എന്തിനോടാണ് നിങ്ങൾക്ക് ദേഷ്യം തോന്നാറുള്ളത്? വ്യക്തികളോടോ, സംഭവങ്ങളോടോ, സാഹചര്യങ്ങളോടോ? ജഡവസ്തുക്കളോട് നമുക്ക് ദേഷ്യം തോന്നാറില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ ദേഷ്യം ഒന്നുകിൽ മറ്റുള്ളവർക്ക് നേരെയോ അല്ലെങ്കിൽ സാഹചര്യങ്ങൾക്ക് നേരെയോ ആയിരിക്കും. ഇതിൽ നിങ്ങളും ഉൾപ്പെടുന്നു—ചിലപ്പോൾ നിങ്ങളോട് തന്നെയാകാം ദേഷ്യം, അല്ലെങ്കിൽ മറ്റൊരാളോട്.
നിങ്ങളിലെ ചില ബലഹീനതകൾ കാരണമാണ് ദേഷ്യം ഉണ്ടാകുന്നത്. നിങ്ങൾ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുകയും എന്നാൽ അത് ചെയ്യാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ, ആ കഴിവില്ലായ്മ നിങ്ങളിൽ ദേഷ്യം ഉണർത്തുന്നു.
നിങ്ങൾ ശക്തനും പ്രാപ്തനുമാണെങ്കിൽ പിന്നെ എന്തിന് ദേഷ്യപ്പെടണം? ഒരുറുമ്പിനോടൊ ഈച്ചയോടോ നിങ്ങൾക്ക് ദേഷ്യം തോന്നാറില്ലല്ലോ. നമ്മളെക്കാൾ താഴ്ന്ന ഒന്നിനോടും നാം ദേഷ്യപ്പെടാറില്ല. മറിച്ച്, നമ്മളെക്കാൾ വലിയവരോ കരുത്തരോ ആയവരോടാണ് ദേഷ്യം തോന്നുക. നമ്മുടെ കഴിവിനും നൈപുണ്യത്തിനും അപ്പുറമുള്ള കാര്യങ്ങൾ കാണുമ്പോഴോ അനുഭവിക്കുമ്പോഴോ നാം ക്രുദ്ധരാകുന്നു. നാം പറയുന്നത് മറ്റൊരാൾ അനുസരിക്കുന്നില്ല എന്ന് തോന്നുമ്പോൾ ദേഷ്യം വരുന്നു. നമ്മുടെ വാക്കുകൾക്ക് നമ്മളെക്കാൾ പ്രാധാന്യമുണ്ടെന്ന് കരുതുമ്പോഴാണ് ദേഷ്യം ജനിക്കുന്നത്. അതുകൊണ്ട് തന്നെ ദേഷ്യം ഉണ്ടാകുമ്പോൾ അത് വേദനയും നൽകുന്നു.
ദേഷ്യത്തിൽ നിന്ന് വേഗത്തിൽ പുറത്തുകടക്കേണ്ടത് അത്യാവശ്യമാണ്
വാക്കുകളിലും പ്രവൃത്തികളിലും പൂർണ്ണത വേണമെന്ന ആഗ്രഹമാണ് പലപ്പോഴും ദേഷ്യത്തിന് കാരണം. പ്രവൃത്തികളിൽ 100 ശതമാനം പൂർണ്ണത എന്നത് മിക്കവാറും അസാധ്യമാണ്; പരമാവധി 95 ശതമാനം മാത്രമേ അത് സാധ്യമാകൂ. എന്നാൽ വാക്കുകളിലും മനസ്സിലും 100 ശതമാനം പൂർണ്ണത കൈവരിക്കാൻ നമുക്ക് സാധിക്കും.
നിങ്ങൾ എത്രത്തോളം ഇടവിട്ട് ദേഷ്യപ്പെടുന്നു എന്നത് നിങ്ങളുടെ ആത്മബലവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ദേഷ്യത്തിന്റെ ആവൃത്തി നിങ്ങളുടെ കരുത്തിന് വിപരീത അനുപാതത്തിലാണ്. നിങ്ങൾ എത്രത്തോളം ശക്തനാണോ അത്രത്തോളം ദേഷ്യം കുറവായിരിക്കും; നിങ്ങൾ എത്രത്തോളം ദുർബലനാണോ അത്രത്തോളം ദേഷ്യം കൂടുതലായിരിക്കും. നിങ്ങളുടെ കരുത്ത് എവിടെയാണെന്നും അത് എന്തുകൊണ്ട് ചോർന്നുപോകുന്നു എന്നും നിങ്ങൾ ചിന്തിക്കേണ്ടതുണ്ട്.
രണ്ടാമത്തെ ഘടകം നിങ്ങളുടെ കാഴ്ചപ്പാടും ജീവിതത്തെക്കുറിച്ചും ചുറ്റുമുള്ളവരെക്കുറിച്ചുമുള്ള ആഴത്തിലുള്ള ധാരണയുമാണ്. മൂന്നാമത്തെ ഘടകം നിങ്ങളുടെ ‘അമിതമായ മമത’ (ബന്ധനം) ആണ്. എന്തിനോടെങ്കിലും ഉള്ള അമിതമായ ആസക്തി ദേഷ്യമുണ്ടാക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ ഓരോ ദേഷ്യത്തിന് പിന്നിലും ഓരോ ആഗ്രഹമുണ്ടാകും. അത് തിരിച്ചറിയുക. നിങ്ങളുടെ സുഖത്തിനോ ആഗ്രഹത്തിനോ അഹങ്കാരത്തിനോ വേണ്ടിയാണ് ആ ദേഷ്യമെങ്കിൽ അതിന്റെ ഫലം വേറെയാണ്. എന്നാൽ മറ്റുള്ളവരോടുള്ള കരുണ കൊണ്ടോ, കാര്യങ്ങൾ ശരിയാക്കാൻ വേണ്ടിയോ ഉള്ള ദേഷ്യമാണെങ്കിൽ അത് മോശമല്ല.
ദേഷ്യത്തിന്റെ ചക്രം എങ്ങനെ ഭേദിക്കാം?
താൻ പറയുന്നത് ശരിയാണെന്ന തോന്നലിലാണ് ആളുകൾ കലഹിക്കുന്നത്. ഈ നീതിബോധമാണ് അവർക്ക് പോരാടാനുള്ള കരുത്ത് നൽകുന്നത്. താൻ തെറ്റാണെന്ന് ഒരാൾക്ക് തോന്നിയാൽ അവർക്ക് തർക്കിക്കാനുള്ള ശക്തി ലഭിക്കില്ല.
ഇത്തരത്തിലുള്ള ഇടുങ്ങിയ നീതിബോധമാണ് ലോകത്ത് മോശമായ പല കാര്യങ്ങളും സൃഷ്ടിച്ചിട്ടുള്ളത്. ലോകത്തുണ്ടായ യുദ്ധങ്ങളെല്ലാം തന്നെ ഇത്തരം ചിന്താഗതിയുടെ ഫലമായിരുന്നു.
നമ്മുടെ കാഴ്ചപ്പാട് വിശാലമാക്കുകയും സത്യത്തെ നിഷ്പക്ഷമായി കാണാൻ ശ്രമിക്കുകയും ചെയ്താൽ നമുക്ക് മറ്റൊരു ചിത്രം തെളിയും. നമ്മുടെ ശരികൾ കേവലം മാനസികമായ സങ്കൽപ്പങ്ങൾ മാത്രമാണ്; അതിനപ്പുറമാണ് ഓരോ പ്രവൃത്തിയുടെയും യഥാർത്ഥ കാരണം. ശരിയായ, അടിസ്ഥാനപരമായ ആ കാരണത്തെ കണ്ടെത്തുക എന്നതാണ് ജ്ഞാനം.
ദേഷ്യത്തെ മറികടക്കാൻ ചില വഴികൾ:
1. ദേഷ്യപ്പെടുന്നവരെ പടക്കങ്ങളെപ്പോലെ കാണുക
ദേഷ്യപ്പെടുന്ന ഒരാളെ ഒരു പടക്കം പോലെ കരുതുക. ദീപാവലിക്ക് നമ്മൾ പടക്കം പൊട്ടിക്കുമ്പോൾ തിരികൊളുത്തിയ ശേഷം ദൂരെ മാറിനിന്ന് അത് ആസ്വദിക്കും. അൽപ്പസമയത്തിനുള്ളിൽ അത് കെട്ടുപോകും. ദേഷ്യപ്പെടുന്നവരും അങ്ങനെ തന്നെയാണ്.
മുൻകരുതൽ എടുക്കുക: നമ്മൾ വീടിനുള്ളിലിരുന്ന് പടക്കം പൊട്ടിക്കാറില്ല, വിലപിടിപ്പുള്ള വസ്തുക്കൾ പടക്കത്തിന് അടുത്ത് വെക്കാറുമില്ല. അതുപോലെ ദേഷ്യപ്പെടുന്നവർക്ക് ചുറ്റും വിലപ്പെട്ടതൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക.
സാക്ഷിയായിരിക്കുക: ദേഷ്യപ്പെടുന്നവർ ഇല്ലെങ്കിൽ ഈ ലോകത്ത് എന്ത് രസമാണുള്ളത്? അതുകൊണ്ട് നിങ്ങളെത്തന്നെ സുരക്ഷിതമായി നിർത്തിക്കൊണ്ട്, ദൂരെ മാറിനിന്ന് അവരെ നിരീക്ഷിക്കുക. അതിൽ ഇടപെടാതിരുന്നാൽ നിങ്ങൾക്ക് അതൊരു വിനോദമായി തോന്നും.
2. അവബോധത്തിലൂടെ (തിരിച്ചറിവിലൂടെ) ദേഷ്യത്തെ കീഴടക്കാം
ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാതിരുന്നാൽ നിങ്ങൾ വീർപ്പുമുട്ടും. മറുവശത്ത്, അത് പ്രകടിപ്പിച്ചാലോ നിങ്ങൾക്ക് കുറ്റബോധം തോന്നും. അതുകൊണ്ട് ഇതിന് രണ്ടിനും അപ്പുറത്തേക്ക് ഉയരുക എന്നതാണ് പ്രധാനം. ജീവിതത്തെ മറ്റൊരു കാഴ്ചപ്പാടിലൂടെ നോക്കിക്കാണുക.
നിങ്ങളുടെ വികാരങ്ങളെ ഒരു അലങ്കാരമായി മാത്രം കാണുക – ഒരു കേക്കിന് മുകളിലെ വിവിധ നിറങ്ങളിലുള്ള ‘ഐസിംഗ്’ പോലെ. ഈ അലങ്കാരങ്ങൾ കേക്കിന്റെ ഗുണത്തെയോ രുചിയെയോ ബാധിക്കുന്നില്ല. അതുപോലെ, വികാരങ്ങൾ നിങ്ങളെ തളച്ചിടാനോ നിങ്ങളിൽ കുറ്റബോധം നിറയ്ക്കാനോ പാടില്ല. നിങ്ങളുടെ അവബോധം വളരുമ്പോൾ ഇത് സാധ്യമാകും. നവരാത്രി കാലത്ത് നമ്മൾ സത്സംഗങ്ങളിൽ പങ്കെടുക്കുകയും ആഹാരക്രമം പാലിക്കുകയും ചെയ്യുന്നത് മനസ്സിനെ ഭക്തിയുടെ തിരമാലകളിൽ ലയിപ്പിക്കാനാണ്. ഇത്തരത്തിൽ ക്രോധം ഉൾപ്പെടെയുള്ള ദുർഗുണങ്ങളിൽ നിന്ന് നമുക്ക് ഒഴിഞ്ഞുനിൽക്കാൻ സാധിക്കും.
3. ആക്രമണസ്വഭാവത്തെ നേരിടാൻ ആത്മബലം ഉപയോഗിക്കുക
എന്തുകൊണ്ടാണ് നിങ്ങളിൽ ആക്രമണസ്വഭാവം ഉണ്ടാകുന്നത്? മറ്റൊരാൾ നിങ്ങളേക്കാൾ വലിയവനാണെന്ന് കരുതുമ്പോഴാണ് നിങ്ങൾ ആക്രമണകാരിയാകുന്നത്. ചിന്തിച്ചു നോക്കൂ, ഒരാൾ നിങ്ങളേക്കാൾ എത്രയോ മുകളിലാണെന്നോ അല്ലെങ്കിൽ നിസ്സാരനാണെന്നോ തോന്നുമ്പോൾ നിങ്ങൾ ദേഷ്യപ്പെടാറില്ല. എന്നാൽ ഒരാൾ നിങ്ങളോടൊപ്പമോ അല്ലെങ്കിൽ നിങ്ങളേക്കാൾ അല്പം മാത്രം താഴെയോ മുകളിലോ ആണെന്ന് തോന്നുമ്പോഴാണ് നിങ്ങൾ ആക്രമണകാരിയാകുന്നത്. ഇത് നിങ്ങളുടെ സ്വന്തം ശക്തിയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. ഉണർന്നു ചിന്തിക്കുക, നിങ്ങൾ ആരാണെന്നും ആരോടാണ് ദേഷ്യപ്പെടുന്നതെന്നും തിരിച്ചറിയുക.
ഒരു കൊതുകിനെ കൊല്ലാൻ പോകുമ്പോൾ നിങ്ങൾ രോഷാകുലരാകാറില്ല! കാരണം അത് വെറുമൊരു കൊതുകാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ നിങ്ങളുടെ ആത്മബലത്തെക്കുറിച്ച് ബോധവാന്മാരാകുക.
4. അല്പം അപൂർണ്ണതകൾ മനസ്സിന് നല്ലതാണ്
എല്ലാം തികഞ്ഞതാകണം എന്ന അമിതമായ നിർബന്ധം മനസ്സിൽ ദേഷ്യവും അക്രമവാസനയും വളർത്തും. അപൂർണ്ണതകളെ അംഗീകരിക്കാൻ കഴിയാതെ വരുന്നത് പ്രശ്നമാണ്. ചിലപ്പോൾ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നെന്നു വരില്ല. അത് നേരിടാൻ നാം തയ്യാറാകണം. അപൂർണ്ണതകൾക്ക് അല്പം ഇടം നൽകുക; അത് അത്യാവശ്യമാണ്. അത് നിങ്ങളിൽ ക്ഷമ വളർത്തും. ക്ഷമ കൂടുമ്പോൾ ദേഷ്യം കുറയും, ദേഷ്യം കുറഞ്ഞാൽ അക്രമം ഇല്ലാതാകും.
5. സ്നേഹത്തിന് ജ്ഞാനത്തിന്റെ കവചം നൽകുക
നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പെരുമാറുന്നില്ലെങ്കിൽ നിങ്ങൾക്ക് വേദനിക്കും. വഴിയിൽ പോകുന്ന അപരിചിതർ നിങ്ങളെ വേദനിപ്പിക്കാറില്ലല്ലോ! എന്നാൽ പ്രിയപ്പെട്ടവർ ഒന്ന് പുഞ്ചിരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ലെങ്കിൽ നിങ്ങൾ ദുഃഖിതരാകും. സങ്കടം വരുമ്പോൾ മനുഷ്യർ ഉൾവലിയുകയും ഹൃദയം കഠിനമാവുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്നു.
സ്നേഹം വളരെ ലോലമായ വികാരമാണ്; അത് വേഗത്തിൽ മുറിപ്പെടും, പെട്ടെന്ന് തന്നെ വെറുപ്പും ദേഷ്യവും പകയുമായി മാറും. ഈ വികാരം വികൃതമാകാതെ എങ്ങിനെ സംരക്ഷിക്കാം? അതിനുള്ള ഏക വഴി ‘ജ്ഞാനമാണ്’. സ്നേഹത്തിന്റെ പരിശുദ്ധി നിലനിർത്താനും വികാരങ്ങളുടെ വികലതകളിൽ നിന്ന് അതിനെ സംരക്ഷിക്കാനും ജ്ഞാനം സഹായിക്കുന്നു. ജ്ഞാനത്തിന്റെ കവചം ഉള്ളതുകൊണ്ടാണ് പുണ്യപുരുഷന്മാരുടെ സ്നേഹം എപ്പോഴും പവിത്രമായിരിക്കുന്നത്.
സാധനയിൽ ആഴത്തിൽ മുഴുകുമ്പോൾ സ്നേഹത്തിന്റെ അതിസൂക്ഷ്മമായ തലങ്ങൾ നിങ്ങൾക്ക് അനുഭവിക്കാനാകും.
ആരോഗ്യകരമായ ദേഷ്യം വെള്ളത്തിൽ വരയ്ക്കുന്ന വര പോലെ അല്പനേരം മാത്രം നിലനിൽക്കുന്ന ഒന്നാണ്. തെറ്റ് കാണുമ്പോൾ ദേഷ്യം കാണിക്കേണ്ടി വരും, എന്നാൽ അതിൽ നിയന്ത്രണം നഷ്ടപ്പെടുന്നത് ബുദ്ധിയല്ല. നമ്മുടെ സത്വത്തിൽ നിന്ന് നമ്മെ അകറ്റുന്ന വികാരങ്ങളിൽ നിന്ന് ‘സാധന’ മനസ്സിനെ സംരക്ഷിക്കുന്നു.
ദേഷ്യം എപ്പോൾ ഗുണകരമാണ്?
ചിലപ്പോൾ ദേഷ്യം പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതൊരു ആയുധം പോലെ പുറമേ പ്രകടിപ്പിക്കുക മാത്രം മതി. ഉള്ളിൽ ശാന്തനായിരുന്നുകൊണ്ട് തന്നെ ദേഷ്യം അഭിനയിക്കുക. ഇത്തരം ദേഷ്യം നിങ്ങളുടെ രക്തസമ്മർദ്ദം കൂട്ടുകയോ മനസ്സിനെ ചൂടാക്കുകയോ ഇല്ല.
ഒരു അമ്മ പലപ്പോഴും തന്റെ കുട്ടിയെ എന്തെങ്കിലും കാര്യത്തിന് ശകാരിക്കുകയും അതേസമയം അവൾ ഭർത്താവിനെ നോക്കി പുഞ്ചിരിക്കുകയും ചെയ്യാം . അവൾ കോപത്തോടെ ആരെയെങ്കിലും ശകാരിച്ചേക്കാം, മറ്റൊരാളെ നോക്കി സന്തോഷത്തോടെ പുഞ്ചിരിച്ചേക്കാം. അത് അവരുടെ ഉറക്കത്തെയോ ആരോഗ്യത്തെയോ ബാധിക്കില്ല.
മറ്റൊരാളുടെ നന്മക്കു വേണ്ടി കോപിക്കുന്നത് ശരിയാണ്, പക്ഷേ അത് നിങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കുവേണ്ടി ആവരുത് . അത് നിങ്ങൾക്ക് ദോഷം മാത്രമേ വരുത്തൂ. ആരെങ്കിലും നിങ്ങളെ അപമാനിക്കുന്നതിന്റെ പേരിൽ കോപിക്കുന്നത് മറ്റാർക്കുമല്ല നിങ്ങൾക്കു മാത്രമേ ദോഷം വരുത്തുകയുള്ളു . ഒരാളെ ദ്രോഹിക്കാതിരിക്കാൻ വേണ്ടി ആരോടെങ്കിലും കോപിക്കുന്നത് യഥാർത്ഥത്തിൽ പ്രയോജനകരമാണ്.
ബോധപൂർവ്വമായ ഇടപെടൽ
ദേഷ്യം എന്നത് പ്രത്യേകമായ ഒരു ഊർജ്ജമല്ല. സ്നേഹമായും കരുണയായും ദേഷ്യമായും മാറുന്നത് ഒരേ ഊർജ്ജം തന്നെയാണ്. ഒരേ വൈദ്യുതി തന്നെ ഫാനിനും ബൾബിനും ഉപയോഗിക്കുന്നത് പോലെയാണിത്. നിങ്ങളുടെ ബോധം ഉണരുമ്പോൾ കഴിഞ്ഞകാലത്തെ ദേഷ്യം വെറും വിഡ്ഢിത്തമായിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യപ്പെടും.
ജീവിതത്തെ ഒരു വലിയ കാൻവാസിൽ കാണുക. അപ്പോൾ വികാരങ്ങൾ നിങ്ങളെ ശ്വാസം മുട്ടിക്കില്ല. മഹാവിഷ്ണു മധു-കൈടഭന്മാരെ വധിച്ച പുരാണകഥയിൽ, മധു എന്നാൽ ദേഷ്യവും കൈടഭൻ എന്നാൽ വെറുപ്പുമാണ്. ദേവിയുടെ (ബോധത്തിന്റെ) സഹായത്തോടെ സ്നേഹം എന്ന ജലമുപയോഗിച്ചാണ് വിഷ്ണു അവരെ തോൽപ്പിച്ചത്. അതായത്, ബോധം സ്നേഹത്താൽ നിറയുമ്പോൾ ദേഷ്യവും വെറുപ്പും ഇല്ലാതാകുന്നു. അവിടെ ശാശ്വതമായ സ്നേഹം മാത്രം അവശേഷിക്കുന്നു.
ബോധതലത്തെ എങ്ങനെ ഉയർത്താം?
ദേഷ്യം വരുന്നതിന് തൊട്ടുമുമ്പ് ശരീരത്തിൽ ചില മാറ്റങ്ങൾ അനുഭവപ്പെടും – നെറ്റിയിലോ നിങ്ങളുടെ തലയുടെ മുകൾഭാഗത്തോ തലയുടെ പിൻഭാഗത്തോ ഒരു തരിപ്പ്, അല്ലെങ്കിൽ കഴുത്തിലെയും തോളിലെയും പേശികൾ വലിഞ്ഞു മുറുകുന്നത് പോലെ തോന്നാം ചിലപ്പോൾ കഴുത്തിലും തോളിലും നിങ്ങൾക്ക് കുറച്ച് ദൃഢത അനുഭവപ്പെടാം.. ആ നിമിഷം തന്നെ ഈ മാറ്റങ്ങളെ നിരീക്ഷിക്കാൻ പഠിക്കുക. ഇത് ധ്യാനത്തിലൂടെ മാത്രമേ സാധ്യമാകൂ. ആ നിമിഷത്തിൽ തന്നെ ആ സംവേദനങ്ങളെ നിരീക്ഷിക്കാൻ കഴിയുന്നത് ഒരു കഴിവാണ്. ആ സംവേദനങ്ങൾ നിരീക്ഷിക്കുന്നത് നിങ്ങൾ ശീലമാക്കുമ്പോൾ, വളരെ എളുപ്പത്തിൽ നിങ്ങൾക്ക് കോപത്തെ കീഴടക്കാൻ കഴിയും. അതുകൊണ്ടാണ് ധ്യാനം വളരെ പ്രധാനമായിരിക്കുന്നത്. ധ്യാനമല്ലാതെ മറ്റൊന്നുകൊണ്ടും കോപത്തെ മെരുക്കാൻ കഴിയില്ല.
ധ്യാനത്തിന്റെ പ്രവർത്തനം
മുൻപ് നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ അത് ദീർഘനേരം നിലനിൽക്കുമായിരുന്നു. നിങ്ങൾ ഈ അടുത്ത കാലത്താണ് ധ്യാനിക്കാൻ തുടങ്ങിയതെങ്കിൽ ദേഷ്യം ഇപ്പോഴും വരുന്നുണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും, എന്നാൽ അത് വളരെ പെട്ടെന്ന് തന്നെ അടങ്ങുകയും ചെയ്യുന്നു. നാലോ അഞ്ചോ മിനിറ്റിനുള്ളിൽ നിങ്ങളുടെ ദേഷ്യം അപ്രത്യക്ഷമാകുന്നു, അങ്ങനെയല്ലേ? അതെ എന്നാണ് ഉത്തരമെങ്കിൽ, ഇതിനെ പോസിറ്റീവ് ആയ ദിശയിലേക്കുള്ള ഒരു വലിയ ചുവടുവെപ്പായി നിങ്ങൾ കാണണം.
നിങ്ങൾ ധ്യാനിക്കാത്ത ആ പഴയ കാലങ്ങളിൽ നിങ്ങൾക്ക് ദേഷ്യം തോന്നുമ്പോൾ അത് മണിക്കൂറുകളോ ദിവസങ്ങളോ മാസങ്ങളോ ഒരുപക്ഷേ ഒരു വർഷം വരെ പോലും നീണ്ടുനിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പതിവായി ധ്യാനിക്കാൻ തുടങ്ങിയതോടെ ദേഷ്യം അധികനേരം തങ്ങിനിൽക്കുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? കാരണം ദേഷ്യം വരുമ്പോൾ ആ നിമിഷം ശ്രദ്ധ ശ്വാസത്തിലേക്ക് മാറുകയും നിങ്ങൾ നിങ്ങളുടെ ശ്വസനത്തെക്കുറിച്ച് ഓർക്കുകയും ചെയ്യുന്നു – ഇത് നിങ്ങളുടെ ദേഷ്യത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ധ്യാനിച്ചതിന്റെ അനുഭവങ്ങൾ നിങ്ങളെ ഉടനടി ശാന്തവും സമാധാനപരവുമായ ഒരു അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയും ദേഷ്യത്തെ പാതിവഴിയിൽ വെച്ച് തന്നെ തടയുകയും ചെയ്യുന്നു. നിങ്ങൾ ചെയ്യുന്ന ഒരു ധ്യാനവും ഒരിക്കലും പാഴായിപ്പോകില്ല.











