്ധിമുട്ടായേയ്ക്കാമെങ്കിലും, അവരുടെ ചില സംഗീതങ്ങൾ കേൾക്കൂ, അല്ലെങ്കിൽ ഏറ്റവും പുതിയ പാട്ട് ഏതാണെന്ന് മനസ്സിലാക്കൂ. അവരോടുള്ള നിങ്ങളുടെ അടുത്ത സംഭാഷണത്തിൽ അതിനെക്കുറിച്ച് നിങ്ങൾ പരാമർശിക്കുകയാണെങ്കിൽ, അവർക്ക് എത്ര അത്ഭുതം തോന്നും എന്ന് ആലോചിച്ചു നോക്കൂ. നിങ്ങൾ അതിനുവേണ്ടി സ്ഥിരമായി പ്രയത്നിക്കണമെന്നില്ല, പക്ഷേ, നിങ്ങളുടെ കൗമാരക്കാർ ജീവിക്കുന്ന ലോകത്തെ നിങ്ങൾക്ക് മനസ്സിലാക്കാം. ഒടുവിൽ, നിങ്ങളും, നിങ്ങളുടെ കൗമാരക്കാരായ മക്കളും തമ്മിലുള്ള ആശയവിനിമയത്തിന്റെ വിടവ് നികത്താൻ നിങ്ങൾക്ക് തുടങ്ങാം.
കൂട്ടുകാരുടെ സ്വാധീനവും, പുതിയ കാര്യങ്ങളുടെ പരീക്ഷണവും
സ്വന്തം വ്യക്തിത്വം പടുത്തുയർത്താൻ തുടങ്ങുന്ന കാലമാണ് കൗമാരകാലം. സ്വന്തം ശൈലികളും, നിലനില്പുമായി ഉയർന്നു വരുന്ന കാലമാണിത്. ഒരു വ്യക്തി ആരാണെന്ന് സ്വയം നിർവചിക്കുന്ന കാലമാണിത്. മാത്രമല്ല, മാതാപിതാക്കൾ ഈ നിർവ്വചനത്തോട് യോജിക്കണമെന്നില്ല. മധുരമായി പെരുമാറിയിരുന്ന നിങ്ങളുടെ കുട്ടിക്ക് എന്ത് പറ്റി എന്ന് നിങ്ങൾ വിചാരിച്ചേയ്ക്കാം. എന്നാൽ, ഇത് ബാല്യത്തിൽ നിന്ന്, പക്വതയിലേയക്കുള്ള യാത്രയുടെ ഭാഗം മാത്രമാണ്.
കൂട്ടത്തിൽ ചേരാൻ ഉള്ള കൂട്ടുകാരുടെ സമ്മർദ്ദം അതിൻ്റേതായ ഫലങ്ങൾ ഉണ്ടാക്കുന്നു. കൂട്ടുകാരോടും, സമപ്രായക്കാരോടുമൊപ്പം, പുതിയ ആശയങ്ങളും, നിഷിദ്ധമായ പ്രവൃത്തികളും അവർ പരീക്ഷിക്കുന്നു. ഒരു കാരണവുമില്ലാതെ വിപ്ലവം സൃഷ്ടിക്കുന്നു. അവരുടെ കൂട്ടുകാർ സ്വീകാര്യരല്ലായിരിക്കാം. അവരുടെ രീതികൾ ശരിയായിരിക്കില്ല, അവരുടെ പ്രവൃത്തികൾ ചോദ്യം ചെയ്യപ്പെടേണ്ടതായിരിക്കാം. ശാരീരികവും, മാനസികവുമായി വളർച്ചയുടെ വേദനാകരമായ ഘട്ടത്തിലൂടെയാണ് അവർ കടന്നു പോകുക. യൗവ്വനം ആരംഭിക്കുന്ന ഈ സമയത്ത് സ്വന്തം ശരീരത്തിന് വന്നിട്ടുള്ള മാറ്റങ്ങളെ അംഗീകരിക്കാൻ സമയവും, ക്ഷമയും വേണ്ടി വന്നേക്കാം.
എന്നാൽ, അധികകാലം അവർ പരീക്ഷണം തുടരുകയില്ല എന്നതാണ് ഇതിലെ നല്ല കാര്യം. ഒരു പ്രത്യേക സ്റ്റൈൽ അവർക്ക് യോജിക്കും എന്ന് മനസ്സിലാക്കിയാൽ പിന്നെ അവർ ഫാഷൻ പരീക്ഷണങ്ങൾ തുടരുകയില്ല.തങ്ങൾക്ക് പോകേണ്ട പാത കണ്ടുപിടിച്ച് കഴിഞ്ഞാൽ ,അവർ അതിൽ തന്നെ മുറുകെ പിടിക്കും.
എന്താണ് മാതാപിതാക്കൾ ചെയ്യേണ്ടത്?
നിങ്ങളുടെ കൗമാരക്കാരുടെ കൂട്ടുകാരുമായി സൗഹൃദം സ്ഥാപിക്കൂ. നിങ്ങളുടെ കൗമാരക്കാർ നിങ്ങളെ നേരിട്ട് അനുസരിച്ചു എന്ന് വരില്ല. എന്നാൽ, അവരുടെ കൂട്ടുകാർ വഴി അവരെ സ്വാധീനിക്കാൻ പറ്റും. നിങ്ങളുടെ കൗമാരക്കാരുടെ കൂട്ടുകാരെ സ്വാഗതം ചെയ്യുന്ന വീടാക്കി , നിങ്ങളുടെ വീടിനെ മാറ്റൂ. അവർക്ക് നിങ്ങൾ ഒരു നല്ല ആന്റിയോ അങ്കിളോ ആകൂ. അങ്ങനെ, നിങ്ങൾക്ക് പരസ്പരം മക്കളെ സ്വാധീനിക്കാൻ കഴിയുന്ന, അവരെ നേർവഴിക്ക് നയിക്കാൻ കഴിയുന്ന മാതാപിതാക്കളുടെ ഒരു ശൃംഖല സൃഷ്ടിക്കാം.
സ്വന്തം വ്യക്തിത്വം തിരിച്ചറിഞ്ഞ് അത് ഉറപ്പിക്കാൻ അവർ തുടങ്ങുമ്പോൾ, അത് അമ്മയും അച്ഛനും, കുട്ടിയുമായി ചില വൈകാരിക സന്ദർഭങ്ങൾ സൃഷ്ടിക്കും. നിങ്ങളുടെ കുട്ടിയുടെ കോപത്തെ നിങ്ങൾക്ക് അങ്ങനെതന്നെ വിഴുങ്ങേണ്ട സമയങ്ങൾ ഉണ്ടായെന്ന് വരാം. അവർക്ക് കടക്കാൻ പറ്റാത്ത അതിർത്തികൾ സൃഷ്ടിക്കാതെ ഒരു വഴിയും ഇല്ലാത്ത അവസരങ്ങൾ ഉണ്ടാകും. ചിലപ്പോൾ, പരസ്പരം മനസ്സിലാക്കി ബന്ധം ഉറപ്പിക്കാനും കഴിയും. വളർന്നു വന്ന മുതിർന്ന മക്കളുമായി നല്ല ബന്ധം സ്ഥാപിക്കാൻ എല്ലായ്പ്പോഴും എളുപ്പമല്ല. എന്നാൽ, ബാല്യത്തിലും, കൗമാരത്തിലും സ്ഥാപിച്ച അടിത്തറ അതിന് തീർച്ചയായും വഴിയൊരുക്കും.
ഇവിടെ കുട്ടികളുടെയും കൗമാരപ്രായക്കാരുടെയും പ്രോഗ്രാമുകൾ നോക്കുക.
ഈ ലേഖനം എഴുതിയ ശ്രീമതി വെണ്ണല നന്ദുരി ഒരു വിദ്യാഭ്യാസ പ്രവർത്തകയും, SKY പരിശീലകയും, ആർട്ട് ഓഫ് ലിവിംഗ് ചിൽഡ്രൻ ആൻഡ് ടീൻസിന്റെ അസോസിയേറ്റ് ഡയറക്ടറും ആണ്.











