ദേഷ്യം

ദേഷ്യപ്പെടുക എന്നത് മറ്റാരുടേയോ തെറ്റിന്, നമുക്ക് നാം നൽകുന്ന ശിക്ഷയാണ്!

ആരും ഒരിക്കലും അസ്വസ്ഥരാകാനോ ദേഷ്യപ്പെടാനോ ഇഷ്ടപ്പെടുന്നില്ല. മറ്റുള്ളവരുടെ തെറ്റുകൾ കാണുമ്പോൾ നമുക്ക് അനുകമ്പ തോന്നുന്നില്ലെങ്കിൽ, നമ്മൾ അവരോടും പിന്നീട് നമ്മളോടു തന്നെയും ദേഷ്യപ്പെടാൻ സാധ്യതയുണ്ട്. നമ്മളെക്കുറിച്ചും, നമ്മുടെ മനസ്സിനെക്കുറിച്ചും, നമ്മുടെ ബോധത്തെക്കുറിച്ചും, നമ്മുടെ സ്വഭാവത്തിലെ വികലതയുടെ മൂലകാരണത്തെക്കുറിച്ചും ഉള്ള ചെറിയ അറിവുകൾ ഇതൊഴിവാക്കാൻ സഹായിക്കും. നമ്മുടെ ശ്വാസത്തിന് നമ്മെ പഠിപ്പിക്കാൻ ഒരു വലിയ പാഠമുണ്ട്; നമ്മൾ അതിനെ അവഗണിച്ചിരിക്കുന്നു. ശ്വസനരീതികളും ധ്യാനവും മനസ്സിനെ ശാന്തമാക്കുന്നതിൽ വളരെ ഫലപ്രദമാണ്. അതിലൂടെ നമുക്ക് നമ്മുടെ കോപം ദുർലഭമാക്കാനും പുഞ്ചിരി സുലഭമാക്കാനും കഴിയും.

കോപത്തിനു പിന്നിലെ അത്ഭുതകരമായ രഹസ്യങ്ങൾ

icon

നീതിബോധം

കോപത്തിന്റെ മൂലകാരണം നിങ്ങളാണ് ശരി എന്ന തോന്നലാണ്. നിങ്ങൾ ശരിയല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, നിങ്ങൾക്ക് ദേഷ്യപ്പെടാൻ കഴിയില്ല. രണ്ട് ആളുകൾ പരസ്പരം ദേഷ്യപ്പെടുമ്പോൾ, അവർ രണ്ടുപേരും തങ്ങളാണ് ശരി എന്ന് കരുതുന്നു. നിങ്ങൾ അവരോട് വ്യക്തിപരമായോ വെവ്വേറെയായോ സംസാരിക്കുമ്പോൾ, അവർ രണ്ടുപേരും അവരവരുടെ വഴിയിൽ ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതായത്, നിങ്ങൾ ചെയ്യുന്നതാണ് ശരി എന്നത് ഒരു ധാരണ മാത്രമാണ്.

icon

തൃഷ്ണ (തീവ്രമായ ആഗ്രഹം)

രണ്ടാമത്തെ കാരണം, നിങ്ങൾക്ക് തീവ്രമായ ഒരു ആഗ്രഹം ഉണ്ടായിരിക്കുകയും, അത് സഫലമാകാതിരിക്കുകയും ചെയ്യുമ്പോൾ, നിങ്ങൾ നിരാശനാകും. ആ നിരാശ കോപത്തിന് വഴിയൊരുക്കുന്നു.

icon

ക്ഷീണം

മൂന്നാമത്തെ കാരണം ക്ഷീണിതനായിരിക്കുമ്പോൾ, നിങ്ങൾ ശാരീരികമായും മാനസികമായും തളർന്നു പോകുന്നു, നിങ്ങൾ അനുഭവിക്കുന്ന സമ്മർദ്ദങ്ങളിൽ മോചിതനാകാൻ അത് നിങ്ങളെ അനുവദിക്കില്ല.

icon

പൂർണ്ണതയോടുള്ള ആസക്തി

നാലാമത്തെ കാരണം, നിങ്ങൾക്ക് പൂർണതയ്ക്കുള്ള ആഗ്രഹം ഉള്ളതിനാൽ അപൂർണ്ണതയോട് നിങ്ങൾ കോപിക്കുന്നു. പൂർണതയെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പത്തിൽ എല്ലാവരേയും / എല്ലാത്തിനേയും ഒതുക്കി നിർത്താൻ നിങ്ങൾ ആഗ്രഹിക്കുന്നു, പക്ഷേ അത് സംഭവ്യമല്ല . ഇക്കാര്യം നിങ്ങളുടെ ഉള്ളിൽ കോപത്തെ ജനിപ്പിക്കുന്നു.

ബന്ധപ്പെട്ട കോഴ്‌സുകൾ

നിങ്ങളുടെ കോപം ചെലവേറിയതും പുഞ്ചിരി സൗജന്യവുമാക്കൂ!

കോപം നിങ്ങളുടെ യഥാർത്ഥ സ്വഭാവത്തിന്റെ ഒരു വികലതയാണ്, അത് പൂർണ്ണമായി പ്രകാശിക്കാൻ നിങ്ങളെ അനുവദിക്കുന്നില്ല. കോപിക്കരുതെന്ന് നിങ്ങൾ നൂറ് തവണ സ്വയം ഓർമ്മിപ്പിച്ചേക്കാം, പക്ഷേ വികാരം വരുമ്പോൾ, നിങ്ങൾക്ക് അതിനെ നിയന്ത്രിക്കാൻ കഴിയില്ല. അത് ഒരു ഇടിമിന്നൽ പോലെയാണ് കടന്നു വരുന്നത്.

- ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർ

കോപം ഒഴിവാക്കാനുള്ള ചില നുറുങ്ങുകൾ

exercises

വ്യായാമം

പലപ്പോഴും ശാരീരിക പ്രവർത്തനങ്ങൾ അധികം ചെയ്യാത്ത ആളുകൾക്ക് കൂടുതൽ ദേഷ്യം വരും. അവരുടെ ശരീരത്തിൽ രജസ്സ് കൂടുതലാകുന്നതിനാൽ അവർ ചിന്തകളിൽ കുടുങ്ങിക്കിടക്കുന്നു. ദീർഘനേരം നടക്കുക, ട്രെഡ്മില്ലിൽ ഓടുക തുടങ്ങിയ വ്യായാമങ്ങൾ ചെയ്യുന്നത് രജസ്സ് കുറയ്ക്കാൻ സഹായിക്കും. യോഗ ഇതിന് വളരെ നല്ലൊരു ബദലാണ്. സൂര്യനമസ്കാരം പരിശീലിക്കുക. അപ്പോൾ നിങ്ങൾ വളരെ ക്ഷീണിതരാകും. നിങ്ങൾക്ക് ദേഷ്യപ്പെടാൻ ശക്തിയുണ്ടാവുകയില്ല.

Meditation - Smiling Ekta meditating on the pathway in Ashram

ശ്വസനരീതികളും ധ്യാനവും

ദേഷ്യം വരുമ്പോൾ ഒരു ദീർഘശ്വാസം എടുക്കുക, സാവധാനം പുറത്തേക്ക് വിടുക, ശാന്തരാവുക. പ്രാണായാമവും ധ്യാനവും പതിവായി പരിശീലിക്കുന്നത് കോപത്തെ മറികടക്കാൻ ആവശ്യമായ ശക്തി നിങ്ങൾക്ക് നൽകും.

Children and teens - Happy girl smiling with open arms looking at the sky

വിശാലമായ കാഴ്ചപ്പാട്

ഈ ലോകം പൂർണ്ണതയുള്ള (തെറ്റുകുറ്റങ്ങളില്ലാത്ത) ഒന്നായി തീരുകയില്ല, അതിനാൽ നിങ്ങളുടെ കാഴ്ചപ്പാട് വിശാലമാക്കുക. അപൂർണ്ണതയ്ക്ക് ഇടം നൽകുക. "ഞാനാണ് ശരി" എന്നതിൽ മുറുകെ പിടിക്കരുത്. മറ്റുള്ളവരുടെ കാഴ്ചപ്പാടുകളെയും ഉൾക്കൊള്ളണം. എല്ലാവരെയും നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ ആക്കാൻ നിങ്ങൾക്ക് കഴിയില്ല. അസുഖകരമായ കാര്യങ്ങൾ സംഭവിക്കും. അത് സംഭവിക്കുമ്പോൾ, മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും നിങ്ങൾക്ക് ഉണ്ടായിരിക്കണം.

ആളുകളെയും വസ്തുക്കളെയും സാഹചര്യങ്ങളെയും അതേപോലെ സ്വീകരിക്കാൻ തയ്യാറാവുക.

healthy food habits to maintain wellness

ഭക്ഷണം

നിങ്ങൾ പിത്തവിഭാഗത്തിൽ പെട്ട ആളാണെങ്കിൽ, നിങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരും. അതുകൊണ്ട് ദിവസത്തിന്റെ ആദ്യ പാദത്തിൽ തന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. സൂര്യോദയത്തിന് രണ്ട് മണിക്കൂറിനുള്ളിൽ എന്തെങ്കിലും കഴിച്ചിരിക്കണം. ഇല്ലെങ്കിൽ പിത്തം കുതിച്ചു കയറും ; അതിനാൽ ഈ വിഭാഗത്തിൽ പെട്ടവർക്ക് പ്രഭാതഭക്ഷണം അത്യാവശ്യമാണ്. ടബാസ്കോ സോസും ചൂടുള്ള മുളക് സോസും അധികം കഴിക്കരുത്. അമിതമായി ഉപവസിക്കരുത്, കൃത്യസമയത്ത് ഭക്ഷണം കഴിക്കണം. നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ ഉള്ളിൽ തീ കൊളുത്തും. നിങ്ങളിലെ പിത്തത്തിൻ്റെ സമതുലിതാവസ്ഥ തെറ്റിയാൽ നിങ്ങൾ എപ്പോൾ വേണമെങ്കിലും നിങ്ങൾ പൊട്ടിത്തെറിക്കാം എന്ന അവസ്ഥയിലായിരിക്കും.
പിത്തം സമതുലിതാവസ്ഥയിലാണെങ്കിൽ, ഒരു കാരണവശാലും നിങ്ങൾക്ക് ദേഷ്യം വരികയില്ല.

മറ്റൊരാൾ ദേഷ്യപ്പെടുകയാണെങ്കിൽ എന്തുചെയ്യണം?

ആരെങ്കിലും അസ്വസ്ഥനാകുമ്പോൾ നിങ്ങളും അതേ സമയം അസ്വസ്ഥനാകരുത്. ആരെങ്കിലും അലറുകയും ദേഷ്യപ്പെടുകയും ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് അവരുടെ സമയം അനുവദിക്കുക.നിങ്ങൾ ഒരു കാഴ്ചക്കാരനായ് മാത്രമിരിക്കുക. നിങ്ങൾ ആ ഷോയിൽ പങ്കെടുക്കേണ്ടതില്ല. മറ്റൊരിക്കൽ നിങ്ങളാവാം നിയന്ത്രണം നഷ്ടപ്പെട്ട് അലറുന്നതും , കോപം പ്രകടിപ്പിക്കുന്നതും. എല്ലാവരും ഒരേസമയം അഭിനേതാക്കൾ ആകുന്നതാണ് പ്രശ്നം, അപ്പോൾ കാഴ്ചക്കാരായി ആരുമുണ്ടാകില്ല . അതിനാൽ മാറിമാറി ദേഷ്യപ്പെടുക. മാറിമാറി അഭിനേതാവും കാഴ്ചക്കാരനും ആയിത്തീരുക ; അത് ആസ്വദിക്കുക! നർമ്മം കോപത്തിനുള്ള പ്രതിവിധിയാണ്. നിങ്ങൾ നിങ്ങളിൽ കേന്ദ്രീകൃതനാകുമ്പോൾ, നർമ്മം താനേ അവിടെ ഉണ്ടാകും.

ഒരു കാരണവുമില്ലാതെ ആരെങ്കിലും ദേഷ്യപ്പെടുകയാണെങ്കിൽ, അവരിലെ പിത്തം കൂടുതലാണെന്ന് മനസ്സിലാക്കി അവരെ ശാന്തരാകാൻ സഹായിക്കുക. ഉള്ളിലെ പിത്തം തണുപ്പിക്കാനായി ഐസ്ക്രീം, പാൽ പോലുള്ളവ ഉപയോഗപ്രദമാണ്.

ഒരിക്കലും ദേഷ്യപ്പെടാൻ പാടില്ലെന്നാണോ ?

ദേഷ്യപ്പെടുക എന്നത് ഒരു മോശം കാര്യമല്ല. അത് കുറച്ച് നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതാണെങ്കിൽ കുഴപ്പമില്ല. വെള്ളത്തിൽ വരയ്ക്കുന്ന ഒരു വര എത്ര നേരം നിലനിൽക്കുന്നുവോ അത്ര നേരം മാത്രമേ അതു നിലനിൽക്കാവൂ. ഇടയ്ക്കിടെ കോപം വരുകയാണെങ്കിൽ നിങ്ങൾ സ്വയം കുറ്റപ്പെടുത്താൻ തുടങ്ങരുത്. ആത്മീയ പാതയിൽ വളരെ ദോഷകരമായേക്കാവുന്ന ഒരു കാര്യം സ്വയം കുറ്റപ്പെടുത്തലാണ്. കോപം പ്രകടിപ്പിക്കുന്നത് തെറ്റല്ല, പക്ഷേ നിങ്ങളുടെ കോപത്തെക്കുറിച്ച് അറിയാതിരിക്കുന്നത് നിങ്ങൾക്ക് ദോഷം ചെയ്യും. ചിലപ്പോൾ നിങ്ങൾക്ക് മനഃപൂർവ്വം കോപം പ്രകടിപ്പിക്കേണ്ടി വരും. ഉദാഹരണത്തിന്, ഒരു അമ്മ തന്റെ കുട്ടികളോട് അവർ സ്വയം അപകടത്തെ ക്ഷണിച്ചു വരുത്തുമ്പോൾ ദേഷ്യപ്പെടുകയോ കഠിനമായി പെരുമാറുകയോ ആക്രോശിക്കുകയോ ഒക്കെ ചെയ്യും. അത് അവരുടെ നൻമയെ കരുതിയാണ് എന്നതാണ് വസ്തുത.

കോപം വെല്ലുവിളികളെ ഏറ്റെടുക്കാൻ സഹായിക്കും, അല്ലാത്തപക്ഷം നിങ്ങൾ ഒരു പക്ഷേ അത് ചെയ്യാൻ തുനിഞ്ഞെന്ന് വരില്ല. ഇവിടെ കോപം എന്നത് നിങ്ങളുടെ ഉള്ളിൽ കയ്പ് നിറക്കാത്ത ഒരു വലിയ പ്രചോദനമായി വർത്തിക്കുന്നു. എന്നാൽ കോപം നിങ്ങളുടെ ഉള്ളിൽ കയ്പ് ഉണ്ടാക്കുന്നുവെങ്കിൽ, അത് നിങ്ങളെ തന്നെ തിന്നുതീർക്കും. കോപം തീ പോലെയാണ് ; അതിനു നിങ്ങൾക്ക് സുഖകരമായ ഊഷ്മളത നൽകാനും നിങ്ങളെ പൊള്ളിക്കാനും കഴിയും. ഇനി കോപത്തിന്റെ അനന്തരഫലങ്ങൾ നോക്കൂ. കോപാവസ്ഥയിൽ എടുത്ത തീരുമാനങ്ങളിലോ പറഞ്ഞ വാക്കുകളിലോ നിങ്ങൾ സന്തുഷ്ടനാണോ? അല്ല, കാരണം കോപം നിങ്ങളുടെ അവബോധം നഷ്ടപ്പെടുത്തുന്നു. എന്നാൽ നിങ്ങൾ പൂർണ്ണമായും ബോധവാന്മാരായിരിക്കുമ്പോഴാണ് കോപത്തോടെ പെരുമാറുന്നതെങ്കിലോ, അത് കുഴപ്പമില്ല.

കോപത്തിന് സ്പർശിക്കാൻ പോലുമാകാത്ത ഒരു തലത്തിലേക്കെത്തിച്ചേരാൻ നിങ്ങൾ കുറച്ച് സമയമെടുത്തെന്നു വരും. കോപം വ്യത്യസ്ത നിറങ്ങളിലും തീവ്രതകളിലും വന്നുകൊണ്ടേയിരിക്കും. അതുവരെ, നിങ്ങളുടെ പരിശീലനങ്ങൾ തുടരുക - സുദർശന ക്രിയ, പ്രാണായാമം, ധ്യാനം എന്നിവ നിങ്ങളെ സഹായിക്കും.