പവിത്രമായ ഉത്തരവാദിത്വം-
കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം പവിത്രമാണ്. ആഹാരം, പാർപ്പിടം, വിദ്യാഭ്യാസം, എന്നിവ കൊടുക്കുക മാത്രമല്ല നമ്മുടെ ഉത്തരവാദിത്വം. അവരുടെ മനോനില, വികാരങ്ങൾ , ബുദ്ധി, ചിന്തകൾ എന്നിവയുടെ ഉത്തരവാദിത്വവും നമുക്കുണ്ട്. ഇത് ആവശ്യവുമാണ്.
നിങ്ങൾ ചിട്ടയുള്ളവരാണെങ്കിൽ കുട്ടികൾ നിങ്ങളുടെ ജീവിതം അലങ്കോലമാക്കും. നിങ്ങളുടെ അതിർത്തികൾ ഭേദിക്കാൻ കുട്ടികളാണ് ഏറ്റവും പറ്റിയവർ. എന്റെ അമ്മാമന്മാരിലൊരാൾ എന്നോടും എന്റെ അനിയത്തിയോടും കർക്കശമായി പെരുമാറിയിരുന്നു എന്ന് ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന് മകൻ ജനിച്ചപ്പോൾ ആ മകൻ അദ്ദേഹത്തെ നിയന്ത്രിച്ചു തുടങ്ങുകയും അദ്ദേഹത്തിന്റെ അതിർത്തികൾ ഭേദിക്കുകയും ചെയ്തു. അങ്ങനെ മറ്റുള്ളവർക്ക് പഠിപ്പിക്കാൻ കഴിയാത്ത കുറെ കാര്യങ്ങൾ നിങ്ങളുടെ കുട്ടികൾ നിങ്ങളെ പഠിപ്പിക്കും.
എങ്ങനെ നല്ല മാതാപിതാക്കൾ ആകാം?
നല്ല മാതാപിതാക്കൾ ആകാൻ ആദ്യത്തെ കുറച്ച് നിർദ്ദേശങ്ങൾ താഴെ കൊടുക്കുന്നു:
-
നിങ്ങളുടെ കുട്ടിയുടെ പ്രവണതകൾ നിരീക്ഷിക്കുകയും, കുട്ടി പിൻതുടരുന്ന മാർഗ്ഗം പരിശോധിക്കുകയും ചെയ്യുക
നിങ്ങളുടെ കുട്ടിയെ നിങ്ങളുടെ കാഴ്ചപ്പാടിലേയ്ക്ക് ഒതുക്കാതിരിക്കുക. മാതാപിതാക്കൾ ചെയ്യുന്ന ഒരു വലിയ തെറ്റാണിത്. നിങ്ങളുടെ കാഴ്ചപ്പാട് കുട്ടിയുമായി പങ്കിടുകയും കുട്ടിയുടെ കാഴ്ചപ്പാട് തെറ്റാണെങ്കിൽ അതിൽ നിന്ന് പിൻതിരിപ്പിക്കുകയും ചെയ്യണം. ചില പ്രവണതകളുമായാണ് എല്ലാ കുട്ടികളും ഭൂമിയിൽ എത്തുന്നത്. അത് മാറ്റാൻ പറ്റുന്നതല്ല, കുട്ടിക്ക് സിദ്ധിച്ച ചില കഴിവുകളെ നിയന്ത്രിക്കാനും പറ്റുകയില്ല. കുട്ടികളുടെ സ്വതസ്സിദ്ധമായ കഴിവുകൾക്ക് കുറെ മാറ്റങ്ങൾ വരുത്താമെങ്കിലും കുട്ടിയുടെ ഉള്ളിൽ ജന്മനാ ഉള്ള വിത്തിനെ ഒന്നും ചെയ്യാൻ പറ്റില്ല. അത് എപ്പോഴായാലും പ്രകടമായി വരും. ഈ രണ്ടു കാര്യങ്ങളും തമ്മിലുള്ള വ്യത്യാസം നിങ്ങൾ അറിഞ്ഞിരിക്കണം – അതിലാണ് ജ്ഞാനം അടങ്ങിയിരിക്കുന്നത്. നിങ്ങൾക്ക് അത് ചെയ്യാൻ കഴിഞ്ഞാൽ പകുതി ജോലി ചെയ്ത് തീർന്നു. ബാക്കി പകുതി പ്രപഞ്ചത്തിന് വിട്ടു കൊടുക്കണം. അതിന് മുകളിൽ നിങ്ങൾക്ക് നിയന്ത്രണം ഇല്ല.
-
സംവേദന ക്ഷമത ഉള്ളവരാകൂ
മാതാപിതാക്കൾ വളരെയേറെ സംവേദന ക്ഷമത ഉള്ളവരാകണം. ഇത് നിങ്ങൾ മനസ്സിൽ വെയ്ക്കേണ്ട കാര്യമാണ്. കുട്ടിയോട് കള്ളം പറയരുത് എന്ന് പറഞ്ഞിട്ട്, നിങ്ങൾക്ക് ഒരു ഫോൺ കോൾ വരുമ്പോൾ നിങ്ങൾ വീട്ടിൽ ഇല്ല എന്ന് കുട്ടിയോട് ഫോണിൽ മറുപടി പറയാൻ ആവശ്യപ്പെട്ടാൽ, അത് ശരിയാവില്ല.
-
കുട്ടികളുടെ മുന്നിൽ വെച്ച് തർക്കിക്കുന്നത് ഒഴിവാക്കൂ
എന്ത് വിലകൊടുത്തും കുട്ടിയുടെ മുന്നിൽ വെച്ച് തർക്കിക്കുന്നത് ഒഴിവാക്കൂ. നിങ്ങൾ തർക്കിക്കുന്ന സമയത്ത് അവർ അടുത്തില്ല എന്ന് ഉറപ്പ് വരുത്തണം. അവരുടെ സംവേദനശീലം കാരണം മുതിർന്നവർ തമ്മിലുള്ള അഭിപ്രായവ്യത്യാസം അവർ തിരിച്ചറിയും. അതുകൊണ്ട്, കുട്ടികൾ മുറിയിൽ എത്തുന്നതിന് മുമ്പ്, അല്ലെങ്കിൽ വീട്ടിൽ എത്തുന്നതിന് മുമ്പ് ഒത്തുതീർപ്പ് ഉണ്ടാക്കുകയാണ് നല്ലത്.
-
പങ്കിടാൻ അവരെ പ്രോത്സാഹിപ്പിക്കൂ
സാധനങ്ങൾ ആർക്കും കൊടുക്കാതിരിക്കാനും, അവ കയ്യിൽ വെയ്ക്കാനും നമ്മൾ പലപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് പരിധി കടക്കുമ്പോൾ, കുട്ടികൾക്ക് വീർപ്പുമുട്ടുന്ന അവസ്ഥ ഉണ്ടാകുന്നു. മാത്രമല്ല, സ്വന്തം വികാരങ്ങൾ പ്രകടിപ്പിക്കാതെ അവർ ഉൾവലിയുന്നു. ഇത് അവരുടെ വ്യക്തിത്വവികസനത്തിന് തടസ്സമാകാം. കുട്ടികളിൽ പങ്കിടാനുള്ള മനോഭാവം പ്രോത്സാഹിപ്പിക്കണം, കാരണം അത് അവരുടെ വ്യക്തിത്വത്തെ ആരോഗ്യകരമായി വികസിക്കാൻ സഹായിക്കുന്നു.
അവർക്ക് ഒരു സ്വപ്നം നൽകൂ, അതിലേക്ക് എത്താൻ അവരെ സഹായിക്കൂ
മാതാപിതാക്കൾ ആകുക എന്ന പ്രക്രിയ വളരെയധികം ക്ഷമയും, അദ്ധ്വാനവും പഠിപ്പിക്കുന്നു. കുട്ടികൾ പോകേണ്ട പാതയിലൂടെ സഞ്ചരിക്കാൻ അവരെ സഹായിക്കണം. കുട്ടികൾക്ക് സ്വപ്നങ്ങൾ സമ്മാനിച്ച് അതിലേയ്ക്ക് ചുവട് വെയ്ക്കാൻ അവരെ പ്രേരിപ്പിക്കുക എന്നത് ,ഇന്നത്തെ മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. അതുകൊണ്ട്, നിരവധി പ്രവർത്തനമേഖലകൾ അവർക്ക് തുറന്നു കാണിക്കണം. കുട്ടിക്ക് പത്ത് വയസ്സാകുന്നതിനുമുമ്പ് ഇത് ചെയ്യണം. കുട്ടിയെ ശാസ്ത്ര പ്രദർശനങ്ങളും കലാപ്രദർശനങ്ങളും കാണിച്ചു കൊടുക്കുകയും വേണം.
-
കുട്ടികളെ സാമൂഹിക സേവനം ചെയ്യാൻ പ്രേരിപ്പിക്കണം
ഞായറാഴ്ച ദിവസം അവർക്ക് കുറച്ച് ചോക്ലേറ്റ് കൊടുത്ത് അത് ഏറ്റവും ദരിദ്രർക്ക് വിതരണം ചെയ്യാൻ പറയൂ. അവരെ വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചേരികളിൽ കൊണ്ടു പോയി സാമൂഹിക സേവനം ചെയ്യാൻ പ്രേരിപ്പിക്കണം. ഇത് വളരെ സൂക്ഷ്മമായ മാർഗ്ഗങ്ങളിലൂടെ അവരുടെ വ്യക്തിത്വത്തെ വികസിപ്പിക്കുകയും തങ്ങൾക്ക് ഉള്ളതിൽ കൂടുതൽ കൃതജ്ഞത ഉള്ളവരാകാൻ അവരെ സഹായിക്കുകയും ചെയ്യും.
-
നിങ്ങളുടെ കുട്ടികൾക്ക് സമഗ്രമായ വിദ്യാഭ്യാസം നൽകൂ
കുട്ടികളിൽ ശാസ്ത്രവും കലയും വളർത്തണം – മസ്തിഷ്കത്തിൻ്റെ രണ്ടു വശത്തിനും പോഷണം ആവശ്യമാണ്. സരസ്വതിയുടെ പ്രതീകത്തിൽ സംഗീതോപകരണവും ഗ്രന്ഥവും കൈകളിൽ രുദ്രാക്ഷമാലയും ഉണ്ട്. പുസ്തകം മസ്തിഷ്കത്തിൻ്റെ ഇടതു വശത്തെ പോഷിപ്പിക്കുന്നതിനെ പ്രതിനിധാനം ചെയ്യുന്നു. സംഗീതോപകരണം വലതു ഭാഗത്തിൻ്റെ പോഷണത്തെയാണ് സൂചിപ്പിക്കുന്നത്. രുദ്രാക്ഷം ആകട്ടെ ധ്യാനാത്മകതയുടെ പ്രതീകമാണ്. അതുകൊണ്ട് വിദ്യാഭ്യാസം പൂർണ്ണമാകണമെങ്കിൽ ഇവ മൂന്നും ആവശ്യമാണ്. ഇവ മൂന്നും വികസിച്ചാൽ മാത്രമേ, ഒരാൾക്ക് വിദ്യാഭ്യാസവും സംസ്കാരവും ഉണ്ട് എന്ന് പറയാൻ പറ്റുകയുള്ളൂ. അതുകൊണ്ട്, നിങ്ങളുടെ കുട്ടികൾ സംഗീതവും യോഗയും പഠിക്കുമെന്നും അവർക്ക് ശാസ്ത്രീയ മനോഭാവം ഉണ്ടാകുമെന്നും ഉറപ്പ് വരുത്തണം.
-
നിങ്ങളുടെ കുട്ടിയുടെ വിശ്വാസം സംരക്ഷിക്കൂ
കുട്ടികൾ സ്വാഭാവികമായും വിശ്വസിക്കുന്ന പ്രകൃതം ഉള്ളവരാണ്. എന്നാൽ എന്തുകൊണ്ടോ അവരുടെ വിശ്വാസം നഷ്ടപ്പെട്ടു പോകുന്നു. നമ്മൾ അത് ശ്രദ്ധിക്കണം. അവർ അവരെത്തന്നെ വിശ്വസിക്കുന്നുണ്ടോ? അവർക്ക് വേണ്ടത്ര ആത്മവിശ്വാസം ഉണ്ടോ? ആരോഗ്യമുള്ള കുട്ടിക്ക് മൂന്ന് തരത്തിലുള്ള വിശ്വാസങ്ങൾ ഉണ്ട്:
- അവനവനിലുള്ള വിശ്വാസം
- ചുറ്റുമുള്ള ആളുകളിലും സമൂഹത്തിലെ ആളുകളിലും ഉള്ള വിശ്വാസം.
- ഈശ്വരനിൽ അല്ലെങ്കിൽ അതീതശക്തിയിൽ ഉള്ള വിശ്വാസം
ഈ മൂന്ന് തരത്തിലുള്ള വിശ്വാസങ്ങൾ കുട്ടികൾ നല്ല മനുഷ്യരായി വളർന്നു വികസിക്കാൻ വേണ്ട കാര്യങ്ങളാണ്
-
എല്ലാ പ്രായക്കാരുമായി ഇടപഴകാൻ നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുക
അവർ അവരേക്കാൾ കുറഞ്ഞ പ്രായക്കാരോട് എങ്ങനെ ഇടപഴകുന്നു എന്ന് നോക്കൂ. അതുപോലെ അവരെക്കാൾ മുതിർന്ന കുട്ടികളോട് എങ്ങനെ ഇടപഴകുന്നു എന്ന് നോക്കൂ. എന്നിട്ട് സമപ്രായക്കാരായവരോട് എങ്ങനെ അവർ ഇടപഴകുന്നു എന്ന് നോക്കൂ. നിങ്ങളുടെ കുട്ടിക്ക് ഉത്കർഷതാബോധമോ അപകർഷതാബോധമോ ഉണ്ടോ എന്ന് നോക്കണം. അതല്ലെങ്കിൽ അവർക്ക് അന്തർമുഖത്വമാണോ അതോ ബഹിർമുഖത്വമാണോ എന്ന് നോക്കൂ . ഈ നിഷേധ പ്രവണതകൾ പുറത്ത് പ്രകടമാകാതിരിക്കാൻ നിങ്ങൾക്ക് പ്രധാനപ്പെട്ട പങ്ക് വഹിക്കാവുന്നതാണ്. അവരോടൊപ്പം ചില കളികളിൽ ഏർപ്പെടുക. എല്ലാ പ്രായക്കാരുമായി ഇടപഴകാൻ അവരെ പ്രോത്സാഹിപ്പിക്കണം.
അപകർഷതാബോധം ഉള്ള കുട്ടികൾ അവരെക്കാൾ പ്രായം കുറഞ്ഞവരോട് ഇടപഴകാനാണ് ഇഷ്ടപ്പെടുക.അവർ മുതിർന്ന കുട്ടികളിൽ നിന്ന് ഓടിയൊളിക്കാൻ നോക്കും. സമപ്രായക്കാരെപ്പോലും ഒഴിവാക്കാൻ നോക്കും. ഉത്കർഷതാബോധമുള്ള കുട്ടികൾ ചെറിയ കുട്ടികളെ ഒഴിവാക്കും. അവർക്ക് മുതിർന്ന കുട്ടികളോട് ഇടപഴകാനാണ് താത്പര്യം. മാതാപിതാക്കൾ എന്ന നിലയിൽ അവർക്ക് നേരത്തെ തന്നെ ആശയവിനിമയ നൈപുണ്യം പഠിപ്പിക്കാവുന്നതാണ്. എങ്ങനെ ആശയവിനിമയം നടത്തണം എന്ന് പഠിക്കുക വളരെ പ്രധാനമാണ്.
-
കുട്ടിയിൽ സന്തുലനം വളർത്തൂ
നിങ്ങളുടെ കുട്ടിയുടെ പരാതികൾ പ്രോത്സാഹിപ്പിക്കാറുണ്ടോ? നിങ്ങൾ നിഷേധാത്മകത പ്രോത്സാഹിപ്പിക്കാറുണ്ടോ, അതോ നിങ്ങൾ അതിനെ ശുഭകരമാക്കി മാറ്റാറുണ്ടോ? ചിലപ്പോൾ നിങ്ങളുടെ കുട്ടി നിങ്ങളുടെ അടുത്ത് വന്ന്
ഏതെങ്കിലും കുട്ടി നല്ലതാണെന്ന് പറയും, പക്ഷേ, ആ കുട്ടി അത്ര നല്ലതല്ല എന്ന് നിങ്ങൾക്ക് അറിയാം. നിങ്ങളുടെ നിരീക്ഷണത്തിൽ കണ്ട ആ കുട്ടിയുടെ വ്യക്തിത്വത്തിൻ്റെ പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി, നിങ്ങളുടെ കുട്ടിയെ കേന്ദ്രത്തിൽ തിരിച്ചു കൊണ്ടു വരണം. ചിലപ്പോൾ ദുശ്ശീലങ്ങൾ ഉള്ളവർ അവരെ സ്വാധീനിച്ചേയ്ക്കാം. ചീത്ത കാര്യങ്ങളെക്കുറിച്ച് അവർക്ക് പറഞ്ഞു കൊടുക്കണം.
അതുപോലെ, ആരെക്കുറിച്ചെങ്കിലും അവർ നിഷേധാത്മക കാര്യങ്ങൾ പറയുകയാണെങ്കിൽ അവരുടെ നന്മകൾ ചൂണ്ടിക്കാട്ടണം. അങ്ങനെ കുട്ടി ഇടതു വശത്തേയ്ക്കോ, വലതു വശത്തേയ്ക്കോ കൂടുതൽ ചായുകയാണെങ്കിൽ നിങ്ങൾ സന്തുലനം നിലനിർത്തണം.
മാതാപിതാക്കളുടെ ഉത്തരവാദിത്വം രണ്ടു വഴിയിലൂടെ ഉള്ള യാത്രയാണ്. അവരിൽ നിന്ന് എന്ത് പഠിക്കണം എന്നും, അവരെ എന്ത് പഠിപ്പിക്കണമെന്നും ശ്രദ്ധിക്കണം.











