​നിങ്ങൾക്ക് അവസാനം ദേഷ്യം വന്ന നിമിഷത്തെക്കുറിച്ച് ഒന്നോർത്തു നോക്കൂ. ചുറ്റും നടക്കുന്ന നിസ്സാര കാര്യങ്ങളിൽ പോലും നിങ്ങൾ പെട്ടെന്ന് പ്രകോപിതനാകാറുണ്ടോ? വണ്ടി ഓടിക്കുമ്പോൾ ആരെങ്കിലും നിങ്ങളെ മറികടന്നു പോകുമ്പോഴോ, അല്ലെങ്കിൽ തൊട്ടുമുന്നിൽ വളരെ സാവധാനം വണ്ടി ഓടിക്കുമ്പോഴോ ദേഷ്യം എങ്ങനെ നിയന്ത്രിക്കണമെന്ന് നിങ്ങൾ മറന്നുപോകാറുണ്ടോ? ആ സാഹചര്യമോ വ്യക്തിയോ നിങ്ങളുടെ ആ ദേഷ്യത്തെ അർഹിക്കുന്നുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

​ഈയൊരു സാഹചര്യം സങ്കൽപ്പിച്ചു നോക്കൂ: രാവിലെ ഓഫീസിൽ എത്തിയ ഉടനെ ബോസ് നിങ്ങളെ അദ്ദേഹത്തിന്റെ ക്യാബിനിലേക്ക് വിളിക്കുന്നു! ജോലിയിൽ നിന്ന് പിരിച്ചുവിടാൻ പോവുകയാണെന്ന് കരുതി ഭയത്തോടെയാണ് നിങ്ങൾ ഉള്ളിലേക്ക് കയറുന്നത്, എന്നാൽ അതിനുപകരം അദ്ദേഹം നിങ്ങൾക്ക് ഒരു പ്രൊമോഷൻ (പദവിക്കയറ്റം) നൽകുന്നു. ആ സന്തോഷ വാർത്തയറിഞ്ഞ് പുറത്തേക്കിറങ്ങുമ്പോൾ, സാധാരണ നിങ്ങളുടെ ദേഷ്യം നിയന്ത്രണം തെറ്റിക്കുന്ന ആ വ്യക്തിയെ നിങ്ങൾ കാണുന്നു. ആ ആവേശത്തിന്റെ നിമിഷത്തിൽ നിങ്ങൾ അയാളെ വകവെക്കുമോ? ഇല്ല, അല്ലേ? അങ്ങനെയെങ്കിൽ മറ്റ് സാധാരണ നിമിഷങ്ങളിൽ നമ്മൾ എന്തിനാണ് ഇത്രയധികം ദേഷ്യപ്പെടുന്നത്? അത് ആരോഗ്യകരമാണോ? ദേഷ്യം കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്?

​എന്തുകൊണ്ടാണ് നമുക്ക് ദേഷ്യം വരുന്നത്?

​ആത്മീയ ഗുരുവായ ശ്രീ ശ്രീ രവിശങ്കറിന്റെ അഭിപ്രായത്തിൽ ദേഷ്യത്തിന് മൂന്ന് പ്രധാന കാരണങ്ങളാണുള്ളത്:

  • ​ഞാൻ മാത്രമാണ് ശരിയെന്ന ഭാവം (Feeling of righteousness): ‘ഞാൻ പറയുന്നതാണ് ശരി’ എന്ന ചിന്തയാണ് ദേഷ്യത്തിന്റെ മൂലകാരണം. നിങ്ങൾ ചെയ്യുന്നത് ശരിയല്ലെന്ന് നിങ്ങൾക്ക് ബോധ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരിക്കലും ദേഷ്യം വരില്ല. രണ്ടുപേർ തമ്മിൽ വഴക്കിടുമ്പോൾ അവർ രണ്ടുപേരും കരുതുന്നത് തങ്ങൾ പറയുന്നതാണ് ശരിയാണെന്നാണ്. അവരോട് വ്യക്തിപരമായി സംസാരിച്ചാൽ, അവരുടേതായ രീതിയിൽ അവർ രണ്ടുപേരും ശരിയാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. അതുകൊണ്ട് ‘ശരി’ എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു.
  • ​അപൂർണ്ണമായ ആഗ്രഹങ്ങൾ (Unfulfilled desire): ഉള്ളിൽ തീവ്രമായ ഒരു ആഗ്രഹമുണ്ടാവുകയും, എന്നാൽ അത് നടക്കാതെ പോവുകയും ചെയ്യുമ്പോൾ നിരാശ ഉണ്ടാകുന്നു. ഈ നിരാശയാണ് പിന്നീട് ദേഷ്യമായി മാറുന്നത്.
  • ​ക്ഷീണം : ശാരീരികമായും മാനസികമായും നിങ്ങൾ അമിതമായി തളർന്നിരിക്കുമ്പോഴും, ഉള്ളിലെ സമ്മർദ്ദങ്ങൾ പുറന്തള്ളാൻ കഴിയാതെ വരുമ്പോഴും നിങ്ങൾ എളുപ്പത്തിൽ ദേഷ്യപ്പെടാം.

​ദേഷ്യം ആരോഗ്യകരമാണോ?

​സന്തോഷം, ആവേശം, തമാശ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഭൂരിഭാഗം ആളുകളും ദേഷ്യത്തെ ഒരു നിഷേധാത്മകമായ (നെഗറ്റീവ് )വികാരമായാണ് കാണുന്നത്. എന്നാൽ ദേഷ്യം വരുന്നത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്.

ദേഷ്യം എന്നത് ഒരു മോശം കാര്യമല്ല. അത് ഏതാനും നിമിഷങ്ങൾ മാത്രം നീണ്ടുനിൽക്കുന്നതാണെങ്കിൽ കുഴപ്പമില്ല. നിങ്ങളുടെ ജോലി കൃത്യമായി ചെയ്തെടുക്കാൻ ഒരു ആയുധമായി ദേഷ്യത്തെ ഉപയോഗിക്കാം. ചിലപ്പോൾ കുട്ടികളോട് സ്നേഹത്തോടെ പറയുമ്പോൾ അവർ കേൾക്കില്ല, എന്നാൽ ചെറുതായി ഒന്ന് ദേഷ്യപ്പെടുമ്പോൾ അവർ അനുസരിക്കും. അവിടെ ഒരു അച്ചടക്കം കൊണ്ടുവരാൻ നിങ്ങൾക്ക് സാധിക്കുന്നു. എന്നാൽ ആ ദേഷ്യം നിങ്ങളുടെ മനസ്സിനെയും ഊർജ്ജത്തെയും തന്നെ കാർന്നുതിന്നാൻ തുടങ്ങിയാൽ അത് നാശത്തിലേക്ക് നയിക്കും. ദേഷ്യം തീ പോലെയാണ്; അത് നിങ്ങൾക്ക് ചൂട് പകരുകയും ചെയ്യും, അതേസമയം നിങ്ങളെ ചുട്ടു ചാരമാക്കുകയും ചെയ്യും.

— ശ്രീ ശ്രീ രവിശങ്കർ

​ചില നിമിഷങ്ങളിൽ ദേഷ്യം നിയന്ത്രിക്കാൻ നമ്മളിൽ ഭൂരിഭാഗം പേരും പരാജയപ്പെട്ടിട്ടുണ്ടാകാം. എന്നാൽ ദേഷ്യം വരുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നതിലാണ് കാര്യം. അത് കൈവിട്ടുപോവുകയും വിനാശകരമായി മാറുകയും ചെയ്യുമ്പോൾ, ജോലിസ്ഥലത്തും വ്യക്തിബന്ധങ്ങളിലും പ്രശ്നങ്ങളുണ്ടാക്കുകയും നിങ്ങളുടെ ജീവിതനിലവാരത്തെ തന്നെ അത് ബാധിക്കുകയും ചെയ്യും.

​നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത പല കാരണങ്ങൾ കൊണ്ടും ദേഷ്യം വരാം. എന്നാൽ ദേഷ്യം ആളിപ്പടരുമ്പോൾ നമ്മുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാതാകുന്നത്  മനസ്സിന്റെ അവസ്ഥയാണ്.

​എന്തുകൊണ്ട് നിങ്ങൾ ദേഷ്യം നിയന്ത്രിക്കണം?

​ദേഷ്യം മനുഷ്യനിൽ ‘ഒന്നുകിൽ നേരിടുക, അല്ലെങ്കിൽ ഓടിരക്ഷപ്പെടുക’ (flight-or-fight response) എന്ന അടിസ്ഥാന പ്രതികരണത്തെ ഉണർത്തുന്നു. ഇതിലൂടെ നിങ്ങളുടെ ഹൃദയമിടിപ്പ്, ശ്വസന നിരക്ക്, രക്തസമ്മർദ്ദം എന്നിവ വർദ്ധിക്കുന്നു. നിങ്ങൾ വേഗത്തിൽ ശ്വാസമെടുക്കാൻ തുടങ്ങുകയും, ശരിയും തെറ്റും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. ദേഷ്യം വിട്ടുമാറാതെ തുടരുകയും അത് നിയന്ത്രിക്കാതിരിക്കുകയും ചെയ്യുമ്പോൾ, ശരീരത്തിൽ ഉണ്ടാകുന്ന ഉപാപചയ വ്യതിയാനങ്ങൾ നിങ്ങളുടെ ആരോഗ്യത്തെ മാത്രമല്ല, ജീവിതത്തിന്റെ ഗുണനിലവാരത്തെയും ദോഷകരമായി ബാധിക്കും.

​തുടർച്ചയായ ദേഷ്യം ഉണ്ടാക്കുന്ന ചില ആരോഗ്യപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:

  • ഹൃദ്രോഗം
  • ​സ്ട്രോക്ക് (പക്ഷാഘാതം)
  • ​രോഗപ്രതിരോധ ശേഷി കുറയുക
  • ​ചർമ്മ പ്രശ്നങ്ങൾ
  • ​ഉറക്കമില്ലായ്മ 
  • ​ഉയർന്ന രക്തസമ്മർദ്ദം
  • ​ദഹനക്കേട്
  • ​ഉത്കണ്ഠയും വിഷാദവും
  • ​മൈഗ്രേൻ
  • ​നെഗറ്റീവ് ചിന്തകൾ
  • ​നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളാകുക

​ദേഷ്യം മറികടക്കാൻ 9 വഴികൾ

​നിങ്ങൾ പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളാണോ? അതോ ദേഷ്യം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ആരെങ്കിലുമൊരാളെ നിങ്ങൾക്ക് അറിയാമോ? നിങ്ങളുടെ വീട്ടിലിരുന്ന് തന്നെ പരീക്ഷിക്കാവുന്ന ചില ദേഷ്യ നിയന്ത്രണ മാർഗ്ഗങ്ങൾ ഇതാ. ഈ വിദ്യകൾ പ്രധാനമായും ദേഷ്യം വരുമ്പോൾ നിങ്ങളുടെ ശരീരത്തിലും മനസ്സിലും ഉണ്ടാകുന്ന അമിതമായ ആവേശം കുറയ്ക്കാൻ സഹായിക്കുന്നു. ദേഷ്യം പിടിപ്പിക്കുന്ന സാഹചര്യങ്ങളെ പൂർണ്ണമായി ഒഴിവാക്കാൻ നമുക്ക് കഴിഞ്ഞെന്ന് വരില്ല, എന്നാൽ ആ ദേഷ്യത്തെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാൻ സാധിക്കും.

​1. ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കുക

​നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിനെയും വികാരങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ദേഷ്യത്തിന്റെ അളവിലും മാറ്റമുണ്ടാകാം. ഉദാഹരണത്തിന്, ഫ്രെഞ്ച് ഫ്രൈസ്, പിസ്സ, ഫ്രൈഡ് ചിക്കൻ തുടങ്ങിയ ട്രാൻസ് ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങൾ നിങ്ങളെ കൂടുതൽ അസ്വസ്ഥരും ദേഷ്യക്കാരുമാക്കും. മാംസാഹാരം, അമിത എരിവും എണ്ണയുമുള്ള ഭക്ഷണങ്ങൾ എന്നിവയും പെട്ടെന്ന് ദേഷ്യം വരാൻ കാരണമാകാറുണ്ട്.

​കൂടുതൽ ദേഷ്യവും അസ്വസ്ഥതയും തോന്നുന്ന ദിവസങ്ങളിൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി നിങ്ങളുടെ മാനസികാവസ്ഥ ശ്രദ്ധിക്കുക. നിങ്ങളുടെ മൂഡിൽ വലിയൊരു മാറ്റം കാണാൻ സാധിക്കും. ദേഷ്യം സ്ഥിരമായി കുറയ്ക്കാനുള്ള ഒരു വഴി കൃത്യസമയത്ത് ഫ്രഷ് ആയതും(പുതുമയുള്ളതും) ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുക എന്നതാണ്. പച്ചക്കറികളിൽ ‘ഡോപമിൻ’ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവ മനസ്സിന് ശാന്തത നൽകാൻ സഹായിക്കും.​നിങ്ങൾക്ക് ഒരു ആയുർവേദ ഡോക്ടറുടെ ഉപദേശവും തേടാം. നിങ്ങളുടെ ശരീരപ്രകൃതി ‘പിത്ത’ (Pitta) ദോഷമുള്ളതാണെങ്കിൽ അതിനനുസരിച്ചുള്ള ഭക്ഷണക്രമം അവർ നിർദ്ദേശിക്കും. പിത്ത പ്രകൃതിയുള്ളവർ അമിതമായി മുളക് കഴിക്കരുത്, അതുപോലെ കൂടുതൽ സമയം പട്ടിണി കിടക്കരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ശരീരത്തിലെ പിത്തം സമതുലിതമാകുമ്പോൾ, അനാവശ്യമായി ദേഷ്യം വരുന്നത് തനിയെ കുറയും.

​2. ശരിയായ വിശ്രമത്തിന്റെ ശക്തി അറിയുക

​കൃത്യമായി ഉറങ്ങാതിരിക്കുന്നത് കണ്ണുകൾക്ക് ചുറ്റും കറുത്ത പാടുകൾ വരുത്തുക മാത്രമല്ല, നിങ്ങളുടെ ദേഷ്യത്തിന്റെ പ്രധാന കാരണം കൂടിയാകാം. ഉറക്കക്കുറവ് ഉത്കണ്ഠ, സങ്കടം, സമ്മർദ്ദം തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ വർദ്ധിപ്പിക്കും. ശരീരത്തിനും മനസ്സിനും ആവശ്യമായ വിശ്രമം നൽകുക. അത് ദേഷ്യം കുറയ്ക്കുക മാത്രമല്ല, നിങ്ങളുടെ ജോലി ചെയ്യാനുള്ള കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

​3. യോഗ പരിശീലിക്കുക

​ദിവസവും 15 മിനിറ്റ് യോഗ ചെയ്യുന്നത് നിങ്ങളെ കൂടുതൽ ശാന്തരും സന്തോഷവാന്മാരുമാക്കും. ‘സൂര്യനമസ്കാരം’ ചെയ്തുകൊണ്ട് ഇത് ആരംഭിക്കാവുന്നതാണ്.

ചില ദിവസങ്ങളിൽ കടുത്ത സമ്മർദ്ദം കാരണം എന്റെ ശരീരത്തിന് നല്ല അസ്വസ്ഥത അനുഭവപ്പെടാറുണ്ട്. ഇത് എന്നെ ദേഷ്യക്കാരനാക്കും. എന്നാൽ യോഗ ചെയ്യാൻ തുടങ്ങിയതോടെ ശരീരത്തിലെ ആ അസ്വസ്ഥതകൾ മാറി, ദേഷ്യം പെട്ടെന്ന് നിയന്ത്രിക്കാൻ ഇത് എന്നെ സഹായിച്ചു. ഇപ്പോൾ എന്റെ മനസ്സ് എപ്പോഴും ഭാരം കുറഞ്ഞതും സന്തോഷമുള്ളതുമാണ്.

— പ്രിയം ഖന്ന (ഐ.ടി എഞ്ചിനീയർ)

​4. പ്രാണായാമം ശീലിക്കുക

​ഭസ്ത്രിക, നാഡിശോധൻ തുടങ്ങിയ പ്രാണായാമങ്ങൾ മനസ്സിലെ അസ്വസ്ഥതകൾ കുറച്ച് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കുന്ന യോഗ വിദ്യകളാണ്. മനസ്സ് ശാന്തമാകുമ്പോൾ നമ്മൾ പെട്ടെന്ന് പ്രകോപിതരാകില്ല. ശ്വാസത്തെ നിയന്ത്രിക്കുന്ന പ്രക്രിയയാണ് പ്രാണായാമം. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം നൽകുന്നു. ‘പ്രാണ’ എന്നാൽ ജീവന്റെ ഊർജ്ജം എന്നും ‘യാമം’ എന്നാൽ നിയന്ത്രണം എന്നുമാണ് സംസ്കൃതത്തിൽ അർത്ഥം. ഇനി ദേഷ്യം വരുമ്പോൾ കണ്ണുകൾ അടച്ച് കുറച്ചു തവണ ദീർഘമായി ശ്വാസമെടുക്കൂ, നിങ്ങളുടെ മനസ്സിലെ മാറ്റം തൊട്ടറിയാം.

​5. ഒരേ സമയം രണ്ടുപേരും ദേഷ്യപ്പെടാതിരിക്കുക

​പലപ്പോഴും ആരെങ്കിലും നമ്മളോട് ദേഷ്യപ്പെടുമ്പോൾ നമ്മളും തിരിച്ച് ദേഷ്യപ്പെടുകയും ബഹളം വെക്കുകയും ചെയ്യാറുണ്ട്. ഇതിന്റെ രഹസ്യം എന്തെന്നാൽ, കുടുംബത്തിൽ ആരെങ്കിലും ഒരാൾ ദേഷ്യപ്പെടുമ്പോൾ മറ്റുള്ളവർ ആ സമയത്ത് ശാന്തത പാലിക്കണം. അവർക്ക് ആ ദേഷ്യം തീർക്കാനുള്ള സമയം നൽകുക. അവർ ബഹളം വെക്കുമ്പോൾ നിങ്ങൾ വെറുമൊരു കാഴ്ചക്കാരനായിരിക്കുക. അതിനർത്ഥം നിങ്ങൾ എപ്പോഴും എല്ലാം സഹിക്കണമെന്നല്ല. പിന്നീട് മറ്റൊരു അവസരത്തിൽ നിങ്ങൾക്ക് നിങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കാം. എല്ലാവരും ഒരേ സമയം ദേഷ്യപ്പെടുമ്പോഴാണ് പ്രശ്നങ്ങൾ വഷളാകുന്നത്.

​6. കുറവുകളെ അംഗീകരിക്കാൻ പഠിക്കുക

​കാര്യങ്ങൾ വിചാരിച്ചതുപോലെ നടക്കാതെ വരുമ്പോൾ സ്വയം ഓർമ്മിപ്പിക്കുക: ലോകത്ത് തികഞ്ഞൊരു പദ്ധതി (പ്ലാൻ) എന്ന് പറയുന്ന ഒന്നില്ല! സാഹചര്യങ്ങളിലെ കുറവുകളെ അതേപടി അംഗീകരിക്കുക. ജീവിതത്തിന് പുതിയ വെല്ലുവിളികളും നിറങ്ങളും നൽകാനാണ് ഇത്തരം കുറവുകൾ ഉണ്ടാകുന്നത്. നമുക്ക് നിയന്ത്രിക്കാൻ കഴിയാത്ത ചെറിയ കാര്യങ്ങളെക്കുറിച്ച് ഓർത്ത് വിഷമിക്കുന്നത് നിരാശ കൂട്ടുകയും ദേഷ്യം ഇരട്ടിയാക്കുകയും ചെയ്യും. അതുകൊണ്ട് കാഴ്ചപ്പാടുകൾ വിശാലമാക്കുക, ചെറിയ പിഴവുകൾക്ക് ജീവിതത്തിൽ ഇടം നൽകുക, അനാവശ്യ തർക്കങ്ങൾ ഒഴിവാക്കുക.

​7. ദിവസവും ധ്യാനിക്കുക

​മനസ്സിന്റെ ശാന്തത നിലനിർത്താൻ ധ്യാനം സഹായിക്കും. ദിവസവും വെറും 20 മിനിറ്റ് ധ്യാനിക്കുന്നത് നിങ്ങളുടെ ദേഷ്യത്തെ വലിയ രീതിയിൽ നിയന്ത്രിക്കും. ധ്യാനിക്കുന്നതിലൂടെ ദേഷ്യം വന്നാൽ പോലും വളരെ പെട്ടെന്ന് സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ നിങ്ങൾക്ക് സാധിക്കും. ധ്യാനം കൊണ്ട് ശരീരത്തിനും മനസ്സിനും ഒരുപാട് ഗുണങ്ങളുണ്ടെങ്കിലും, അതിൽ ഏറ്റവും പ്രധാനം അത് ദേഷ്യത്തെ മികച്ച രീതിയിൽ നിയന്ത്രിക്കുന്നു എന്നതാണ്.

​8. നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തുക

​നിങ്ങൾക്ക് പെട്ടെന്ന് ദേഷ്യം വരുന്നുണ്ടെങ്കിൽ, ഏതൊക്കെ കാര്യങ്ങളാണ് നിങ്ങളെ പ്രകോപിപ്പിക്കുന്നത് എന്ന് ഒരു പേപ്പറിൽ കുറിച്ചുവെക്കുക. അത് ചില വ്യക്തികളാകാം, സാഹചര്യങ്ങളാകാം, അല്ലെങ്കിൽ ചില പരിഹാസ വാക്കുകളാകാം. ഇത് തിരിച്ചറിയുന്നത് ദേഷ്യം നിയന്ത്രിക്കാൻ ഏറെ സഹായിക്കും. അങ്ങനെ വരുമ്പോൾ, നിങ്ങൾക്ക് ഒഴിവാക്കാൻ പറ്റുന്ന സാഹചര്യങ്ങൾ ഒഴിവാക്കാനും, ഒഴിവാക്കാൻ പറ്റാത്തവയെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കാനും സാധിക്കും.

​9. വ്യായാമം ചെയ്യുക

​ദേഷ്യം വരുമ്പോൾ ശരീരത്തിൽ വികാരങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടാകും. ദേഷ്യം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് വ്യായാമം. വ്യായാമം ചെയ്യുന്നത്, പ്രത്യേകിച്ച് കാർഡിയോ വ്യായാമങ്ങൾ മൂഡ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദേഷ്യം വരുമ്പോൾ ഒരു ചെറിയ നടത്തത്തിന് പോകുന്നതോ ജിമ്മിൽ പോകുന്നതോ ശരീരത്തിലെ ആ അമിത സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

​സ്ഥിരമായി വ്യായാമം ചെയ്യുന്നത് വഴി മനസ്സമാധാനം ലഭിക്കുകയും ക്ഷമ വർദ്ധിക്കുകയും ചെയ്യും. കഠിനമായ ഒരു വർക്കൗട്ടിനോ ഓട്ടത്തിനോ ശേഷം, നിങ്ങളെ ദേഷ്യം പിടിപ്പിച്ച ആ പ്രശ്നത്തെ വളരെ ലളിതമായി കാണാൻ നിങ്ങൾക്ക് സാധിക്കും.

​ആർട്ട് ഓഫ് ലിവിംഗിന്റെ ‘ഹാപ്പിനസ് പ്രോഗ്രാമിലൂടെ’ സുദർശന ക്രിയ ശീലിക്കൂ, നിങ്ങളുടെ ദേഷ്യത്തെ മനോഹരമായി നിയന്ത്രിക്കാൻ പഠിക്കൂ.

    Wait!

    Don't leave without a smile

    Talk to our experts and learn more about Sudarshan Kriya

    Reverse lifestyle diseases | Reduce stress & anxiety | Raise the ‘prana’ (subtle life force) level to be happy | Boost immunity

     
    *
    *
    *
    *
    *